വേൾഡ് ഫൂട്ട് വോളി: ഫ്രാൻസിന് കിരീടം
- Posted on February 27, 2023
- News
- By Goutham Krishna
- 270 Views

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ മൂന്നു ദിവസമായി നടന്ന ഇരുപത്തഞ്ചാമത് വേൾഡ് ഫൂട്ട് വോളി ചാംപ്യൻഷിപ്പിൽ ഫ്രാൻസിന് കിരീടം. ഫൈനലിൽ ഫ്രാൻസ്- (16-5), (16 - 12) സ്കോറിനാണ് യു.എ .ഇയെ പരാജയപ്പെടുത്തി കിരീടം ചൂടിയത്. ഫൈനലിന്റെ എല്ലാ ആവേശവും നിറച്ച മത്സരത്തിൽ തുടക്കം മുതൽ തന്നെ ഗ്രൗണ്ടിൽ ഫ്രാൻസിനു തന്നെയായിരുന്നു മുൻതൂക്കം. ആദ്യ സെറ്റിലും (16-5) രണ്ടാമത്തെ സെറ്റിലും (16 - 12) സ്കോറോടെ ഫ്രാൻസ് ഫൂട്ട് വോളി ചാംപ്യന്മാരായി. വൈകീട്ട് നടന്ന ആദ്യ സെമിയിൽ യു.എ .ഇ (16-12), (15-5) സ്കോറിന് ഇറാഖിനെ തോല്പിച്ചാണ് ഫൈനലിലെത്തിയത്. രണ്ടാമത്തെ സെമിയിൽ ഫ്രാൻസ് (16-5), (16-7) സ്കോറിന് റുമേനിയയെ തോല്പിച്ച് ഫൈനലിലെത്തുകയായിരുന്നു. തുടർന്ന് നടന്ന ലൂസേഴ്സ് ഫൈനലിൽ റൂമാനിയയും ഇറാഖും ഏറ്റുമുട്ടി. മൂന്നാം സ്ഥാനത്തിനു വേണ്ടി നടന്ന മത്സരത്തിൽ റൂമാനിയ വിജയികളായി. സമാപന സമ്മേളനത്തിൽ ട്രഷറർ കെ.വി അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. മുൻ മേയർ ടി.പി ദാസൻ സമ്മാനദാനം നിർവ്വഹിച്ചു. ഫൂട്ട് വോളി അസോസിയേഷൻ വേൾഡ് വൈഡ് പ്രസിഡന്റ് അഫ് ഖാൻ അംദേവ് , ഫൂട്ട് വോളി അസോസിയേഷൻ നാഷണൽ പ്രസിഡന്റ് റാം അവതാർ , ഓർഗനൈസിങ് സെക്രട്ടറി എ കെ മുഹമ്മദ് അഷറഫ് , ചീഫ് കോർഡിനേറ്റർ ടി എം അബ്ദു റഹിമാൻ , വൈസ് പ്രസിഡന്റുമാരായ ബാബു പാലക്കണ്ടി കെൻസ, വി പി അബ്ദുൾ കരീം, സി പി റഷീദ്, നവീന സുഭാഷ്,എം എ സാജിദ്, റമീസ് അലി, ആർ ജയന്ത് കുമാർ, കെ ഹാഷിദ്, കെ ബി ജയാനന്ദ് , ഹഷീം കടായ്ക്കലകം തുടങ്ങിയവർ സംസാരിച്ചു. ഫൂട്ട് വോളി അസോസിയേഷൻ സെക്രട്ടറി എ കെ മുഹമ്മദ് അഷറഫ് സ്വാഗതവും ഓർഗനൈസിംഗ് വൈസ് പ്രസിഡന്റ് എം മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.
സ്പോർട്ട് സ് ലേഖകൻ