അരങ്ങിനെ അറിയാനും അരങ്ങിൽ അരങ്ങാകാനും സ്ത്രീകൾ : സ്ത്രീ നാടക ശില്‍പ്പശാലയ്ക്ക് തുടക്കമായി

തൃശൂർ: അരങ്ങിനെ അറിഞ്ഞ് അരങ്ങിലെ അമരക്കാരാകാൻ സ്ത്രീകളും. അന്തരാഷ്ട്ര നാടകോത്സവത്തോടനുബന്ധിച്ച് സ്ത്രീ  നാടകക്കളരിക്ക് ഇന്ന് തുടക്കമായി. ദേശീയ സ്ത്രീ നാടക ശില്‍പ്പശാലയ്ക്ക് കിലയില്‍ ഇന്ന് തുടക്കമായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 53 സ്ത്രീകളാണ് ശില്‍പ്പശാലയുടെ ഭാഗമാകുന്നുണ്ട്. നാടകമെന്ന കലയുടെ നൂതനമായ രീതി സമ്പ്രദായങ്ങള്‍ പരിചയപ്പെടുത്തുന്നതിനൊപ്പം നാടക പരിശീലനവും ശില്‍പ്പശാലയുടെ ഭാഗമാണ്. അതിനുശേഷം അന്താരാഷ്ട്ര നാടകോത്സവ വേദി സന്ദര്‍ശിച്ച് നാടകങ്ങള്‍ കാണാനും നാടകത്തിന്റെ ഒരുക്കങ്ങള്‍ നേരിട്ട് മനസിലാക്കാനുമുള്ള അവസരവും അവര്‍ക്ക് ഒരുക്കുന്നുണ്ട്. അഭിനയ, കലാ രംഗത്ത് താത്പര്യമുള്ള സ്ത്രീകള്‍ക്ക് നാടകത്തെ അടുത്തറിഞ്ഞു ആ മേഖലയില്‍ അവര്‍ക്ക് ശോഭിക്കാനുള്ള മികച്ച അവസരം കൂടിയാണ് ഈ ശില്‍പ്പശാല. 

53 വനിതകളില്‍ 30 പേര്‍ കുടുംബശ്രീയുടെ രംഗശ്രീ ടീം അംഗങ്ങളാണ്. കലാ, സാംസ്‌ക്കാരിക മേഖലകളിലെ സ്ത്രീ സാന്നിധ്യം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ രൂപം നല്‍കിയ അയല്‍ക്കൂട്ടാംഗങ്ങളുടെ തിയേറ്റര്‍ ഗ്രൂപ്പുകളാണ് രംഗശ്രീ. ഏഴ് വനിതകള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മറ്റുള്ളവര്‍ കേരളത്തിലെ വിവിധ നാടക ട്രൂപ്പുകളില്‍ നിന്ന് ഉള്‍പ്പെടെ തെരഞ്ഞെടുക്കപ്പെട്ടവരാണ്. പാലക്കാട് അട്ടപ്പാടിയില്‍ നിന്ന് രണ്ട് പട്ടികവര്‍ഗ പിന്നോക്ക യുവതികളും ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നുണ്ട്. അമേച്വര്‍ നാടകങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുതല്‍ വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവര്‍ വരെ ഇതിന്റെ ഭാഗമാണ്. 20 വയസ് മുതല്‍ 50 വയസ് വരെപ്രായമുള്ളവരാണ് ശില്പശാലയില്‍ പങ്കെടുക്കുന്നത്.  ദേശീയ നാടകരംഗത്തെ പ്രഗത്ഭരായ എം.കെ. റെയ്ന, അനുരാധ കപൂര്‍, നീലം മാന്‍സിങ് എന്നിവരാണ് ശില്‍പ്പശാലക്ക് നേതൃത്വം നൽകുന്നത്. ഫെബ്രുവരി 12 വരെ നീണ്ടു നില്‍ക്കുന്ന സ്ത്രീ നാടക ശില്പശാല  എല്ലാദിവസവും രാവിലെ 8 മുതല്‍ 11 വരെയാണ് നടക്കുക. കിലയുടെയും കുടുംബശ്രീയുടെയും  സഹകരണത്തോടെയാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്. ലോക നാടക ചരിത്രത്തിൽ ശക്തമായ ഇടം അടയാളപ്പെടുത്തിയ സവിശേഷ സന്ദർഭത്തിൽ അരങ്ങിലെ സ്ത്രീകളുടെ സാന്നിദ്ധ്യം കൂടുതൽ ശക്തമായി ഉറപ്പാക്കാൻ ഈ ശില്പശാല കൂടി കാരണമാകട്ടെ എന്നാണ് സംഘടകർ കാംക്ഷിക്കുന്നത്.



Author
Citizen Journalist

Goutham Krishna

No description...

You May Also Like