ബിനാലെ ആർട്ട്റൂമിൽ വൈവിധ്യമാർന്ന ശിൽപശാലകൾ
- Posted on January 21, 2023
- News
- By Goutham Krishna
- 222 Views

കൊച്ചി: ബിനാലെയുടെ എബിസി പ്രോജക്ടിന്റെ ഭാഗമായി ആർട്ട്റൂമിൽ വ്യത്യസ്ത വിഷയങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വൈവിധ്യമാർന്ന ശിൽപശാലകൾ. അന്താരഷ്ട്ര തലത്തിൽ പ്രശസ്തരായവരാണ് ഫോർട്ടുകൊച്ചി കബ്രാൾ യാർഡിൽ നടക്കുന്ന ശിൽപശാലകൾക്ക് നേതൃത്വം നൽകുന്നത്.
എയർ ഇങ്ക് ഉപയോഗിച്ചുള്ള സിൽക്ക് സ്‌ക്രീൻ പ്രിന്റിംഗ് ശിൽപശാല ഇന്ന് (ജനുവരി 22) ആരംഭിക്കും. പ്രശസ്‌ത ജർമ്മൻ ക്രോസ്സ് മീഡിയ ആർട്ടിസ്റ്റും പ്രിന്റ് മേക്കറുമായ ആൻഡ്രിയാസ് ഉൽറിച്ച് നേതൃത്വം നൽകുന്ന ശിൽപശാല 24 വരെ തുടരും. ഡൽഹിയിൽ അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്ന കാർബൺ തരികൾ ശേഖരിച്ച് പ്രിന്റ് മേക്കിംഗിന് ഉപയോഗിക്കുന്നു എന്നത് ശിൽപശാലയുടെ പ്രത്യേകതയാണ്. മലയാളി ആർട്ടിസ്റ്റ് അജ്‌മൽ ഷിഫാസും ഭാഗഭാക്കാകും.
ഈ മാസം 24 മുതൽ 26 വരെ നടക്കുന്ന സോൾഡറിംഗ് ആൻഡ് സർക്യൂട്ട് ബെൻഡിംഗ് ശിൽപശാല ഡ്രെസ്‌ഡനിൽ നിന്നുള്ള സംഗീതജ്ഞനും മീഡിയ ആർട്ടിസ്റ്റുമായ ആൽവിൻ വെബർ നയിക്കും. സോൾഡറിംഗ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളും ശബ്‌ദ ഉപകരണങ്ങളും രൂപകൽപന ചെയ്യാൻ ശിൽപശാലയിൽ പരിശീലനം നൽകും. ആർട്ടിസ്റ്റ് അമിത് വെങ്കട്ടരാമയ്യ ഭാഗഭാക്കാകും.
കളഞ്ഞുകിട്ടുന്ന വസ്തുക്കൾ ഉപയോഗിച്ചുള്ള വെൽഡിംഗ് ശിൽപവിദ്യ ശിൽപശാല ഈ മാസം 27 മുതൽ 29 വരെ നടക്കും. ആർട്ടിസ്റ്റും ക്യൂറേറ്ററുമായ വിവേക് ചൊക്കലിംഗം നേതൃത്വം നൽകും. ത്രിമാന തലത്തിൽ സ്വന്തം ചുറ്റുപാടുകളുടെ ദൃശ്യവത്കരണവും 3 -ഡി സ്‌പേസിലെ സൗന്ദര്യാത്മകതയും സംബന്ധിച്ച് പ്രഭാഷണവുമുണ്ടാകും. ഇതേ ദിവസങ്ങളിൽ ടെറാക്രാഫ്റ്റിസ്റ്റ് കെ ജയൻ നേതൃത്വം നൽകുന്ന കളിമൺപാത്ര നിർമ്മാണ ശിൽപശാലയും നടക്കും.
ചിത്രകാരൻ സുനിൽ ഡി ലിനസ് നയിക്കുന്ന 'ട്രാൻസ്പെരന്റ് വേൾഡ്' വാട്ടർ കളർ പെയിന്റിംഗ് വർക്ക് ഷോപ്പ്, ഇന്ത്യൻ ലേണിംഗ് സൊസൈറ്റി കോൺഫറൻസ് ശിക്ഷാന്തർ സഹസ്ഥാപകൻ മനീഷ് ജെയിൻ നയിക്കുന്ന വിദ്യാഭ്യാസ പുനരാവിഷ്‌കാര ശിൽപശാല 'ചെയ്ഞ്ചിംഗ് ദി ഗെയിം' എന്നിവ ഇന്ന് സമാപിക്കും.
ദിവസവും രാവിലെ 10 മുതൽ നടക്കുന്ന ശിൽപശാലകളിൽ പ്രവേശനം സൗജന്യമാണ്. പങ്കെടുക്കാൻ 9770633845, 9544888562 നമ്പരുകളിൽ ബന്ധപ്പെടാം.
പ്രത്യേക ലേഖകൻ