സ്വയം വിശ്വാസമുണ്ടെങ്കില്‍ ഒരാള്‍ക്കും മാറ്റിനിര്‍ത്താനാകില്ല: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സ്വയം വിശ്വാസമുണ്ടെങ്കില്‍ ഒരാള്‍ക്കും ആരേയും മാറ്റിനിര്‍ത്താനാകില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിശ്വാസമുണ്ടെങ്കില്‍ ഒരാള്‍ക്കും പിന്നോട്ട് നിര്‍ത്താനുമാകില്ല. മാറ്റം നിങ്ങളില്‍ നിന്നുമുണ്ടാകണം. ലോകത്തെ മാറ്റാന്‍ ഓരോരുത്തര്‍ക്കും കഴിയും. പ്രതിഭ 2024 ക്യാമ്പിലൂടെ വനിതകള്‍ക്ക് സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ് സമൂഹത്തില്‍ സജീവ പങ്കാളിത്തം വഹിക്കാന്‍ കഴിയും. അവര്‍ ഭാവിയിലെ നേതാക്കളായി മാറുമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്തെ ഭാവി വനിതാ നേതാക്കളെ വാര്‍ത്തെടുക്കുന്നതിനായി വനിതാ വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച പ്രതിഭ-2024 ഫ്യൂച്ചര്‍ വിമന്‍ ലീഡേഴ്‌സ് ഗ്രൂമിങ് പ്രോഗ്രാം, ദശദിന നേതൃത്വ വികസന ക്യാമ്പ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ഗ്രിഗോറിയോസ് റിന്യൂവല്‍ സെന്ററില്‍ നടന്ന ക്യാമ്പില്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, വനിതാ ശിശു വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ് എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിക്കുകയും വിദ്യാര്‍ഥിനികളോട് സംസാരിക്കുകയും ചെയ്തു. സാമൂഹ്യ-രാഷ്ട്രീയ-ഭരണ മേഖലകളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനും നേതൃത്വ സ്ഥാനങ്ങളിലേക്ക് ഉയരുവാന്‍ അവരെ പ്രാപ്തരാക്കുന്നതിനുമാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്. സംസ്ഥാനത്തെ വിവിധ കോളേജുകളിലെ തെരഞ്ഞെടുത്ത അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനികളാണ് ക്യാമ്പില്‍ പങ്കെടുത്ത്. ഡിസംബര്‍ 27നാണ് ക്യാമ്പ് ആരംഭിച്ചത്. തിരുവനന്തപുരം ജില്ലയിലാണ് ആദ്യ ബാച്ച് ആരംഭിച്ചത്. ക്യാമ്പ് ജനുവരി അഞ്ചിന് അവസാനിക്കും. വനിതാ വികസന കോര്‍പ്പറേഷന്‍ എംഡി ബിന്ദു വി.സി ക്യാമ്പിന് നേതൃത്വം നല്‍കി.


10 ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ വിവിധ മേഖലകളില്‍ നിന്നുള്ള റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, പ്രമുഖ വനിതാ നേതാക്കള്‍, അക്കാദമിക വിദഗ്ധര്‍ എന്നിവര്‍ പരിശീലന സെഷനുകള്‍ നയിച്ചു. സാമ്പത്തിക സാക്ഷരത, നിയമപരമായ അവകാശങ്ങള്‍, നേതൃത്വ വികസനം, ലിംഗസമത്വം തുടങ്ങിയ വിഷയങ്ങളില്‍ വിപുലമായ പരിശീലനം പങ്കെടുക്കുന്നവര്‍ക്ക് ലഭിച്ചു.






സി.ഡി. സുനീഷ്.


Author
Citizen Journalist

Goutham prakash

No description...

You May Also Like