വയനാട് വഴിയുള്ള മൈസൂർ യാത്ര ഒഴിവാക്കണം; ജനങ്ങളോട് കണ്ണൂർ ജില്ലാ ഭരണകൂടം
- Posted on July 31, 2024
- News
- By Arpana S Prasad
- 322 Views
വയനാട് വഴി പോകുന്നതിന് പകരം ഇരിട്ടി- കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യണമെന്നാണ് അധികൃതരുടെ നിർദേശം.
മൈസൂരിലേക്ക് യാത്ര ചെയ്യുന്നവർ വയനാട് വഴിയുള്ള യാത്ര ഒഴിവാക്കി ഇരിട്ടി- കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യണമെന്ന് അറിയിച്ച് കണ്ണൂർ ജില്ലാ ഭരണകൂടം. വയനാട് വഴി പോകുന്നതിന് പകരം ഇരിട്ടി- കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യണമെന്നാണ് അധികൃതരുടെ നിർദേശം. ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ വേഗത്തിൽ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാനാണ് ഗതാഗത നിയന്ത്രണമേർപ്പെടുത്തിയത്.
വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങൾക്ക് ഒഴികെ മറ്റുള്ള വാഹനങ്ങൾക്ക് കഴിഞ്ഞ ദിവസം മുതൽ തന്നെ നിയന്ത്രണം ഇത്തരത്തിൽ ഏർപ്പെടുത്തിയിരുന്നു. അതേസമയം താമരശേരി ചുരം പാതയിൽ രണ്ടാം വളവിന് താഴെ പത്ത് മീറ്ററിലധികം നീളത്തിൽ കഴിഞ്ഞ ദിവസം രാത്രി ഒരു വിള്ളൽ പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്ന് ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. രണ്ടാം വളവ് എത്തുന്നതിന് മുമ്പുള്ള വളവിൽ റോഡിന്റെ ഇടത് വശത്തോട് ചേർന്നാണ് നീളത്തിൽ വിള്ളൽ കണ്ടെത്തിയത്.
സ്വന്തം ലേഖിക
