താലൂക്ക്തല അദാലത്തില്‍ പഞ്ചായത്ത്, വില്ലേജ് ഓഫീസുകളില്‍ നേരിട്ട് പരാതി നല്‍കാം: മന്ത്രി ജി. ആര്‍. അനില്‍.

തിരുവനന്തപുരം : തിരുവനന്തപുരം താലൂക്കില്‍ എസ്എംവി സ്‌കൂള്‍ അദാലത്ത് വേദിയാകും. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി മെയ് 2 മുതല്‍ 11 വരെ നടക്കുന്ന താലൂക്ക്തല അദാലത്തില്‍ പഞ്ചായത്ത്, വില്ലേജ് ഓഫീസുകളില്‍ നേരിട്ട് പരാതി നല്‍കാന്‍ അവസരമുണ്ടെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. തിരുവനന്തപുരം താലൂക്ക് തല അദാലത്തിന്റെ സംഘാടക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ലഭിക്കുന്ന അപേക്ഷകള്‍ ഓണ്‍ലൈനായി ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിക്ക് അയയ്ക്കണം. അദാലത്ത് ജനകീയമാക്കാന്‍ താഴെ തട്ടില്‍ പ്രചരണം നടത്തണം. അദാലത്ത് വിജയകരമാക്കാന്‍ ഉദ്യോഗസ്ഥരുടെ സഹകരണം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം എസ് എം വി സ്‌കൂളാണ് അദാലത്ത് വേദിയായി നിശ്ചയിച്ചിരിക്കുന്നത്. അദാലത്തുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ സംശയങ്ങള്‍ക്ക് മന്ത്രിമാര്‍ മറുപടി നല്‍കി. സംഘാടക സമിതി രക്ഷാധികാരികളായി മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, ആന്റണി രാജു എന്നിവരെ നിശ്ചയിച്ചു. എംപി മാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, മേയര്‍ ആര്യ രാജേന്ദ്രന്‍, എം എല്‍ എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ സംഘാടക സമിതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അദാലത്തുമായി ബന്ധപ്പെട്ട്  തിരുവനന്തപുരം ജില്ലയുടെ 'കരുതലും കൈത്താങ്ങും' ലോഗോ പ്രകാശനം ചെയ്തു. മന്ത്രി ആന്റണി രാജു, വട്ടിയൂര്‍ക്കാവ് എം എല്‍ എ വി കെ പ്രശാന്ത്, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ജില്ലാ, താലൂക്ക് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. അദാലത്തുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കര താലൂക്കിലും സംഘാടക സമിതി യോഗം ചേര്‍ന്നു. യോഗത്തില്‍ എംഎല്‍മാരായ സി.കെ ഹരീന്ദ്രന്‍, കെ ആന്‍സലന്‍ എന്നിവര്‍ പങ്കെടുത്തു. അദാലത്ത് സമിതി രക്ഷാധികാരികളായി എംഎല്‍മാരായ സി.കെ ഹരീന്ദ്രന്‍, കെ ആന്‍സലന്‍, എം വിന്‍സന്റ് എന്നിവരെ തെരഞ്ഞെടുത്തു.

സ്വന്തം ലേഖകൻ.

Author
Citizen Journalist

Goutham Krishna

No description...

You May Also Like