ആയുസ്സിൽ പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ ഏറെ പിന്നിൽ.
- Posted on April 26, 2023
- News
- By Goutham Krishna
- 236 Views

എല്ലാ കാര്യത്തിലും പുരുഷന്മാര്‍ക്ക് സമൂഹത്തില്‍ ലഭിച്ചുവരുന്ന പ്രത്യേക പരിഗണനകൾ ലിംഗനീതിയെക്കുറിച്ച് സംസാരിക്കുന്നവര്‍ പലപ്പോളും ചൂണ്ടിക്കാട്ടാറുണ്ടെങ്കിലും കഴിയ്ക്കുന്ന ഭക്ഷണത്തില്‍, അടിസ്ഥാന സൗകര്യങ്ങളില്‍, വിദ്യാഭ്യാസത്തിനായുള്ള അവസരത്തില്‍, തൊഴില്‍ അവസരങ്ങളില്‍ ഒക്കെ പുരുഷന്മാര്‍ക്ക് പ്രത്യേക പരിഗണന ലഭിയ്ക്കുന്നു എന്ന ആക്ഷേപം വസ്തുതാപരമായി ശരിയാണ്. ജീവിതത്തിന്റെ പലഘട്ടങ്ങളിലും പല വിധത്തിലുള്ള മുന്‍ഗണനകള്‍ ലഭിച്ചിട്ടും സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യത്തേക്കാള്‍ പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ വലിയ കുറവ് എന്തുകൊണ്ട് ഉണ്ടാകുന്നു എന്നത് പരിഗണന അര്‍ഹിക്കുന്ന ഒരു വിഷയമാണെന്നും. പുരുഷന്മാരുടെ ആരോഗ്യം മാത്രം ശ്രദ്ധിച്ചാല്‍ മതി എന്ന അഭിപ്രായം മാറേണ്ടതുണ്ടെങ്കിലും എന്തുകൊണ്ട് ആണുങ്ങളുടെ ആയുസ് കുറയുന്നു എന്നത് പരിഗണന അര്‍ഹിക്കുന്ന വിഷയമാണെന്നതിലേക്ക് വിരല്‍ ചൂണ്ടുകയാണ് ചില കണക്കുകളും പഠനങ്ങളും. അമേരിക്കയില്‍ സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം 79.1 വയസാണെങ്കില്‍ പുരുഷന്മാരുടേത് ഇത് 73.2 മാത്രമാണ്. 5.9 വര്‍ഷങ്ങളുടെ വ്യത്യാസം എന്നത് വളരെ വലിയ സംഖ്യയാണെന്നതില്‍ സംശയമില്ല. ഏത് പ്രായത്തിലുള്ള സ്ത്രീ പുരുഷന്മാരെ താരതമ്യപ്പെടുത്തിയാലും കൂടുതല്‍ വേഗത്തില്‍ മരണത്തിന് കീഴടങ്ങുന്നത് പുരുഷന്മാരാണെന്നും കണക്കുകള്‍ പറയുന്നു. മറ്റ് ചില കണക്കുകള്‍ കൂടി പരിശോധിക്കാം. കൊവിഡ് 19 വന്ന് മരണപ്പെടാന്‍ സ്ത്രീകളെ അപേക്ഷിച്ച് കൂടുതല്‍ സാധ്യതയുള്ളത് പുരുഷന്മാര്‍ക്കാണ്. കൊവിഡ് മൂലം 100,000 പുരുഷന്മാരില്‍ 140 മരണങ്ങളും 100,000 സ്ത്രീകളില്‍ 87.7 മരണങ്ങളും ആണെന്നാണ് കണക്ക്. പ്രമേഹം മൂലം വളരെ വേഗത്തില്‍ മരണത്തിന് കീഴടങ്ങാനുള്ള സാധ്യത കൂടുതല്‍ പുരുഷന്മാര്‍ക്കാണ്. അര്‍ബുദം ബാധിച്ച് മരണപ്പെടാനുള്ള സാധ്യതയും സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍ക്ക് തന്നെ. പത്ത് വയസ് മുതല്‍ 19 വയസുവരെയുള്ള കുട്ടികളുടെ മരണനിരക്ക് പരിശോധിച്ചാല്‍ ആണ്‍കുട്ടികളുടെ മരണനിരക്ക് വളരെ കൂടുതലാണെന്ന് കാണാം. ആണ്‍കുട്ടികളുടെ മരണനിരക്ക് 100,000ല്‍ 44.5 എന്ന നിലയിലാണെങ്കില്‍ പെണ്‍കുട്ടികളുടെ കാര്യമെടുത്താല്‍ ഇത് 21.3 മാത്രമാണ്. നവജാതശിശുക്കളുടെ കാര്യത്തില്‍പ്പോലും പെണ്‍കുട്ടികളുടെ മരണനിരക്ക് 1000ല്‍ നാല് എന്ന നിരക്കെങ്കില്‍ ആണ്‍കുട്ടികളുടേത് ഇത് 5.87 ആണ്. സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ 2000ല്‍ പുറത്തുവിട്ട കണക്കനുസരിച്ച് പുരുഷന്മാരുടെ ആത്മഹത്യാനിരക്ക് സ്ത്രീകളുടേതിന്റെ നാല് മടങ്ങോളം വരും. വാഹനാപകടങ്ങളില്‍ പൊലിയുന്നതില്‍ 72 ശതമാനത്തോളം ജീവനുകള്‍ പുരുഷന്മാരുടേതാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ ആരോഗ്യ സംവിധാനങ്ങളേയും പരിചരണ വിഭാഗങ്ങളേയും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രയോജനപ്പെടുത്തുന്നതായി മെന്‍ഡ് ഹെല്‍ത്ത് നെറ്റ്വര്‍ക്ക് സഹസ്ഥാപകന്‍ റൊണാള്‍ഡ് ഹെന്‍ഡ്രി വിലയിരുത്തുന്നു. എന്നിരിക്കിലും ആയുര്‍ ദൈർഘ്യത്തിലെ ഈ വലിയ കുറവിന്റെ കാരണങ്ങളെക്കുറിച്ച് ഇപ്പോഴും ധാരാളം സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ശരീരത്തിലെ ഉയര്‍ന്ന ടെസ്റ്റോസ്റ്റീറോണ്‍ അളവ് പാരസൈറ്റ് ഇന്‍ഫക്ഷനുണ്ടാകാന്‍ പുരുഷന്മാരുടെ സാധ്യത വര്‍ധിപ്പിക്കുന്നതായി ചില നിരീക്ഷണങ്ങളുണ്ട്. ഹൃദയ സംബന്ധമായ അസുഖങ്ങളില്‍ നിന്ന് ഈസ്ട്രജനാണ് സ്ത്രീകളെ സംരക്ഷിക്കുന്നതെന്നും വാദമുണ്ടെങ്കിലും ഇതിന് തക്കതായ ശാസ്ത്രീയ വിശദീകരണം ഇതുവരെ ഉണ്ടായിട്ടില്ല. സങ്കടങ്ങള്‍ ഉള്ളിലൊതുക്കാന്‍ ശീലിപ്പിക്കുന്ന ചില സാംസ്‌കാരിക ഘടകങ്ങള്‍ പുരുഷന്മാരുടെ ആത്മഹത്യാ നിരക്ക് വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ടാകാമെന്നാണ് പൊതുവായ വിലയിരുത്തല്‍. മയക്കുമരുന്ന്, മദ്യപാനം, പുകവലി, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിവ പോലുള്ള ശീലങ്ങളിലേക്ക് പുരുഷന്മാര്‍ വളരെ വേഗത്തില്‍ ചെന്ന് എത്തിപ്പെടുന്നതും അവരുടെ ആയുസ് കുറയുന്നതിനുള്ള കാരണമാകാറുണ്ട്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ സ്ഥിരമായി ഡോക്ടര്‍മാരെ കാണുകയും ചെക്കപ്പുകള്‍ നടത്തുകയും ചെയ്യാത്തതും അവരുടെ ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്. തങ്ങളുടെ പ്രത്യുല്‍പാദ വര്‍ഷങ്ങളില്‍ സ്ത്രീകള്‍ ഗൈനക്കോളജിസ്റ്റുകളെ എങ്കിലും സ്ഥിരമായി കാണാറുണ്ടെങ്കിലും പുരുഷന്മാരുടെ കാര്യത്തില്‍ അതുപോലും സംഭവിക്കുന്നില്ല. സ്പോര്‍ട്സ് പരുക്കുകള്‍ക്കും ഉദ്ധാരണശേഷിയിലെ പ്രശ്നങ്ങള്‍ക്കുമാണ് പുരുഷന്മാര്‍ പലപ്പോഴും ഡോക്ടര്‍മാരെ സന്ദര്‍ശിക്കാറുള്ളതെന്ന് ചില സര്‍വെകള്‍ പറയുന്നു. സ്റ്റാമിനയും ലൈംഗിക ശേഷിയുമാണ് പുരുഷന്മാര്‍ പ്രധാനമെന്ന് കരുതുന്ന രണ്ട് കാര്യങ്ങളെന്നും ഇതിന് പുറമേയുള്ള പരിശോധനകള്‍ക്ക് പുരുഷന്മാര്‍ പലപ്പോഴും വിമുഖത കാട്ടാറുണ്ടെന്നും ബോസ്റ്റണിലെ ബ്രിഗാം ആന്റ് വിമന്‍സ് ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിന്‍ ഫിസിഷ്യനും ഹാര്‍വാര്‍ഡ് ഹെല്‍ത്ത് പബ്ലിഷിംഗിലെ ചീഫ് മെഡിക്കല്‍ എഡിറ്ററുമായ ഹോവാര്‍ഡ് ലെവിന്‍ പറഞ്ഞു. സ്ത്രീകളുടെ ആരോഗ്യ പരിപാലനത്തിനായുള്ളത് പോലെ കൃത്യമായ ബോധവത്ക്കരണവും സര്‍ക്കാര്‍ തല പരിപാടികളും പുരുഷന്മാരുടെ ആരോഗ്യ പരിപാലനത്തിന് അനിവാര്യമായ സവിശേഷ സാഹചര്യമാണ് നിലവിലുള്ളത്.