വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം : അക്കാദമിയുടെ ബുക്‌സ് സ്റ്റാള്‍ മന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും
- Posted on July 21, 2025
- News
- By Goutham prakash
- 80 Views

*സ്വന്തം ലേഖകൻ*
കേരള സംഗീത നാടക അക്കാദമിയുടെ ചിരകാല സ്വപ്നമായിരുന്ന ബുക്‌സ് സ്റ്റാള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഇന്ന്(ജൂലൈ 21) നാടിന് സമര്‍പ്പിക്കും. അക്കാദമി കോമ്പൗണ്ടിലാണ് പുതിയ ബുക്‌സ് സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്. കേരള സംഗീത നാടക അക്കാദമി 1958 ഏപ്രില്‍ 26 ന് രൂപീകൃതമായതെങ്കിലും 1964 മുതലാണ് അക്കാദമിയില്‍ പുസ്തകപ്രസിദ്ധീകരണം ആരംഭിച്ചത്. എങ്കിലും നാളിതുവരെയായി അക്കാദമിക്ക് പുസ്തകങ്ങള്‍ വില്‍ക്കാന്‍ മാത്രം സ്വന്തമായി ബുക്‌സ് സ്റ്റാള്‍ ഉണ്ടായിരുന്നില്ല. അക്കാദമി ഓഫീസ് വഴിയും ഓണ്‍ലൈന്‍ വഴിയും അക്കാദമി നടത്തുന്ന വിവിധ പരിപാടികള്‍ വഴിയുമാണ് പുസ്തകവില്പന നടത്തിയിരുന്നത്. കേരളത്തില്‍ കലാസംബന്ധിയായ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ആധികാരിക സ്ഥാപനമാണ് സംഗീത നാടക അക്കാദമി. കലാഗവേഷകരും കലാവിദ്യാര്‍ത്ഥികളും കലാസംബന്ധിയായ പുസ്തകങ്ങള്‍ക്ക് വേണ്ടി ആശ്രയിക്കുന്നത് അക്കാദമിയെയാണ്. 1964 ല്‍ കാവാലം നാരായണപ്പണിക്കര്‍ സെക്രട്ടറി ആയിരുന്നപ്പോള്‍ എണ്ണപ്പാടം വെങ്കിട രാമഭാഗവതര്‍ എഴുതിയ വെങ്കിട്ട രമണീയം ആണ് അക്കാദമി പ്രസിദ്ധീകരിച്ച ആദ്യ പുസ്തകം.നാളിതുവരെയായി കലയുടെ വിവിധ ശാഖകളില്‍പ്പെടുന്ന 78 പുസ്തകങ്ങളാണ് അക്കാദമി പ്രസിദ്ധീകരിച്ചിട്ടുള്ളത്. പുതുതായി എട്ടോളം പുസ്തകങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലുമാണ് അക്കാദമി.അക്കാദമിയുടെ മുഖമാസികയായ കേളിയും ബുക്‌സ് സ്റ്റാളില്‍ ലഭിക്കും.കേരളത്തിലെ ഏക ആര്‍ട്ട് ജേര്‍ണലാണ് കേളി മാസിക.പുസ്തകങ്ങള്‍ക്ക് 20 ശതമാനം മുതല്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ടാണ് അക്കാദമി നല്‍കുന്നത്.പ്രസന്നയുടെ ഇന്ത്യന്‍ മെത്തേഡ് ഓഫ് ആക്ടിംഗിന്റെ മലയാള പരിഭാഷയും കേരള സംഗീത നാടക അക്കാദമിയുടെ ചരിത്രവും ബെര്‍തോള്‍ട് ബ്രെഹ്റ്റിന്റെ സമ്പൂര്‍ണ്ണ നാടകങ്ങളുടെ മലയാള പരിഭാഷയുമാണ് അക്കാദമിയുടെ പ്രസാധനത്തിലെ വരാനിരിക്കുന്ന പ്രധാന പ്രോജക്ടുകള്‍
ഇന്ന് രാവിലെ 10.50 ന് അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ബുക്‌സ് സ്റ്റാള്‍ ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദുവും ചടങ്ങില്‍ സംബന്ധിക്കും.