കിണറ്റില്‍ വീണ സഹോദരനെ രക്ഷിച്ച എട്ടുവയസുകാരിക്ക് മധുരം നല്‍കി മന്ത്രി . വീണ ജോർജ്.
- Posted on April 05, 2023
- News
- By Goutham Krishna
- 261 Views

ആലപ്പുഴ : മാവേലിക്കര കിണറ്റില്‍ വീണ രണ്ട് വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ സഹോദരിയായ എട്ട് വയസുകാരിയ്ക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ മിഠായിപ്പൊതിയെത്തി. കിണറ്റില്‍ വീണ മാങ്കാംകുഴി കല്ലിത്തുണ്ടം സനലിന്റെയും ഷാജിലയുടെയും മകന്‍ ഇവാനിനെ (അക്കു) മൂത്ത സഹോദരി ദിയയാണ് രക്ഷിച്ചത്. ഇതു സംബന്ധിച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ കുട്ടിക്ക് തന്റെ വകയൊരു മധുരം നല്‍കാന്‍ മാവേലിക്കര ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ.എ. ജിതേഷിനോട് മന്ത്രി പറഞ്ഞു. അദ്ദേഹം നേരിട്ട് കുട്ടിയുടെ വീട്ടിലെത്തിയാണ് മിഠായിപ്പൊതി കൈമാറിയത്. ഡോക്ടറുടെ ഫോണില്‍ മന്ത്രി വീണാ ജോര്‍ജ് വീഡിയോകോള്‍ ചെയ്ത് കുട്ടിയുമായി സംസാരിച്ചു. കുട്ടിക്ക് മന്ത്രി എല്ലാവിധ ആശംസകളും നേര്‍ന്നു. മിടുക്കിയായി പഠിച്ചു വളരണം. കുട്ടിയുടെ അമ്മയുമായും സന്തോഷം പങ്കുവച്ചു. ദിയയുടെ സഹോദരനോടുള്ള സ്‌നേഹം തന്റെ ഹൃദയത്തെ ആര്‍ദ്രമാക്കുന്നതായി മന്ത്രി പറഞ്ഞു. ഇവാന്‍ 20 അടിയിലേറെ താഴ്ചയുള്ള കിണറ്റിലേക്കാണ് വീണത്. ശബ്ദംകേട്ട് ഓടിയെത്തിയ ദിയ പൈപ്പിലൂടെ ഊര്‍ന്നിറങ്ങി അനുജനെ ഉയര്‍ത്തിയ ശേഷം പൈപ്പില്‍ പിടിച്ച് തൂങ്ങിക്കിടന്നു. ഓടിയെത്തിയ പ്രദേശവാസികള്‍ കയര്‍ ഉപയോഗിച്ച് കിണറ്റിലിറങ്ങി ഇരുവരെയും മുകളില്‍ എത്തിക്കുകയായിരുന്നു.
സ്വന്തം. ലേഖകൻ