കള്ളനോട്ട് കേസില്‍ അറസ്റ്റിലായ വനിതാ കൃഷി ഓഫീസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
- Posted on March 10, 2023
- News
- By Goutham Krishna
- 258 Views

ആലപ്പുഴ: ആലപ്പുഴയില്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായ എടത്വ കൃഷി ഓഫീസര്‍ എം.ജിഷമോളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കോടതി നിര്‍ദേശപ്രകാരമാണ് നടപടി. കള്ളനോട്ടിന്റെ ഉറവിടം പൊലീസിനോട് വെളിപ്പെടുത്താന്‍ ജിഷമോള്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇന്നലെ രാത്രിയാണ് മാവേലിക്കര ജയിലില്‍ നിന്ന് തിരുവനന്തപുരത്തെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ജിഷയെ മാറ്റിയത്. ഇന്നലെ ജയിലില്‍ വച്ചും അസ്വാഭാവികമായ പെരുമാറ്റമായിരുന്നു ഇവരുടേത്. മൂന്ന് വര്‍ഷങ്ങളായി ജിഷമോള്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് മരുന്നുകഴിക്കുന്നയാളെന്നും ചികിത്സ വേണമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് പത്ത് ദിവസത്തേക്ക് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാന്‍ കോടതി നിര്‍ദേശം നല്‍കിയത്. ജിഷമോള്‍ നല്‍കിയ കള്ളനോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് തട്ടിപ്പ് പുറത്തുവരുന്നത്.നല്‍കിയത് വ്യാജനോട്ടുകളെന്ന് അറിയാമായിരുന്നെന്ന് ജിഷമോള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. എന്നാല്‍ ഉറവിടം വെളിപ്പെടുത്തിയില്ല. തുടര്‍ന്നായിരുന്നു അറസ്റ്റും റിമാന്‍ഡും. തുടര്‍ന്നും ജിഷ മോളെ കസ്റ്റഡിയില്‍ വാങ്ങിയെങ്കിലും മാനസിക അസ്വസ്ഥതകള്‍ കാണിക്കുന്നതിനാല്‍ പൊലീസിന് കൂടുതല്‍ ചോദ്യം ചെയ്യാനായില്ല.
സ്വന്തം ലേഖകൻ .