വയലറ്റു പൂക്കൾ - കഥ

നിഷ്കളങ്കമായ ചിരിയും സന്തോഷവും കാണാനാണ് ജോസച്ചാച്ചൻ എല്ലാവർഷവും പിറന്നാളാഘോഷിക്കുന്നത്

പുലരിയിലെ ഇളം വെയിൽ വയലറ്റ് പൂക്കൾ കൊണ്ടലങ്കരിച്ച രണ്ടു കല്ലറകൾക്കും ഭംഗി കൂട്ടി കുറച്ചു വർഷങ്ങളായി എന്റെ പ്രിയപ്പെട്ടവരായിരുന്നു രണ്ടുപേരാണ് ഈകല്ലറകളിൽ ശാന്തമായി ഉറങ്ങുന്നത് എന്റെ പ്രിയപ്പെട്ട   അന്നാമ്മച്ചിയും, ജോസച്ചാച്ചനും 

ഏതാണ്ട് ഒരു പത്തു വർഷമായി അന്നാമച്ചിയും കുടുംബവും എന്റെ സ്വന്തമായിട്ട് .പുതിയ സ്ഥലത്ത് വീടുവച്ച് ഞങ്ങൾ താമസം തുടങ്ങിയിട്ട് കുറച്ചു മാസങ്ങളെആയിരുന്നുള്ളു .എനിക്ക് ചെടികളോടുള്ള ഭ്രാന്ത് പിടിച്ച ഇഷ്ടം കാരണം ആ കുറഞ്ഞ കാലംകൊണ്ടുതന്നെ മുറ്റം നിറയെ ചെടികളായി. ഒരിക്കൽ ഒരു വൈകുന്നേരം ഞാൻ ചെടികൾ നനച്ചുകൊണ്ട് നിൽക്കുന്ന നേരത്താണ്, അന്നാമ്മച്ചി  വീട്ടിലേക്ക് വന്നത്.

എല്ലാ ദിവസവും ഞാൻകുട്ടികളോടൊപ്പം സ്കൂൾ ബസ് കാത്തുനിൽക്കുമ്പോൾ അന്നാമ്മച്ചിയും, ജോസച്ചാച്ചനും പള്ളിയിലെ കഴിഞ്ഞ് പോകുന്നത് കാണാറുണ്ട്. എന്നുംചിരിക്കുമെങ്കിലും സംസാരിച്ചിരുന്നില്ലഅതുവരെ. 

ഞാൻ ഗേയ്റ്റിന് ഇരുപുറവുമായി നട്ടിരുന്ന  വയലറ്റ് ചെമ്പരത്തിയുടെ കമ്പ് ചോദിച്ചുകൊണ്ടായിരുന്നു അന്നാമ്മച്ചി ആദ്യമായി എന്റെ വീട്ടിലേക്ക് വന്നത് . എന്റെ വീട്ടിന്റെ കുറച്ച്അപ്പുറത്തു തന്നെയാണ് അവരുടെവീട് അന്നാമ്മച്ചിക്കും ചെടികളോട് ഭയങ്കര ഇഷ്ടമായിരുന്നു , വയലറ്റ്പൂക്കളുള്ള ചെടികളോടാണ് കൂടുതൽ ഇഷ്ടം. ചെടികളോടുള്ള പ്രണയമാവാം എന്നെയും അന്നാമ്മച്ചിയേയും തമ്മിൽ ഇത്രയധികം അടുപ്പിച്ചത്. എന്നെ ആ വീട്ടിലെ ഒരംഗം തന്നെയാക്കിയത്.

