ലോകമെമ്പാടുമുള്ള വിദ്യാര്‍ഥികള്‍ക്കായി കേരള ടൂറിസത്തിന്‍റെ പെയിന്‍റിംഗ് മത്സരം
- Posted on February 10, 2023
- News
- By Goutham Krishna
- 249 Views

തിരുവനന്തപുരം: കുട്ടികളില്‍ കേരള ടൂറിസത്തിന്‍റെ നല്ല സന്ദേശമെത്തിക്കാന്‍ മത്സരത്തിലൂടെ സാധിക്കും: മന്ത്രി മുഹമ്മദ് റിയാസ് തിരുവനന്തപുരം: കേരള ടൂറിസം സംഘടിപ്പിക്കുന്ന കുട്ടികളുടെ മൂന്നാമത് അന്താരാഷ്ട്ര ഓണ്‍ലൈന്‍ പെയിന്‍റിംഗ് മത്സരത്തിന് തുടക്കമായി. 'കേരളത്തിന്‍റെ ഗ്രാമജീവിതം' എന്ന വിഷയത്തെ ആസ്പദമാക്കി ലേകത്തെവിടെയുമുള്ള വിദ്യാര്‍ഥികള്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാം. https://www.keralatourism.org/contest/icpc/ എന്ന വെബ്സൈറ്റ് ലിങ്കിലൂടെയാണ് രജിസ്റ്റര്‍ ചെയ്ത് സൃഷ്ടികള്‍ അയക്കേണ്ടത്. നാല് വയസ്സിനും 16 വയസ്സിനുമിടയിലുള്ള കുട്ടികള്‍ക്കായാണ് മത്സരം. ഒരാള്‍ക്ക് അഞ്ച് എന്‍ട്രികള്‍ വരെ അയക്കാം. പെയിന്‍റിംഗ് സ്കാന്‍ ചെയ്ത് ഏപ്രില്‍ ഒന്നുമുതല്‍ അപ്ലോഡ് ചെയ്യാം. സെപ്റ്റംബര്‍ 30 ആണ് അവസാന തീയതി. മത്സരത്തിന് എന്‍ട്രി ഫീസ് ഇല്ല. കേരളത്തില്‍നിന്നുള്ള കുട്ടികള്‍, മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള കുട്ടികള്‍, വിദേശികളായ കുട്ടികള്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരം. വിദ്യാര്‍ഥികളില്‍ കേരള ടൂറിസത്തിന്‍റെ നല്ല സന്ദേശമെത്തിക്കാന്‍ ഈ അന്താരാഷ്ട്ര മത്സരത്തിലൂടെ സാധിക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഗ്രാമീണമേഖലയില്‍ ഉത്തരവാദിത്ത ടൂറിസം നല്‍കിയ ഉണര്‍വ്വിന് കേരളത്തിന് നിരവധി ആഗോള അംഗീകാരങ്ങള്‍ ലഭിച്ചു. കേരളത്തിന്‍റെ ഗ്രാമജീവിതമെന്ന പെയിന്‍റിംഗ് മത്സരത്തിന്‍റെ വിഷയം ടൂറിസത്തിന്‍റെ ഗുണപരമായ കാര്യങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കാന്‍ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
മത്സരത്തിന് ആകെ 101 സമ്മാനങ്ങളാണുള്ളത്. എല്ലാ വിഭാഗങ്ങളിലുമായി വിജയികളാകുന്ന ആദ്യത്തെ മൂന്നുപേര്‍ക്ക് പ്രത്യേക സുവനീറും സര്‍ട്ടിഫിക്കറ്റും നല്‍കും. വിദേശ മത്സരാര്‍ഥികളിലെ വിജയികളില്‍ 10 പേര്‍ക്ക് രണ്ട് കുടുംബാംഗങ്ങളോടൊപ്പം കേരളത്തില്‍ അഞ്ചുദിവസം താമസിക്കാനും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും അവസരം നല്‍കും. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് കുട്ടികള്‍ക്ക് കുടുംബത്തിനൊപ്പം താമസിച്ച് അഞ്ചുദിവസം കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാം. കേരള വിഭാഗത്തില്‍ വിജയികളാകുന്ന മൂന്ന് കുട്ടികള്‍ക്ക് മെമെന്‍റോയ്ക്കും സര്‍ട്ടിഫിക്കറ്റിനുമൊപ്പം കെ.ടി.ഡി.സിയുടെ പ്രീമിയം ഹോട്ടലുകളില്‍ രണ്ട് കുടുംബാംഗങ്ങളോടൊപ്പം രണ്ടുദിവസത്തെ താമസത്തിന് ബുക്കിംഗ് കൂപ്പണുകള്‍ നല്‍കും. കൂടാതെ വിദേശികളായ 20 കുട്ടികള്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 30 കുട്ടികള്‍ക്കും കേരളത്തില്‍ നിന്നുള്ള 20 കുട്ടികള്‍ക്കുമായി ആകെ 70 പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 91 7012993589, ഇമെയില്‍: contest@keralatourism.org
കേരള ടൂറിസം നടപ്പാക്കുന്ന നിരവധി വ്യത്യസ്ത സംരംഭങ്ങളിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് കുട്ടികള്‍ക്കായുള്ള അന്താരാഷ്ട്ര പെയിന്‍റിംഗ് മത്സരമെന്നും രണ്ടുവര്‍ഷം കൂടുന്തോറും ഈ മത്സരം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് പറഞ്ഞു. വെബ്സൈറ്റിലൂടെ കേരള ടൂറിസത്തെക്കുറിച്ച് കൂടുതലറിയാന്‍ മത്സരാര്‍ഥികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കഴിയുമെന്നും കോവിഡിനുശേഷം കൂടുതല്‍ വിദേശസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ മത്സരം സഹായകമാകുമെന്നും ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. മത്സരാര്‍ഥികളെ പങ്കെടുപ്പിക്കുന്ന പ്രമോട്ടേര്‍സിനും സമ്മാനം നല്‍കും. വിദേശികളായ കുട്ടികളെ പരമാവധി പങ്കെടുപ്പിക്കുന്ന വിദേശത്തുനിന്നുള്ള അഞ്ച് പ്രമോട്ടര്‍മാര്‍ക്ക് അഞ്ചുദിവസം കേരളത്തിന്‍റെ അതിഥിയാകാനുള്ള അവസരം ലഭിക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമോട്ടര്‍മാര്‍ക്കും അഞ്ചുദിവസത്തെ കേരള സന്ദര്‍ശനത്തിന് അവസരം ലഭിക്കും.
ആദ്യ രണ്ട് സീസണിലും മത്സരാര്‍ഥികളുടെ വലിയ പങ്കാളിത്തമാണുണ്ടായത്. 2014 ലെ ആദ്യ സീസണില്‍ 37 രാജ്യങ്ങളില്‍നിന്നായി 4169 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തത്. 2018 ലെ രണ്ടാം സീസണില്‍ 133 രാജ്യങ്ങളില്‍നിന്ന് 48390 പേരായി പങ്കാളിത്തം വര്‍ധിച്ചു. ഇതില്‍ 9623 കുട്ടികള്‍ വിദേശത്തു നിന്നുള്ളവരാണ്.
പ്രത്യേക ലേഖകൻ .