*സംരക്ഷിക്കാൻ ആരുമില്ലാത്ത മാനസിക വെല്ലുവിളി നേരിടുന്നയാളെ സർക്കാർ സഹായിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
- Posted on May 13, 2025
- News
- By Goutham prakash
- 83 Views
സി.ഡി. സുനീഷ്*
തിരുവനന്തപുരം : അനാഥാലയത്തിൽ പുനരധിവസിപ്പിച്ചിരിക്കുന്ന മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയുടെ ചികിത്സാ ചെലവുകൾ കണ്ടെത്താനുള്ള നടപടി ജില്ലാ കളക്ടർ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
മാനസികാരോഗ്യനിയമത്തിന്റെയും ദേശീയ ട്രസ്റ്റ് ആക്റ്റിന്റെയും അടിസ്ഥാനത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയ്ക്ക് ഒരു രക്ഷകർത്താവിനെ നിയമിക്കാനുള്ള നടപടികൾ ജില്ലാ കളക്ടർ എത്രയും വേഗം സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ജില്ലാ സാമൂഹിക നീതി ഓഫീസർ ഇക്കാര്യം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
പരാതിക്കാരിയായ വെങ്ങാനൂർ മുക്കോല സ്വദേശിനി 17 വർഷം സഹോദരിയുടെ സംരക്ഷണയിലായിരുന്നു. ഇവർക്ക് മൂന്ന് സഹോദരങ്ങൾ കൂടിയുണ്ട്. സഹോദരങ്ങൾ തന്റെ സ്വർണം കൈക്കലാക്കിയെന്നും സംരക്ഷിക്കാൻ തയ്യാറല്ലെന്നും പരാതിക്കാരി കമ്മീഷനെ അറിയിച്ചു.
പരാതിക്കാരിയെ കരുണാലയം എന്ന സ്ഥാപനത്തിൽ പുനരധിവസിപ്പിച്ചിട്ടുള്ളതായി
ജില്ലാ സാമൂഹിക നീതി ഓഫീസർ കമ്മീഷനെ അറിയിച്ചു. പരാതിക്കാരിയെ സംരക്ഷിക്കാൻ കഴിയില്ലെന്ന് സഹോദരങ്ങൾ ബന്ധുക്കളെ അറിയിച്ചതായി സാമൂഹിക നീതി ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നു.