 എന്നും രാവിലെ അന്നാമ്മച്ചിയും , ജോസച്ചാച്ചനും  ആറര മണിയുടെ കുർബാനയ്ക്ക്പോകും . ജോസച്ചാച്ചൻ നേരത്തെ വീട്ടിൽ നിന്നിറങ്ങും അന്നാമ്മച്ചി വീട്ടിലെ ജോലിയൊക്കെ ഒതുക്കി പതിയെ പോകൂ. രണ്ടാൾക്കും ഒരുമിച്ചു പൊയ്കൂടെ എന്ന് ഒരിക്കൽ ഞാൻ അച്ചാച്ചനോട് ചോദിച്ചു.നേരത്തെ ചെന്നാലെ പള്ളിയിലെ ബഞ്ചിൽ ഇരിക്കാൻ സ്ഥലം കിട്ടൂ അച്ചാച്ചൻ ഇരിക്കുന്നതിന്റെ തൊട്ടടുത്തു തന്നെ ഒരു കുടവച്ച് അന്നാമ്മച്ചിക്കുമുള്ള ഇടം കരുതിയിടും. സ്വർഗ്ഗത്തിലും ഞാൻ ആദ്യം ചെന്ന്  ഞങ്ങൾക്കുള്ള സ്ഥലം കണ്ടെത്തി കഴിഞ്ഞേ അന്നാമ്മ അവിടേയ്ക്കെത്തൂ എന്ന് അച്ചാച്ചൻ പറഞ്ഞു.

അന്നാമ്മച്ചിക്ക് നാലുമക്കളാണ് രണ്ടാണും രണ്ടു പെണ്ണും. രണ്ടാൺമക്കളുടെയും ഒരു മകളുടേയും വിവാഹം കഴിഞ്ഞു. കുഞ്ഞുമോളാണ് മൂന്നാമത്തെയാൾ പേരു പോലെ തന്നെ എന്നും ആ വീട്ടിലെ കുഞ്ഞാണവൾ ഓട്ടിസം കൊണ്ട് എന്നും അവിടത്തെ ചെല്ലക്കുട്ടിയായവൾ. ജോസച്ചാച്ചന്റെ രാജകുമാരിയാണ് , കുഞ്ഞുമോളുടേത് ഭാഗ്യമുള്ള ജന്മമാണ് എന്നാണ്അച്ചാച്ചൻ പറയുന്നത് .ജീവിതത്തിന്റെ പ്രാരാപ്തങ്ങളോ , ദുഃഖങ്ങളോ ഒന്നും അറിയാതെ കുഞ്ഞുകാര്യങ്ങളിൽ ഉള്ളുതുറന്ന് സന്തോഷിക്കാൻ കഴിയുന്നൊരു ഭാഗ്യവതി. കുഞ്ഞുമോളുടെ ഇളയ സഹോദരന്റെ മകൻ നാലു വയസ്സുകാരൻ ജോക്കുട്ടനും അവൾ "കുഞ്ഞുമോളാണ്" അവന്റെ കളിക്കൂട്ടുകാരിയും അവൾ തന്നെ. 

അന്നാമ്മച്ചിയുടെ വീട്ടിലെ ഏറ്റവും വലിയ ആഘോഷം കുഞ്ഞുമോളുടെ പിറന്നാളാണ്.എല്ലാ വർഷവും ബന്ധുക്കളേയും സുഹൃത്തുക്കളേയും എല്ലാം ക്ഷണിച്ച് ഗംഭീരമായിട്ടാണ് കുഞ്ഞുമോളുടെ പിറന്നാൾ അവർ ആഘോഷിക്കുന്നത്. അന്നവളെ ചേച്ചിയും നാത്തൂൻമാരും ചേർന്ന് പുത്തനുടുപ്പും ആഭരണങ്ങളും അണിയിച്ച് സുന്ദരിയായി ഒരുക്കും. ഒരിക്കൽ അന്നാമ്മച്ചിയുടെ ഇളയമരുമകൾ കുഞ്ഞുമോളുടെ പുതിയ ഉടുപ്പിനു ചേർന്ന വള അന്വോഷിച്ച് അതുകിട്ടുന്നതുവരെ കടകളായ കടകൾ മുഴുവൻ കയറിയിറങ്ങുന്നതുകണ്ട് എനിക്ക് അത്ഭുതവും, സന്തോഷവും തോന്നി. അവളുടെ കൊച്ചു സന്തോഷങ്ങൾക്കു വേണ്ടി മിനക്കെടാൻ അവരും തയ്യാറാണല്ലോ എന്നോർത്ത്.

