*ഗാസയുടെ ദുരിതം ചിത്രങ്ങളിൽ മുതിർന്ന മാധ്യമ പ്രവർത്തകരുടെ ദേശീയ സമ്മേളനം തുടങ്ങി

സ്വന്തം ലേഖകൻ.


തിരുവനന്തപുരം: ഗാസയിലെ യാതനകളും കരൾ പിളർക്കുന്ന ദൃശ്യങ്ങളും പട്ടിണിയും ചിത്രീകരിക്കുന്ന അന്താരാഷ്ട്ര വാർത്താ ചിത്ര പ്രദർശനത്തോടെ മുതിർന്ന മാധ്യമ പ്രവർത്തകരുടെ പ്രഥമ ദേശീയ സമ്മേളനത്തിന് തുടക്കം.


കേരളത്തിലെ പ്രതിഭാധനരായ പ്രസ് ഫോട്ടോഗ്രാഫർമാർ പകർത്തിയ അപൂർവ ചിത്രങ്ങളുടെ ശേഖരവും പ്രദർശന വേദിയെ സമ്പന്നമാക്കുന്നു.


സാംസ്കാരിക വകുപ്പിന്റെ തൈക്കാട് ഭാരത് ഭവനിൽ ഒരുക്കിയ ത്രിദിന പ്രദർശനം തദ്ദേശ സ്വയം ഭരണ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. ഗാസയിൽ കൊല്ലപ്പെട്ട 270 മാധ്യമ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് അവരുടെ ചിത്രങ്ങൾക്കു മുന്നിൽ ദീപം തെളിയിച്ചാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.


ഗാസ മനുഷ്യത്വത്തിന്റെയും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും ശവപ്പറമ്പായി മാറിയിരിക്കുകയാണെന്ന് എം.ബി.രാജേഷ് പറഞ്ഞു. ഒരു ചെറിയ ഭൂപ്രദേശത്താണ് 270 മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടത്. ഭക്ഷണത്തിനു വേണ്ടി ക്യൂ നിൽക്കുന്ന വരെയും ആശുപത്രിയിലെ രോഗികളെയും കൂട്ടക്കൊല ചെയ്യുന്ന ക്രൂരത മറ്റെവിടെയും നമ്മൾ കണ്ടിട്ടില്ല.


ഇന്ത്യയിൽ രാജ്യദ്രോഹ കുറ്റത്തിന് മാധ്യമ പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെടുന്നത് വരാനിരിക്കുന്ന ആപത്തിന്റെ സൂചനയാണെന്നും രാജേഷ് പറഞ്ഞു.


മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അദ്ധ്യക്ഷത വഹിച്ചു. എസ്.ജെ.എഫ്.കെ. മുൻ പ്രസിഡന്റ് എ.മാധവൻ, സംസ്ഥാന പ്രസിഡന്റ് അലക്സാണ്ടർ സാം, ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ,  തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സരിതാ വർമ്മ, കെ.യു.ഡബ്ള്യൂ.ജെ. ജില്ലാ പ്രസിഡന്റ് ഷില്ലർ സ്‌റ്റീഫൻ, പ്രസ് ക്ളബ്ബ് പ്രസിഡന്റ് പി.ആർ.പ്രവീൺ, ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ്, പി. മുസ്തഫ, ബി.ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.


യുദ്ധാനന്തര ഗാസയിലെ കൂട്ടപ്പലായനത്തിന്റെയും തകർച്ചയുടെയും ദുരിത ജീവിതത്തിന്റെയും ഏറ്റവും പുതിയ ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്. അന്താരാഷ്ട്ര വാർത്താ ഏജൻസികളായ എ പി, എഎഫ്പി, ഗെറ്റി എന്നീ ഏജൻസികൾ പകർത്തിയതാണ് ചിത്രങ്ങൾ. ഗാസ ആക്രമണങ്ങളിൽ രക്തസാക്ഷികളായ മാധ്യമ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് കേരള മീഡിയ അക്കാദമിയും സീനിയർ ജേണലിസ്‌റ്റ് സ് ഫോറവും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിച്ചത്.


