പുതു വിദ്യാഭ്യാസവർഷത്തിലേക്ക്

 സി.ഡി. സുനീഷ് 



2024 ജൂലൈ ഒന്നിനാണ് കേരളത്തിൽ ആദ്യമായി, സംസ്ഥാനത്തെ എട്ട് സർവ്വകലാശാലാ ക്യാമ്പസുകളിലും തൊള്ളായിരത്തോളം  കോളേജുകളിലുമായി, നാലുവർഷ ബിരുദം ആരംഭിച്ചത്. ഒരു വർഷം പിന്നിടുമ്പോൾ അക്കാദമിക് സമൂഹം വലിയ ആവേശത്തോടെ ഈ പദ്ധതിയെ സ്വീകരിച്ചതാണ് നമ്മുടെ അനുഭവം. 


കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബ് ആക്കി മാറ്റുകയെന്ന ലക്ഷ്യത്തിനായി, കൂടുതൽ അതിനെ വിപുലമാക്കുന്നതിനുള്ള ആസൂത്രണങ്ങളോടെ പുതിയ കലാലയ വർഷം ആരംഭിക്കുകയാണ്. നിലവിലെ വിദ്യാർത്ഥികൾ ആദ്യ രണ്ടു സെമസ്റ്ററുകൾ പൂർത്തീകരിച്ച് രണ്ടാംവർഷത്തിലേക്ക് കടക്കുകയുമാണ്. 


ചരിത്രത്തിലാദ്യമായി, പരീക്ഷ കഴിഞ്ഞു അടുത്ത സെമസ്റ്റർ തുടങ്ങുന്നതിനു മുമ്പുതന്നെ ഫലപ്രഖ്യാപനം എന്ന മാറ്റം യാഥാർത്ഥ്യമാക്കിക്കൊണ്ടാണ് നാലുവർഷ ബിരുദം.ആരംഭിച്ചതിൽ പിന്നെയുള്ള വിദ്യാഭ്യാസവർഷം പിറക്കുന്നത്. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കൂടുതൽ മെച്ചപ്പെട്ടതും ഗുണപരമായതും വഴക്കം (flexibility) സാദ്ധ്യമായതുമായ ഉന്നതവിദ്യാഭ്യാസ വർഷം ഉറപ്പാക്കിയാണ് പുതുവർഷത്തിലേക്ക് നാം പ്രവേശിക്കുന്നത്. വിദ്യാർത്ഥികളുടെ അന്തർ സർവ്വകലാശാല-കോളേജ് മാറ്റം, മേജർ-മൈനർ മാറ്റം, രണ്ടര വർഷം കൊണ്ട് ബിരുദം പൂർത്തിയാക്കുന്ന തരത്തിലുള്ള എൻ മൈനസ് വൺ സെമസ്റ്റർ സംവിധാനം തുടങ്ങിയ വിദ്യാർത്ഥി സൗഹൃദ പദ്ധതികൾ പ്രാവർത്തികമാക്കിക്കൊണ്ടാവും പുതിയ അക്കാദമിക വർഷം. പരീക്ഷയും ഫലപ്രഖ്യാപനവുമുൾപ്പെടെയുള്ള കാര്യങ്ങളിൽ ഏകീകൃതസ്വഭാവം കൈവരുത്തുന്ന ഏകീകൃത അക്കാദമിക് കലണ്ടർ വഴി വിദ്യാർത്ഥിസമൂഹത്തിൻ്റെ ദീർഘകാല ആവശ്യം നാം ഇതിനകം നിറവേറ്റിക്കഴിഞ്ഞു. അന്തര്‍ സര്‍വ്വകലാശാല മാറ്റത്തിനുള്ള അവസരം തുറന്നതോടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളടക്കം വർദ്ധിതമായ തോതിൽ സംസ്ഥാനത്തേക്ക് വരുന്നതിൻ്റെ ആവേശകരമായ കാഴ്ചകൂടി പുതിയ അക്കാദമിക് വർഷത്തിനുണ്ട്. എൺപത്തൊന്ന് രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തറുനൂറോളം വിദ്യാർത്ഥികൾ കേരള സർവ്വകലാശാലയിൽ മാത്രംതന്നെ ഈ അക്കാദമിക വർഷം പ്രവേശനം തേടിയത് ഉദാഹരണം. 


