ശ്രീനഗറിലെ പൊലീസ് സ്‌റ്റേഷനിൽ വൻ സ്ഫോടനം
- Posted on November 15, 2025
- News
- By Goutham prakash
- 14 Views
ശ്രീനഗറിലെ പൊലീസ് സ്‌റ്റേഷനിൽ വൻ സ്ഫോടനം; 7 പൊലീസുകാർ കൊല്ലപ്പെട്ടു;27 പേർക്ക് പരുക്ക്.
ശ്രീനഗറിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഏഴു പേർ കൊല്ലപ്പെട്ടു. 27 പേർക്ക് പരുക്ക്. പരുക്കേറ്റവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയർന്നേക്കാം. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തിരിച്ചറിഞ്ഞവ ശ്രീനഗറിലെ പൊലീസ് കൺട്രോൾ റൂമിലേക്ക് മാറ്റി. പരുക്കേറ്റവരിലേറെയും പൊലീസുകാരും ഫൊറൻസിക് സംഘാംഗങ്ങളുമാണ്. മൂന്ന് സാധാരണക്കാരും പരുക്കേറ്റവരിലുണ്ടെന്നാണ് റിപ്പോർട്ട്. ഇവരെ സമീപത്തെ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ഫരീദാബാദിൽ നിന്നും പിടികൂടിക്കൊണ്ടുവന്ന 360 കിലോ സ്ഫോടക വസ്‌തുക്കളിൽ നിന്നും സാംപിളുകൾ എടുത്ത് പരിശോധിക്കുന്നതിനിടെയാണ് അപകടം. രാത്രിയോടെയാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ ശക്തിയിൽ നൗഗാം സ്റ്റേഷൻ കെട്ടിടത്തിന് സാരമായി പരുക്കേറ്റു. ആംബുലൻസിലും പൊലീസ് വാഹനങ്ങളിലുമായി പരുക്കേറ്റവരെ ഉടനടി ആശുപത്രിയിലേക്ക് മാറ്റി. ഡോക്ട്‌ടർ മുസമ്മിൽ ഗനായിയുടെ വാടക വീട്ടിൽ നിന്നും പിടിച്ചെടുത്തതായിരുന്നു സ്ഫോടക വസ്തു.
പൊട്ടിത്തെറിക്ക് പിന്നാലെയുണ്ടായ ചെറുസ്ഫോടനങ്ങൾ ഉദ്യോഗസ്ഥർ നിർവീര്യമാക്കി. കേസ് റജിസ്റ്റർ ചെയ്തത് നൗഗാമിലായതിനാൽ പിടിച്ചെടുത്ത സ്ഫോടക വസ്‌തുക്കളിൽ ഭൂരിഭാഗവും സൂക്ഷിച്ചത് സ്റ്റേഷനുള്ളിലായിരുന്നു. ബൺപോറ, നൗഗാം എന്നിവിടങ്ങളിൽ ഒക്ടോബർ പകുതിയോടെ പ്രത്യക്ഷപ്പെട്ട പോസ്‌റ്ററുകളിൽ നിന്നാണ് വൈറ്റ് കോളർ ഭീകര സംഘത്തെ കുറിച്ചുള്ള
സംശയങ്ങൾ ഉടലെടുത്തത്. തുടർന്ന് നടത്തിയ അന്വേഷത്തിലാണ് ഫരീദാബാദിൽ നിന്നും മൂന്ന് ഡോക്ടർമാർ അടങ്ങുന്ന സംഘത്തെ ശ്രീനഗർ പൊലീസ് പിടികൂടിയതും വൻ സ്ഫോടക ശേഖരം കണ്ടെത്തിയതും. ഇതിന് മണിക്കൂറുകൾക്ക് ശേഷം ചെങ്കോട്ടയിൽ ഇവരുടെ സംഘാംഗമായ ഡോക്ടർ ഉമർനബി ചാവേർ സ്ഫോടനം നടത്തി. ഈ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട തുടരന്വേഷണം നടന്നുവരുന്നതിനിടെയാണ് ശ്രീനഗറിലെ സ്ഫോടനവും. ഫരീദാബാദിലെ അൽ ഫല സർവകലാശാല കേന്ദ്രമാക്കിയാണ് ഡോക്ടർമാരുടെ സംഘം പ്രവർത്തിച്ചിരുന്നത്. ഇവിടെ നിന്നും 360 കിലോ അമോണിയം നൈട്രേറ്റിന് പുറമെ 2900 കിലോയോളം കുഴിബോംബ് നിർമിക്കാനാവശ്യമായ വസ്‌തുക്കളും കണ്ടെത്തിയിരുന്നു.
