സാഹിത്യ സുരഭിലമീ കലോത്സവം, സമകാലിക ലോകത്തിന്റെ നേര്‍ക്കാഴ്ചയുമായി ഈ വര്‍ഷത്തെ രചനാ മത്സരങ്ങള്‍.
- Posted on January 08, 2025
- News
- By Goutham prakash
- 168 Views
പറഞ്ഞു തീര്‍ത്തൊരെന്‍ പ്രാണനെ മൂര്‍ച്ചയേറിയ കാതുമായി നീ കേള്‍ക്കുകഎരിഞ്ഞു തീര്‍ന്നോരെന്റെ ജീവനെ മനുഷ്യനായി മാത്രം നീ അറിയുക'
ഹൈസ്‌കൂള്‍ വിഭാഗത്തിലെ മലയാളം കവിതാ രചനാമത്സരത്തില്‍ എ ഗ്രേഡ് നേടിയ അദൈ്വത് രമേശിന്റെ കവിതയിലെ വരികളാണിത്. അടിച്ചമര്‍ത്തപ്പെട്ട മനുഷ്യരെക്കുറിച്ചുള്ള ആഴമേറിയ രചനകളാണ് ഈ വര്‍ഷത്തെ കലോത്സവത്തില്‍ മാറ്റുരച്ചത്.
കഥകള്‍ അവശേഷിച്ചു പോയ ഒരാള്‍' എന്ന വിഷയത്തില്‍ ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന രചനകളാണ് വിധികര്‍ത്താക്കള്‍ക്ക് മുന്നിലെത്തിയത്. അടിച്ചമര്‍ത്തപ്പെട്ട മനുഷ്യജീവിതങ്ങളുടെ സംഘര്‍ഷങ്ങളും ദുരിതങ്ങളും സമൂഹത്തിന് മുന്നില്‍ എത്തിക്കുകയെന്ന ദൗത്യം ഏറ്റെടുക്കുകയാണ് പുതുതലമുറ. ദാരിദ്ര്യത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബത്തിന്റെ കഥ ഹൃദയസ്പര്‍ശിയായി പറഞ്ഞ തിരുവനന്തപുരം സ്വദേശി കീര്‍ത്തി ആര്‍ എല്ലിന്റെ ചെറുകഥയ്ക്ക് എ ഗ്രേഡ് ലഭിച്ചു. 'ഇരകള്‍' എന്ന പദത്തെ പുനര്‍നിര്‍വചിക്കുകയാണ് കൊല്ലം സ്വദേശിയായ അനഘ ജയകുമാര്‍. പുരുഷന്മാര്‍ അനുഭവിക്കുന്ന ലൈംഗിക ചൂഷണം എന്തു കൊണ്ട് സമൂഹം ചോദ്യം ചെയ്യുന്നില്ല എന്നതാണ് അനഘയുടെ കഥയുടെ ഇതിവൃത്തം.
സമൂഹത്തില്‍ കാണുന്ന വിപത്തുകളെ കഥകളായും കവിതകളായും വ്യാഖാനിക്കുന്ന വേദിയായി മാറുകയാണ് കലോത്സവത്തിലെ രചനാ മത്സരങ്ങള്‍. കന്നഡ, തമിഴ്, ഹിന്ദി, സംസ്‌കൃതം, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളില്‍ മനുഷ്യജീവിത സാഹചര്യങ്ങള്‍ വരച്ചുകാട്ടുന്ന വേറിട്ട കൃതികള്‍ക്ക് വഴിയൊരുക്കുകയാണ് ഈ വര്‍ഷത്തെ കലോത്സവം .
സി.ഡി. സുനീഷ്
