ലോകകലകൾ ആസ്വദിക്കാൻ അരങ്ങൊരുക്കി ക്രാഫ്റ്റ് വില്ലേജ്; അഞ്ചുദിവസത്തെ റാഗ് ബാഗ് മേളയ്ക്ക് തുടക്കമായി

ലോകകലാമേളയായ ‘റാഗ് ബാഗ്’ കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ ഇന്നു (ജനു 14, ചൊവ്വ) തുടങ്ങി. ജനുവരി 19 വരെ അഞ്ചുദിവസമാണു മേള. റാഗ് ബാഗിന്റെ ആദ്യ എഡിഷനാണിത്.


ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കലാരംഗത്തു നടക്കുന്ന നവീനവും പരീക്ഷണാത്മകവും വൈവിധ്യമാർന്നതുമായ കലാവിഷ്കാരങ്ങളുടെ മേളയാണ് റാഗ്‌ബാഗ്. നാടകം, സംഗീതം, സർക്കസ്, ഫിസിക്കൽ കോമഡി, മാജിക്ക്, പാവകളി, ഷാഡോ പ്ലേ, വിഡിയോ ആർട്ട്, അക്രോബാറ്റിക്സ്, ട്രപ്പീസ്, വെർട്ടിക്കൽ ഡാൻസ് എന്നിങ്ങനെ തികച്ചും വ്യത്യസ്തമായ കലാരൂപങ്ങളുടെ സമന്വയമാണിത്. ജർമനി, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, ചിലി, ബെൽജിയം, നെതർലൻഡ്സ്, പോളണ്ട്, ഡെന്മാർക്ക് എന്നീ വിദേശരാജ്യങ്ങളും ഇന്ത്യയും ഉള്‍പ്പെടെ പത്തു രാജ്യങ്ങളിൽനിന്ന് ഒരു ഡസനോളം കലാസംഘങ്ങളിലായി 300-ലേറെ കലാകാരർ പങ്കെടുക്കുന്ന 32 വ്യത്യസ്ത അവതരണങ്ങളാണ് ഇക്കൊല്ലത്തെ റാഗ് ബാഗിന്റെ സവിശേഷത.


ഫെസ്റ്റിവലിലെ കരകൗശലമേളയും ഭക്ഷ്യമേളയും തുടങ്ങി. നാളെ (ജനുവരി 15) റോയ്സ്റ്റൻ അബേൽ സംവിധാനം ചെയ്ത മംഗനിയാർ സെഡക്ഷൻ മ്യൂസിക് തിയറ്ററിന്റെ അവതരണത്തോടെ റാഗ്‌ബാഗ് ഫെസ്റ്റിവലിലെ കലാവതരണങ്ങൾക്കു തുടക്കമാകും. നാല്പത് രാജസ്ഥാൻസംഗീതജ്ഞർ ഒരുക്കുന്ന ഈ കാഴ്ചാനുഭവം ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണമാണ്. 


ഡെൻമാർക്കിൽനിന്ന് റാഗ് ബാഗിലെത്തുന്ന ‘ആലിസ് ഇൻ വണ്ടർലാൻഡ്’, ബെൽജിയത്തിൽനിന്നുള്ള ‘ഷാഡോ ഡാൻസ്’, ജർമ്മനിയിൽനിന്നു വരുന്ന ‘ബനാനൊരാമ’, നെതർലൻഡ്സിൽനിന്നുള്ള ‘ക്യാറ്റ്‌വാക്ക്’, ഇറ്റലിയിൽനിന്നുള്ള ‘ക്യൂബോ’, ചിലിയിൽ നിന്നുള്ള ‘റിറ്റോ പര അൺ വാൽസ്’ (RITO PARA UN VALS), ഫ്രാൻസിൽനിന്നുള്ള ‘മൈ വിങ്’, ഇന്ത്യൻസംഘമായ അനിരുദ്ധ് വർമ്മ കളക്ടീവിന്റെ സംഗീതം, ‘ഒരു പൂമാലക്കഥ’ തുടങ്ങിയവയാണു മറ്റു പ്രധാനയിനങ്ങൾ. തീയറ്റർ, സാങ്കേതികത, സംഗീതം, സർക്കസ്, ഫിസിക്കൽ കോമഡി തുടങ്ങിയവയുടെ സമന്വയത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഈ അവതരണങ്ങൾ കൂടാതെ മുടിയേറ്റ്, നിഴൽപ്പാവക്കൂത്ത് തുടങ്ങിയ അനുഷ്ഠാനകലാരൂപങ്ങൾ, കബീർദാസ് ദോഹയുടെ സംഗീതാവതരണം തുടങ്ങിയവയും റാഗ്‌ബാഗിലുണ്ട്. 


റാഗ്‌ബാഗ് മേളയിൽ ജയാ ജെയ്റ്റ്ലി ക്യൂറേറ്റ് ചെയ്യുന്ന 33 കരകൗശലസംഘങ്ങളുടെ പ്രദർശനവും അനുമിത്ര ഘോഷ് ദസ്തിദാർ ക്യൂറേറ്റ് ചെയ്ത ‘റാഗ്‌ബാഗ് ഫീസ്റ്റ്’ ഭക്ഷ്യമേളയും മുഖ്യ ആകർഷണങ്ങളാണ്. കൈത്തറിവസ്ത്രങ്ങൾ, ആഭരണങ്ങൾ, ഗൃഹാലങ്കാരങ്ങൾ, മധുബാനി ചിത്രങ്ങൾ, സഞ്ചിനിർമ്മാണം എന്നിവയും മേളയുടെ ഭാഗമാണ്.

‘കേരളത്തിന്റെ പരമ്പരാഗതചരിത്രവും കോളനിയൽവാസ്തുവിദ്യയും’ എന്ന വിഷയത്തിൽ ബോസ് കൃഷ്‌മാചാരി ക്യുറേറ്റ് ചെയ്യുന്ന എ. ജെ. ജോജിയുടെ ഫോട്ടോഗ്രാഫി പ്രദർശനവും റാഗ്‌ബാഗിലുണ്ട്.


വ്യത്യസ്ത വിഷയങ്ങളെ അധികരിച്ചുള്ള പാനൽ ചർച്ചകൾ അഥവാ ‘ഐഡിയ ബാഗ്’ ആണ് റാഗ്‌ബാഗ് മേളയിലെ മറ്റൊരാകർഷണം. വ്യത്യസ്ത മേഖലകളിൽ കഴിവു തെളിയിച്ച പ്രഗത്ഭർ പാനൽ ചർച്ചകളിൽ പങ്കെടുക്കും. 

 

റാഗ് ബാഗ് ഒന്നാം എഡിഷൻ വിളംബരം ചെയ്ത് ടാഗോർ തീയറ്ററിൽ ദീപൻ ശിവരാമൻ സംവിധാനം ചെയ്ത് ഓക്സിജൻ തീയറ്റർ കമ്പനി അവതരിപ്പിച്ച ‘പിയർ ഗിന്റ്’ നാടകം തിങ്കളാഴ്ച അവതരിപ്പിച്ചിരുന്നു. ചൈനയിലെ പ്രശസ്തമായ വൂഷെൻ തീയറ്റർ ഫെസ്റ്റിവലിലെ പ്രീമിയർ അവതരണശേഷം ഇന്ത്യയിലെ ആദ്യാവതരണമായാണ് ഹെൻറിക് ഇബ്സന്റെ ഇതിഹാസരചനയായ പിയർ ഗിന്റ് അരങ്ങേറിയത്.



സി.ഡി. സുനീഷ്

Author
Citizen Journalist

Goutham prakash

No description...

You May Also Like