ഏഷ്യന്‍ സര്‍ഫിംഗ് ചാമ്പ്യന്‍ഷിപ്പ്; ചരിത്രം കുറിച്ച് കോവളത്തുകാരന്‍ രമേശ് ബുധിഹാല്‍

സി.ഡി. സുനീഷ്



തിരുവനന്തപുരം: കോവളത്തെ തിരമാലകളോട് തായംകളിച്ച് തുടങ്ങിയ രമേശ് ബുധിഹാല്‍ എന്ന ചെറുപ്പക്കാരന്‍ അന്താരാഷ്ട്ര സര്‍ഫിംഗ് മേഖലയില്‍ നേടിയത് സമാനതകളില്ലാത്ത നേട്ടമാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മഹാബലിപുരത്ത് നടക്കുന്ന ഏഷ്യന്‍ സര്‍ഫിംഗ് ചാമ്പ്യന്‍ഷിപ്പിലാണ് കോവളത്തുകാരനായ രമേശ് ബുധിഹാല്‍ ഫൈനലിന് അര്‍ഹത നേടിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യാക്കാരന്‍ കൂടിയായി രമേശ്.



സാഹസിക കായികവിനോദത്തില്‍ രാജ്യത്തെ സുപ്രധാനകേന്ദ്രമാകാനുള്ള കേരളത്തിന്‍റെ പരിശ്രമങ്ങള്‍ സാധൂകരിക്കുന്ന നേട്ടമാണിതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വര്‍ക്കലയിലെ അന്തര്‍ദേശീയ സര്‍ഫിംഗ് ചാമ്പ്യന്‍ഷിപ്പ് നിരവധി ഊര്‍ജ്ജസ്വലരായ ചെറുപ്പക്കാരെ ഈ മേഖലയിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. സാഹസിക കായിക വിനോദങ്ങള്‍ക്ക് വേണ്ടിയുള്ള ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതില്‍ കേരളം നടത്തിയ ശ്രമങ്ങള്‍ ഫലവത്തായതിന്‍റെ തെളിവാണ് രമേശിന്‍റെ നേട്ടം.


ഫൈനല്‍ റൗണ്ടിലെത്തിയതോടെ ഏഷ്യയിലെ ഏറ്റവും മികച്ച സര്‍ഫര്‍മാരുടെ പട്ടികയിലും രമേശ് ഇടംപിടിച്ചു. ഫൈനല്‍ പ്രവേശനത്തോടെ ടോക്കിയോയില്‍ നടക്കാന്‍ പോകുന്ന ഏഷ്യന്‍ ഗെയിംസിലേക്ക് രമേശ് ബുധിഹാല്‍ യോഗ്യത നേടുകയും ചെയ്തുവെന്നത് ഇരട്ടിമധുരമായായതായും മന്ത്രി ചൂണ്ടിക്കാട്ടി.


സാഹസിക കായിക വിനോദങ്ങളില്‍ രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പരിപാടികള്‍ നടക്കുന്നത് കേരളത്തിലാണ്. വൈറ്റ് വാട്ടര്‍ കയാക്കിംഗ് രംഗത്തെ ഏഷ്യയിലെ തന്നെ എണ്ണം പറഞ്ഞ ടൂര്‍ണമന്‍റായ മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍, വര്‍ക്കലയിലെ അന്തര്‍ദേശീയ സര്‍ഫിംഗ് ചാമ്പ്യന്‍ഷിപ്പ്, വാഗമണിലെ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവല്‍, മാനന്തവാടിയിലെ മൗണ്ടന്‍ ടെറൈന്‍ ബൈക്ക് ടൂര്‍ണമന്‍റ് തുടങ്ങിയവ ലോകമെമ്പാടുമുള്ള ചാമ്പ്യന്മാരെ  ആകര്‍ഷിക്കുന്നതാണ്.


സാഹസിക കായിക വിനോദങ്ങളുടെ മേഖലയില്‍ രാജ്യത്തിന് തന്നെ കേരളം മാതൃകയായിരിക്കുകയാണ്. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള പല സര്‍ഫിംഗ് കേന്ദ്രങ്ങളും രാജ്യത്തുണ്ടെങ്കിലും ഒരു അന്താരാഷ്ട്രവേദിയില്‍ അംഗീകാരം ലഭിക്കുന്ന ആദ്യ വ്യക്തി കേരളത്തില്‍ നിന്നാണെന്നത് ഈ രംഗത്ത് സര്‍ക്കാര്‍ നടത്തിയ സാര്‍ഥകമായ ഇടപെടലുകളാണെന്നും ടൂറിസം മന്ത്രി പറഞ്ഞു.


സെമിഫൈനല്‍ ഹീറ്റ്സില്‍ 11.43 പോയിന്‍റ് നേടി രണ്ടാമതായാണ് ഫൈനല്‍ റൗണ്ടിലേക്ക് രമേശ് യോഗ്യത നേടിയത്. ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, ചൈന, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള ലോകോത്ത സര്‍ഫര്‍മാരുമൊത്താണ് രമേശ് മാറ്റുരച്ചത്.

Author
Citizen Journalist

Goutham prakash

No description...

You May Also Like