പിറന്നാളിന്റെ അന്ന് അവൾ കിട്ടുന്ന സമ്മാനപ്പൊതികൾ കാണുമ്പോഴും അഴിച്ചുനോക്കുമ്പോളുള്ള അവളുടെ നിഷ്കളങ്കമായ ചിരിയും സന്തോഷവും കാണാനാണ് ജോസച്ചാച്ചൻ എല്ലാവർഷവും പിറന്നാളാഘോഷിക്കുന്നത്. ഏത് സന്തോഷത്തിനിടയ്ക്കും ചില കട്ടുറുമ്പുകൾ ഉണ്ടാകുമല്ലോ അതുപോലൊരു കട്ടുറുമ്പ്  ഒരിക്കൽ പറയുന്നതു കേട്ടു "ജോസും, അന്നാമ്മയും ജീവിച്ചിരിക്കുന്നത്രേം കാലം ഇങ്ങനെഒക്കെ ആഘോഷിക്കും അതു കഴിഞ്ഞാൽ ആരു ചെയ്യാൻ ഇങ്ങനൊക്കെ"എന്ന്. ആ വീടിനെ അടുത്തറിയുന്നവർക്ക് അറിയാം അവൾ മരണം വരെ അവിടത്തെ രാജകുമാരി തന്നെയാണെന്ന്.സാധാരണ ബുദ്ധിവൈകല്ല്യമുള്ള കുട്ടികളെ ബാധ്യതയായികണ്ട് ഏതെങ്കിലും ഒരു മുറിയിൽ തളയ്ക്കപ്പെടുകയോ അല്ലെങ്കിൽ ഇത്തരം കുഞ്ഞുങ്ങളെ പാർപ്പിക്കുന്ന ഇടങ്ങളിലേക്ക് തള്ളപ്പെടുകയോഒക്കെ ചെയ്യുന്ന കാഴ്ചകളാണ് കൂടുതലും. എന്നാൽ ആ വീട്ടിൽ എല്ലാവരും ഏറ്റവും പ്രിധാന്യം നൽകുന്നത് കുഞ്ഞുമോളുടെ സന്തോഷങ്ങൾക്കാണ്.

അന്നാമ്മച്ചി നല്ല കൈപ്പുണ്യമുള്ള ഒരു പാചകക്കാരിയാണ് . ഓരോ കറികൾക്കും അന്നാമ്മച്ചിയുടെതായ സ്പെഷൽ രുചികൂട്ടുകളുണ്ട്. തേങ്ങാപ്പാലിൽ വറ്റിച്ചെടുത്ത ഞണ്ടുകറി വെക്കാൻ എന്നെ പഠിപ്പിച്ചു തന്നത് അന്നാമ്മച്ചിയാണ്. വീട്ടിലെ പല സത്ക്കാരങ്ങളിലും അതുണ്ടാക്കിനൽകി ഞാൻ തിളങ്ങാറുണ്ട്. 

