രാഹുലിന് കിട്ടിയത് പിന്നാക്കക്കാരെ അധിക്ഷേപിച്ചതിനുള്ള ശിക്ഷ: ഒബിസി മോർച്ച.
തിരുവനന്തപുരം : പിന്നാക്കവിഭാഗങ്ങളെ അധിക്ഷേപിച്ചതിനാണ് രാഹുൽ ഗാന്ധിയെ സൂറത്ത് കോടതി ശിക്ഷിച്ചതെന്ന് ബിജെപി ഒബിസി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ എൻപി രാധാകൃഷ്ണൻ. കോടതി വിധിയെ ഒബിസി മോർച്ച സ്വാഗതം ചെയ്യുന്നുവെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഏത് ഉന്നതനായാലും കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടും എന്ന് തെളിയിക്കുന്നതാണ് കോടതി വിധി. കോടതി വിധിയെ തരം താണ രീതിയിൽ അവഹേളിക്കുകയാണ് കോൺഗ്രസും ഇടതുപക്ഷവും ചെയ്യുന്നത്. ഒബിസി വിഭാഗങ്ങളോടുള്ള നിലപാട് എന്താണെന്ന് കോൺഗ്രസ് വ്യക്തമാക്കണം. അടിസ്ഥാന ജനവിഭാഗത്തെ അധിക്ഷേപിച്ചതിനാണ് ശിക്ഷ കിട്ടിയതെന്ന് കോൺഗ്രസും സിപിഎമ്മും മറക്കരുത്. ഭരണഘടനാവകാശം ലംഘിച്ചു എന്ന് പറയുന്നവർ അടിസ്ഥാന വർഗത്തിനും അവകാശങ്ങൾ ഉണ്ട് എന്ന് മനസിലാക്കണം. രാഹുൽ ഗാന്ധി ഇപ്പോഴും പഴയ ഫ്യൂഡൽ പ്രതാപകാലത്താണ് ജീവിക്കുന്നത്. അതിനാലാണ് അപകീർത്തി കേസ് അദ്ദേഹം കാര്യമാക്കാതിരുന്നത്. ജനാധിപത്യ അവകാശം രാഹുൽ ഗാന്ധിക്ക് മാത്രമല്ല പിന്നാക്ക വിഭാഗങ്ങൾക്കും ഉണ്ട് എന്ന് വ്യക്തമാക്കുന്നതാണ് കോടതി വിധി. ഒബിസി വിഭാഗങ്ങളെ അവഹേളിക്കുന്നവർക്കെതിരെ ശക്തമായ പ്രതിഷേധത്തിന് ഒബിസി മോർച്ച ആഹ്വാനം ചെയ്യുന്നുവെന്നും എൻപി രാധാകൃഷ്ണൻ പറഞ്ഞു. ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പൂങ്കുളം സതീഷ് , ജില്ലാ പ്രസിഡന്റ് വിപിൻ തൃപ്പല്ലിയൂർ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
സ്വന്തം ലേഖകൻ.