കാൻസർ ചികിത്സയിൽ നാഴികകല്ല്; റോബോട്ടിക് സർജറി, ഡിജിറ്റൽ പത്തോളജി ചികിത്സാ സംവിധാനങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ ചികിത്സയുടെയും രോഗപ്രതിരോധത്തിന്റെയും പുതുയുഗത്തിന് ശക്തമായ അടിത്തറ പാകുന്ന മൂന്ന് സുപ്രധാന കാര്യങ്ങൾക്ക് ആരംഭമായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് നിർദേശിച്ച മൂന്ന് ശുപാർശകൾക്ക് റീബിൾഡ് കേരള ഇനിഷ്യേറ്റീവിലൂടെ പണം അനുവദിക്കാൻ ഇന്നലെ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. തിരുവനന്തപുരം ആർസിസിയിലും തലശ്ശേരി എംസിസിയിലും റോബോട്ടിക് സർജറി സംവിധാനം (60 കോടി), ആർസിസി, എംസിസി എന്നിവിടങ്ങളിലെ ഡിജിറ്റൽ പത്തോളജി മികവിന്റെ കേന്ദ്രങ്ങൾ (18.87 കോടി), ഏകാരോഗ്യവുമായി (വൺ ഹെൽത്ത്) ബന്ധപ്പട്ട ലാബ് സംവിധാനങ്ങളുടെ ശാക്തീകരണം, വിദ്യാഭ്യാസം, ഗവേഷണം (49.02കോടി) എന്നിവയ്ക്കാണ് അനുമതി നൽകിയതെന്നും മന്ത്രി വ്യക്തമാക്കി. കാൻസർ ചികിത്സാ രംഗത്ത് റോബോട്ടിക് സർജറി റോബോട്ടിക് സർജറി ഒരു പ്രത്യേക തരം മിനിമൽ ആക്സസ് ശസ്ത്രക്രിയയാണ്. ഇത് സർജിക്കൽ റോബോട്ടിന്റെ സഹായത്തോടു കൂടിയാണ് നടത്തുന്നത്. റോബോട്ടിക് ശസ്ത്രക്രിയ ഇന്ന് ശസ്ത്രക്രിയ മേഖലയിൽ അത്യാധുനികമായ ചികിത്സാ രീതിയാണ്. ലാപ്രോസ്‌കോപ്പിക്ക് ശസ്ത്രക്രിയയിൽ നിന്നും റോബോട്ടിക് ശസ്ത്രക്രിയ വ്യത്യസ്തമാക്കുന്നത് ഇതിന്റെ കൃത്യതയും ആയാസരഹിതമായ ശസ്ത്രക്രിയ സംവിധാനവും എന്നതാണ്.

വിവിധതരത്തിലുള്ള കാൻസറുകളുടെ ചികിത്സയ്ക്ക് റോബോട്ടിക് ശസ്ത്രക്രിയ ഫലപ്രദമാണ്. രോഗിയുടെ വേദന കുറയ്ക്കുക, എത്രയും വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരിക, ശസ്ത്രക്രിയയ്ക്കിടയിലുള്ള രക്തസ്രാവം ഏറ്റവും നന്നായി കുറയ്ക്കാൻ സാധിക്കുക എന്നിവയൊക്കെയാണ് റോബോട്ടിക് ശസ്ത്രക്രിയയുടെ പ്രധാന ഗുണങ്ങൾ.

റോബോട്ടിക് ശസ്ത്രക്രിയ കേരളത്തിൽ ചില കോർപ്പറേറ്റ് ആശുപത്രിയിലാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. എം.സി.സി, ആർ.സി.സി എന്നിവിടങ്ങളിൽ ഈ അത്യാധുനിക ശസ്ത്രക്രിയ രീതി ലഭ്യമാക്കുന്നതോടെ സാധാരണക്കാർക്കും, പാവപ്പെട്ടവർക്കും ഇത് ഉപകാരപ്രദമാകും. ഇത് കേരളത്തിന്റെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റമായി മാറും എന്നതിൽ സംശയമില്ല. 


പ്രത്യേക ലേഖകൻ

Author
Citizen Journalist

Goutham Krishna

No description...

You May Also Like