മണ്ണിടിച്ചില്‍ നേരിടാന്‍ തോട്ടങ്ങളില്‍ കാലാവസ്ഥാ പ്രവചന സംവിധാനങ്ങള്‍ സ്ഥാപിച്ച് ഹാരിസണ്‍സ് മലയാളം

സ്വന്തം ലേഖകൻ


കല്‍പ്പറ്റ: വയനാട്ടിലെ തേയിലത്തോട്ടങ്ങളില്‍ കാലാവസ്ഥാവ പ്രവചന സംവിധാനങ്ങള്‍ സ്ഥാപിച്ച് ഹാരിസണ്‍സ് മലയാളം. മണ്ണിടിച്ചില്‍ അപകടസാധ്യത കുറയ്ക്കാനാണ് ഈ പദ്ധതിയിലൂടെ ഹാരിസണ്‍സ് ലക്ഷ്യമിടുന്നത്. ചൂരല്‍മല, മുണ്ടക്കൈ ഉള്‍പ്പെടെ പ്രദേശങ്ങള്‍ ഇതിന്റെ പരിധിയില്‍ വരും. ബെംഗലുരുവിലെ അഗ്രിഹോക്ക് ടെക്‌നോളജീസുമായി ചേര്‍ന്നാണ് തേയിലത്തോട്ടളില്‍ കാലാവസ്ഥാ പ്രവചന സംവിധാനങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്.  


മണ്ണിടിച്ചിലുണ്ടായ സെന്റിനല്‍ റോക്ക് എസ്റ്റേറ്റ് ഉള്‍പ്പെടെ 11 തോട്ടങ്ങളിലായി 35 ഫൈല്ലോ കാലാവസ്ഥാ സംവിധാനങ്ങളാണ് ആദ്യഘട്ടത്തില്‍ സ്ഥാപിക്കുന്നത്. ഇതുവഴി ദുരന്ത നിവാരണ അതോറിറ്റിക്കും എസ്റ്റേറ്റ് മാനേജര്‍മാര്‍ക്കും മുന്‍കൂര്‍ മുന്നറിയിപ്പുകളും റിയല്‍ ടൈം കാലാവസ്ഥാ വിവരങ്ങളും ലഭ്യമാകും. സര്‍ക്കാര്‍ സംവിധാനങ്ങളുമായി  സഹകരിച്ചുള്ള രണ്ടാം ഘട്ടത്തില്‍ 25 കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങള്‍ കൂടി സ്ഥാപിക്കും. അപകടസാധ്യത കൈകാര്യം ചെയ്യുന്നതിനും ഇപ്പൊഴത്തെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്കും വേണ്ടിയാണിതെന്ന് ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് സിഇഒ ചെറിയാന്‍ എം. ജോര്‍ജ്ജ് പറഞ്ഞു.


മണ്ണിടിച്ചില്‍ ബാധിച്ച  തൊഴിലാളികളെയും കുടുംബങ്ങളെയും സഹായിക്കുന്നതിനായി രാജഗിരി ട്രാന്‍സെന്‍ഡുമായും  (രാജഗിരി സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ്) വിവിധ എന്‍ജിഒകളുമായും സഹകരിച്ചു എച്ച്എംഎല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജില്ല ദുരന്ത നിവാരണ അതോറിറ്റിയുമായി ചേര്‍ന്ന് മെയ് മാസത്തില്‍  ഈ പ്രദേശത്ത് മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍ ശക്തിപ്പെടുത്താന്‍ കരുതല്‍ കെയര്‍ എന്ന പരിപാടി ആരംഭിച്ചു.


കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സെന്റിനല്‍ റോക്ക് എസ്റ്റേറ്റിലെ ചൂരല്‍മൂല, മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ മണ്ണിടിച്ചിലില്‍ 13 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ കണക്കാക്കപ്പെട്ടിരുന്നു. തേയിലത്തോട്ടങ്ങള്‍, തൊഴിലാളി ലയങ്ങള്‍, ജലവിതരണ സംവിധാനങ്ങള്‍, ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ നാശനഷ്ടങ്ങള്‍  ഇതില്‍ ഉള്‍പ്പെടുന്നു. നിയന്ത്രിത രീതിയില്‍ നിലവില്‍ ഈ എസ്റ്റേറ്റ് ഇപ്പോള്‍ 40 ശതമാനം ശേഷിയിലാണ് പ്രവര്‍ത്തിക്കുന്നത്.

Author
Citizen Journalist

Goutham prakash

No description...

You May Also Like