കേരളത്തിലും ഫുഡ് ഫോറസ്റ്റ് തളിരിടുന്നു
- Posted on August 25, 2021
- News
- By Deepa Shaji Pulpally
- 719 Views
ഫുഡ് ഫോറസ്റ്റുകൾ വർദ്ധിച്ചു വരുന്നതോടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നമുക്ക് സാധിക്കും

ഫുഡ് ഫോറസ്റ്റ് അഥവാ ഭക്ഷണം തരുന്ന കാടുകൾ കേരളത്തിൽ അങ്ങിങ്ങായി നിർമ്മിച്ചു വരുന്നു. എല്ലാ ഭക്ഷ്യവസ്തുക്കളും ഒരു കുടകീഴിൽ ഒന്നിച്ചു വളർത്തി കൊണ്ട് വരുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇതിന് വേണ്ടി പൂർണ്ണമായും ജൈവകൃഷിയിലൂടെ ശ്രീകൃഷ്ണപുരത്ത് ഒരുകൂട്ടം യുവജനങ്ങളായ കർഷകർ വികസിപ്പിച്ചെടുത്ത രീതിയാണ് 'ഫുഡ് ഫോറസ്റ്റ്' എന്ന ആശയം.
ഈ മോഡൽ പിന്തുടർന്ന് പയ്യന്നൂരിലും ഭക്ഷ്യ വനങ്ങൾ ധാരാളമായി ഇപ്പോൾ നിലവിലുണ്ട്. ഇത്തരം ഫുഡ് ഫോർ അറസ്റ്റുകൾ വളർത്തുന്നതിനും ഒരു പ്രത്യേക രീതി തന്നെയാണ് ഉള്ളത്. അത് എങ്ങനെയാണെന്ന് അല്ലേ,
ചെറുതും വലുതുമായ എല്ലാ വിളകളും അവയുടെ വലിപ്പം അനുസരിച്ച്, അവയ്ക്ക് സൂര്യപ്രകാശവും, പോഷണവും ലഭിക്കത്തക്ക രീതിയിൽ 'സ്ക്വയർ പ്ലാനിങ്' മാതൃകയിലാണ് തൈകൾ നട്ടു വളർത്തിയെടുക്കുന്നത്. ഇനി ഇത്തരം തോട്ടങ്ങളിൽ വളർത്തുന്ന വൃക്ഷങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ദീർഘകാല ഫലം തരുന്ന തെങ്ങ്, പ്ലാവ്, മാവ് തുടങ്ങിയവയും മീഡിയം വിഭാഗത്തിൽപ്പെടുന്ന സപ്പോർട്ട, റംബുട്ടാൻ മാങ്കോസ്റ്റിൻ, അവക്കാടോ , തുടങ്ങിയ നാടനും വിദേശിയുമായ പഴവർഗ്ഗങ്ങളും , ഹ്രസ്വകാല വിളകളായ വാഴ, കിഴങ്ങ് വർഗങ്ങൾ, പച്ചക്കറികൾ എന്നിവയും ഇത്തരം തോട്ടങ്ങളിൽ നട്ടുവളർത്തുന്നു.
ഇത്തരം ഫുഡ് ഫോറസ്റ്റ് കളുടെ നിർമ്മാണത്തിലും ചില പ്രത്യേകതകളുണ്ട്. അത് ചെടികൾക്ക് അടിവളമായി നൽകുന്ന ചകിരിച്ചോർ, കമ്പോസ്റ്റ് നിർമ്മാണം ആണ് ആദ്യ ഘട്ടം ആരംഭിക്കുന്നത്. ആട്ടിൻ കാഷ്ടം, ചാണകം, ചകിരിച്ചോർ, പച്ചില, മറ്റ് ജൈവാവശിഷ്ടങ്ങൾ, ഉണക്കയില, മേൽമണ്ണ്, ഡൈജസ്റ്റ് വെള്ളം എന്നിവ ചേർത്താണ് ഇതിലേക്കുള്ള കമ്പോസ്റ്റ് തയ്യാറാക്കുന്നത്.
മണ്ണ് സംരക്ഷണത്തിനും, ജലസംരക്ഷണത്തിനും ഒരേപോലെ പ്രാധാന്യം നൽകുന്ന ഈ കൃഷിരീതിയിൽ ഓരോ ചെടിക്കും ആവശ്യമായ അളവിൽ കുഴിയെടുത്ത് കമ്പോസ്റ്റ് അടിവളമായി നൽകിയാണ് ചെടികൾ നടുന്നത്.
ഭക്ഷ്യ മരത്തിന്റെ വേറൊരു സവിശേഷത എന്നത് പുതയിടൽ രീതിയാണ്. ഈ രീതിയിൽ ജൈവ പുതയും, ജൈവ തണലും ഒരുക്കുന്നതാണ് ഈ കൃഷിയുടെ മറ്റൊരു പ്രത്യേകത. ഇതിനായി തൈകൾ നട്ട തട്ടത്തിന് പുറത്ത് മണ്ണിളക്കി നൈട്രജൻ ഫോസ്ഫേറ്റ് പ്രധാനം ചെയ്യുന്നതിന് പലയിനം പയറുവർഗ്ഗങ്ങൾ, ധാന്യങ്ങൾ, സുഗന്ധ ദ്രവ്യങ്ങൾ എന്നിവയുടെ വിത്തുകൾ വിതയ്ക്കുന്നു. ഇതു വളർന്നു വരുമ്പോൾ നേരിട്ട് സൂര്യപ്രകാശം മണ്ണിൽ പതിക്കാത്ത തരത്തിൽ ഒരാവരണം പോലെ കൃഷിയിടത്തിൽ ജൈവ തണൽ നൽകുന്നു.
ഇതിനു പുറമേ ജലത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനു വേണ്ടി തുള്ളി നനയാണ് ഇത്തരം തോട്ടങ്ങളിൽ ക്രമീകരിച്ചിരിക്കുന്നത്. ഇത്തരം ഫുഡ് ഫോറസ്റ്റുകൾ വർദ്ധിച്ചു വരുന്നതോടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നമുക്ക് സാധിക്കും.