ഗാസയിൽ ഭക്ഷണത്തിനു വേണ്ടിയുള്ള പിടിവലിയും ആയിരങ്ങളുടെ കാത്തു നിൽപ്പും പട്ടിണി മൂലം എല്ലും തോലുമായ കുട്ടികളുടെ ദൈന്യതയും കാണികളിൽ അസ്വസ്ഥത ഉണർത്തും. യു.എൻ. ഏജൻസിയുടെ സഹായ മെത്തിയപ്പോൾ ഭക്ഷണച്ചാക്കുകൾ മുതുകിലേന്തി നീങ്ങുന്ന ഗ്രാമീണരുടെ ചിത്രങ്ങളുമുണ്ട്. യുദ്ധത്തിനെതിരെ ടെൽ അവീവിൽ ഇസ്രയേൽ ജനത നടത്തിയ പ്രതിഷേധമാണ് മറ്റൊരു ശ്രദ്ധേയ ചിത്രം .


കേരളത്തിലെ പ്രശസ്ത ഫോട്ടോഗ്രാഫർമാർ പകർത്തിയതും അവാർഡുകൾ നേടിയതുമായ അപൂർവ ചിത്രങ്ങൾ പ്രദർശന വേദിയിലുണ്ട്.


കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ എം.എസ്.നമ്പൂതിരിപ്പാട് സത്യപ്രതിജ്ഞക്കു പുറപ്പെടാൻ എറണാകുളം റെയിൽവേ സ്റ്റേഷനിൽ കുടുംബ സമേതം കാത്തു നിൽക്കുന്നത് , ഭാര്യയുടെ വിയോഗത്തിൽ പൊട്ടിക്കരയുന്ന മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ, നിയമസഭയിൽ നാലു മന്ത്രിമാരടക്കം അഞ്ചു ജനപ്രതിനിധികളുടെ കൂട്ട ഉറക്കം, ലോക പ്രശസ്ത ഫോട്ടോഗ്രാഫർ നിക്ക് ഊട്ട് എം.ടി.യെ പകർത്തുന്ന അപൂർവ ചിത്രം, ശ്രീലങ്കൻ അഭയാർത്ഥികളുടെ വിലാപം പകർത്തിയ ധനുഷ്കോടി ദൃശ്യം, മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ കോവളം കടലിലെകുളി, നക്സൽ നേതാവ് അജിതയെ പൊലീസ് ജനങ്ങൾക്കായി പ്രദർശിപ്പിക്കുന്ന ചിത്രം തുടങ്ങിയവ കാണികളുടെ ശ്രദ്ധ ആകർഷിക്കും.


എം. കുര്യാക്കോസ്, എം.കെ. ജോൺ, പി.മുസ്തഫ, ബി.ജയചന്ദ്രൻ, കെ.കെ.രവീന്ദ്രൻ, എസ്.എസ്. റാം, ഹാരിസ് കുറ്റിപ്പുറം, വിക്ടർ ജോർജ്, എം.കെ. വർഗീസ്, ടി. നാരായണൻ, എം.ടി.സേവ്യർ, കെ.ജെ.ജോസ്, സി.ബി. പ്രദീപ് കുമാർ, എം.പ്രകാശം, കെ. അരവിന്ദൻ, ആർ.രവീന്ദ്രൻ, മൊണാലിസ ജനാർദ്ദനൻ  തുടങ്ങിയവർ പകർത്തിയ ചിത്രങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുന്നു.


ഇന്നു നാലു മണിക്ക് തൈക്കാട് ഗവ. റസ്‌റ്റ് ഹൗസ് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.

Author
Citizen Journalist

Goutham prakash

No description...

You May Also Like