പുതുപ്രവേശനത്തോടെ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട കോഴ്സുകൾ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി പുതിയ മൈനർ കോഴ്സുകൾ തയ്യാറായിട്ടുണ്ട്. നൂതനവും, തൊഴിലും നൈപുണിയും ഉറപ്പു വരുത്തുന്നതും, മേജർ വിഷയ പഠനത്തെ ആഴത്തിലാക്കാൻ സഹായിക്കുന്ന തരത്തിലുമുള്ള പുതിയ കോഴ്സുകളാണ് തയ്യാറായിരിക്കുന്നത്. രാജ്യത്തെ മികച്ച സ്ഥാപനങ്ങളിൽ ലഭിക്കുന്ന തരത്തിലുള്ള കോഴ്സുകൾ കേരളത്തിലെ കലാലയങ്ങളിലും ലഭ്യമാക്കുകയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇതു വഴി.   



ഇങ്ങനെ, കൂടുതൽ വിദ്യാർത്ഥി സൗഹൃദപരമായ കരിക്കുലവും സിലബസും ഉറപ്പാക്കി, ജ്ഞാനത്തോടൊപ്പം നൈപുണിയും അഭിരുചിയും ഉറപ്പുവരുത്തുന്ന സംവിധാനമൊരുക്കിക്കൊണ്ട്, നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് നവാഗതരെ വരവേല്ക്കുകയാണ് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ക്യാമ്പസുകൾ. വർണ്ണാഭമായ വിജ്ഞാനോത്സവത്തോടെയാണ് നവാഗതർക്ക് വരവേല്പ് ഒരുക്കിയിരിക്കുന്നത്.


നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ 2025-26 ബാച്ചിന്റെ ക്ലാസ്സ് ആരംഭിക്കുന്ന 2025 ജൂലൈ ഒന്നിന് മുഴുവന്‍ സര്‍ക്കാര്‍ /എയ്ഡഡ്/സ്വാശ്രയ കോളേജുകളിലും വിജ്ഞാനോത്സവം അരങ്ങേറും. വിജ്ഞാനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 2025 ജൂലൈ ഒന്നിന് രാവിലെ പത്തു മണിയ്ക്ക് കോഴിക്കോട് സര്‍ക്കാര്‍ ആര്‍ട്സ് & സയന്‍സ് കോളേജില്‍ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിക്കും. വിജ്ഞാനോത്സവ ദിനത്തിൽ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിപുലമായ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. 


എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതിനായി രൂപീകരിച്ച, അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അനദ്ധ്യാപക ജീവനക്കാരും രക്ഷിതാക്കളും അടങ്ങുന്ന സ്വാഗതസംഘത്തിൻ്റെ നേതൃത്വത്തിലാണ് വിജ്ഞാനോത്സവ പരിപാടികൾ നടക്കുക. ജനപ്രതിനിധികള്‍, പ്രദേശവാസികള്‍, അക്കാദമിക വിദഗ്ദ്ധര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ഓരോ സ്ഥാപനതലത്തിലും ഉദ്ഘാടന പരിപാടികൾ തയ്യാറായിട്ടുള്ളത്.


സംസ്ഥാനതല വിജ്ഞാനോത്സവ ഉദ്ഘാടന പരിപാടി ഓണ്‍ലൈനായി മുഴുവന്‍ കോളേജുകളിലും സംപ്രേഷണം ചെയ്യുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യും. രാവിലെ പത്തു മണിയ്ക്ക് സംസ്ഥാനതല ഉദ്ഘാടന പരിപാടി പൂര്‍ത്തീകരിച്ച ഉടന്‍തന്നെ സ്ഥാപനതല ഉദ്ഘാടന പരിപാടികൾ ആരംഭിക്കും. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വരുമ്പോള്‍ അവരെ സ്വീകരിക്കുന്ന വിധത്തിൽ ആകര്‍ഷകമായ പരിപാടികൾ സ്ഥാപനങ്ങളിൽ അരങ്ങേറും. ഉദ്ഘാടന സെഷന് മുമ്പും ശേഷവുമായുള്ള ഉചിതമായ സമയങ്ങളിൽ കലാപരിപാടികളും നടക്കും.


കേരളത്തിൻ്റെ കലാലയങ്ങളിൽ ഒരു യുഗപരിവർത്തനമാണ് നാലുവർഷ ബിരുദത്തിലേക്കു കൂടി പ്രവേശിച്ചതോടെ ഉണ്ടായിരിക്കുന്നത്. ഈ മാറ്റങ്ങൾ രക്ഷാകർത്താക്കൾ അടക്കമുള്ള പൊതുസമൂഹത്തിലേക്ക് എത്തിക്കാനും അവയുടെ ഗുണഫലങ്ങളെക്കുറിച്ച് അവരിൽ അവബോധം വർദ്ധിപ്പിക്കാനും മാധ്യമങ്ങളുടെ കലവറയില്ലാത്ത പിന്തുണ അഭ്യർത്ഥിക്കുന്നു.

Author
Citizen Journalist

Goutham prakash

No description...

You May Also Like