മറ്റൊരു ഞണ്ട് അന്നാമ്മച്ചിയെ കാർന്നു തിന്നുന്നത് ആരും അറിഞ്ഞില്ല. ആമാശയത്തിൽ ക്യാൻസറായിരുന്നു. ലാസ്റ്റ് സ്റ്റെയ്ജിലാണ് അത് തിരിച്ചറിഞ്ഞത്. പ്രതീക്ഷയ്ക്ക് വകയില്ലെന്ന് ഡോക്ടർമ്മാർ വിധി എഴുതി എണ്ണപ്പെട്ട കുറച്ചു ദിവസങ്ങൾ . അന്നാമ്മച്ചി മരണത്തിലേക്ക് അടുക്കുകയാണെന്നത് ഉൾക്കൊള്ളാൻ അച്ചാച്ചനെയും മക്കളെയും പോലെതന്നെ എനിക്കും കഴിയുന്നില്ലായിരുന്നു.  അസുഖം തിരിച്ചറിഞ്ഞ്    ഏതാണ്ട് ഒന്നരമാസമായപ്പോൾ തന്നെ അന്നാമ്മച്ചിയുടെ നിലവഷളായി . അബോധാവസ്ഥയിൽ ഐ സി യു വിൽ അന്നാമ്മച്ചി കിടക്കുമ്പോൾ മക്കൾ എത്ര നിർബന്ധിച്ചിട്ടും വീട്ടിൽ പോകാൻ കൂട്ടാക്കാതെ ജോസച്ചാച്ചൻ ആ ഐ സി യുവിന് മുന്നിൽ തന്നെ ഇരുന്നു. 

അന്നാമ്മച്ചി അബോധാവസ്ഥയിൽ തുടരുന്ന രണ്ടാം ദിവസം ഐസിയുവിനു മുന്നിൽ ജോസച്ചാച്ചൻ കുഴഞ്ഞു വീണു. ഹോസ്പിറ്റലിൽ തന്നെ ആയിരുന്നിട്ടും അച്ചാച്ചനെ രക്ഷിക്കാൻ കഴിഞ്ഞില്ല. ആർക്കും ഒരു സൂചനപോലും കൊടുക്കാതെയായിരുന്നു ആ വിയോഗം .ഒരുപക്ഷെ സ്വർഗ്ഗത്തിൽ  ആദ്യം ചെന്ന് ഇടംപിടിച്ചോളാം എന്ന് അന്നാമ്മച്ചിക്ക് കൊടുത്ത വാക്കു പാലിക്കാനായിരുന്നിരിക്കാം . അച്ചാച്ചൻ മരിച്ച് രണ്ടാം ദിവസം തന്റെ പ്രിയപ്പെട്ടവൻ പോയതറിയാതെ അന്നാമ്മച്ചിയും യാത്രയായി.

ഒരു മനസ്സും , ഒരു ശരീരവുമായി ജീവിച്ചവർ എവിടെയും ഒരുമിച്ചു മാത്രം കണ്ടിരുന്നവർ , മരണത്തിലും ഒന്നിച്ചുതന്നെ. ഇന്ന് രണ്ടാളുടെയും നാൽപ്പത്തൊന്നാം ചരമദിനം. ഈ ദിസങ്ങളിലെല്ലാം രണ്ടു പേരുടെയും ഓർമ്മളിൽ എന്റെ മനസ്സ് വങ്ങിപ്പൊട്ടിക്കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ക്രിസ്മസ്സിന് അന്നാമ്മച്ചി എനിക്കു സമ്മാനിച്ച വെള്ളയിൽ വയലറ്റു പൂക്കളുള്ള സാരിയാണ് ഞാൻ ഇന്നുടുത്തത്. ഈ ദിവസം ഉടുക്കാനായി കരുതിയാവുമൊ അന്നാമ്മച്ചി ഇത് എനിക്ക് സമ്മാനിച്ചത്. "നോക്കൂ അന്നാമ്മച്ചി ഈ സാരിയിൽ ഞാൻ നന്നായിട്ടുണ്ടോ " . ഇങ്ങനൊരു ചിന്തവന്നപ്പോൾ അതുവരെ പിടിച്ചു നിർത്തിയിരുന്ന എന്റെ സങ്കടം അണപ്പൊട്ടി ഒഴുകി. ഒരിളം കാറ്റ്  കല്ലറയിലെ വയലറ്റുപൂക്കളിൽ തട്ടിവന്ന് എന്നെയും തഴുകി കടന്നു പോയി..

രമ്യ വിഷ്ണു

അവളുടെ ചുണ്ടിനും അവന്റെ കാതിനുമിടയിൽ

Author
Citizen Journalist

Remya Vishnu

Writer and Entrepreneur

You May Also Like