ക്ഷീരഗ്രാമം പദ്ധതി കൂടുതൽ ഇടങ്ങളിൽ നടപ്പിലാക്കും : മന്ത്രി ജെ.ചിഞ്ചുറാണി

തൃശൂർ: സംസ്ഥാനത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ക്ഷീരഗ്രാമം പദ്ധതി കൂടുതൽ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. തൃശൂർ മണ്ണുത്തിയിൽ നടക്കുന്ന സംസ്ഥാന ക്ഷീരസംഗമത്തോടനുബന്ധിച്ച് മാടക്കത്തറ പഞ്ചായത്തിൽ അനുവദിച്ച ക്ഷീരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ വർഷം 20 പഞ്ചായത്തുകൾക്ക് 50 ലക്ഷം രൂപ വീതം വെച്ച് 10 കോടി രൂപയാണ് ക്ഷീരഗ്രാമം പദ്ധതിയ്ക്കായി നീക്കിവെച്ചിരിക്കുന്നത്. പശുക്കളെ വാങ്ങുക, തൊഴുത്ത് നിർമ്മാണം, ക്ഷീരമേഖല യന്ത്രവൽക്കരണം, തീറ്റപ്പുല്ല് വളർത്തൽ തുടങ്ങിയവ ഉൾപ്പെടുന്ന പദ്ധതിയ്ക്ക് മികച്ച പ്രതികരണമാണ് ഗുണഭോക്താക്കളിൽ നിന്നും ലഭിക്കുന്നത്. അതുകൊണ്ട് അടുത്ത വർഷം മുതൽ കൂടുതൽ ഇടങ്ങളിലേക്ക് പദ്ധതി വ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ 84 കറവപ്പശുക്കളെ വാങ്ങുന്നതിനുള്ള അനുമതിപത്രം മന്ത്രിമാരായ ജെ.ചിഞ്ചുറാണി, റവന്യൂ മന്ത്രി അഡ്വ.കെ രാജൻ എന്നിവർ കർഷകർക്ക് കൈമാറി.
സംസ്ഥാനകത്ത് തന്നെ കൂടുതൽ തനത് പശുക്കളേയും സങ്കരയിനം പശുക്കളേയും ഉൽപ്പാദിപ്പിക്കാനുള്ള പ്രത്യുൽപ്പാദന നടപടികൾ കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് വഴി സ്വീകരിച്ചു വരികയാണെന്നും ഇതിലൂടെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പശുക്കളുടെ ഇറക്കുമതി കുറയ്കാനാകുമെന്നും മന്ത്രി ജെ.ചിഞ്ചുറാണി കൂട്ടിച്ചേർത്തു. സംസ്ഥാന ക്ഷീരസംഗമം ചെയർമാൻ കൂടിയായ റവന്യൂമന്ത്രി അഡ്വ. കെ.രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം പി.എസ് വിനയൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ സുരേഷ് ബാബു, കെ.പി പ്രശാന്ത്, പുഷ്പ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രത്യേക ലേഖകൻ