കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍റ് ഇന്നവേഷന്‍: എം ജിയിൽ സ്ഥാപിക്കുന്ന മികവിന്റെ കേന്ദ്രത്തിന് ധാരണാപത്രമായി.

ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാലയിൽ സ്ഥാപിക്കുന്ന സെന്റർ ഓഫ് എക്‌സലന്‍സിന്റെ (മികവിന്‍റെ കേന്ദ്രം) ധാരണാപത്രം കൈമാറി. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ ചെയർപേഴ്‌സൺ കൂടിയായ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ സാന്നിദ്ധ്യത്തിൽ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലും മഹാത്മാഗാന്ധി സര്‍വ്വകലാശാലയും തമ്മിലാണ് ധാരണാപത്രം കൈമാറിയത്. 


കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍റ് ഇന്നവേഷന്‍ (KISTI) എന്ന പേരിലാണ് ഈ  കേന്ദ്രമെന്ന് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോളനിലവാരത്തിൽ എത്തിക്കാൻ സ്ഥാപിക്കുന്ന ഏഴ്   മികവിന്റെ  കേന്ദ്രങ്ങളിൽ ഒന്നാണിത്. കേരള സർക്കാറിന്റെയും കേരളത്തിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെയും സാങ്കേതികവിദഗ്ധരുടെയും  പൊതുസമൂഹത്തിന്റെയും പങ്കാളിത്തത്തോടെ സ്ഥാപിക്കുന്ന സംരംഭമായിട്ടാണ് ഈ കേന്ദ്രത്തെ വിഭാവനം ചെയ്തിരിക്കുന്നത്. വിപുലമായ ശാസ്ത്രഗവേഷണത്തിനുള്ള പ്രധാന അന്തർദേശീയ കേന്ദ്രം വികസിപ്പിക്കുകയാണ് ഇതുവഴി .സുസ്ഥിര ഇന്ധനങ്ങൾ, മാലിന്യ സംസ്‌കരണം, നാനോ ടെക്‌നോളജി, അഡ്വാൻസ്ഡ് മെറ്റീരിയലുകൾ, സിസ്റ്റംസ് ബയോളജി, ബിഗ് ഡാറ്റ അനലിറ്റിക്‌സ്, റോബോട്ടിക്‌സ്, എനർജി എഞ്ചിനീയറിംഗ് തുടങ്ങി സമകാലീന വിഷയമേഖലകളിൽ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ ഗവേഷകസമൂഹത്തെ സൃഷ്ടിക്കാനുതകുന്ന ഗവേഷണ പ്രവർത്തനങ്ങൾ ഇവിടെ നടക്കും.


കേരളത്തിന്റെ ശാസ്ത്ര-സാങ്കേതിക രംഗത്തെ വളർച്ചയ്ക്കും ആഗോള നിലവാരത്തിലുള്ള  ഗവേഷണ-വിദ്യാഭ്യാസ സാധ്യതകൾക്കും വേണ്ടിയുള്ള മികച്ച ഗവേഷണ കേന്ദ്രമായി KISTI  മാറും. ശാസ്ത്ര, സാങ്കേതിക ഗവേഷണങ്ങളിലും നൂതന ആശയങ്ങള്‍ വികസിപ്പിച്ച് സംരംഭങ്ങളാക്കി മാറ്റുന്നതിലും മാതൃകാപരമായ പ്രവര്‍ത്തനം നടത്തിവരുന്ന മഹാത്മാഗാന്ധി സര്‍വ്വകലാശാലയ്ക്ക് ഈ മേഖലകളില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ സെന്‍റര്‍ ഓഫ് എക്‌സലന്‍സ് വഴിതെളിക്കും - മന്ത്രി ഡോ. ബിന്ദു പറഞ്ഞു. 


ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നിയമസഭാ ഓഫീസ് ചേംബറിൽ നടന്ന ചടങ്ങിലാണ് ധാരണാപത്രങ്ങൾ കൈമാറിയത്. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ  സെക്രട്ടറി ഇഷിതാ റോയ് ഐഎഎസ്, ഉന്നതവിദ്യാഭ്യാസ കൗൺസിലിനെ പ്രതിനിധീകരിച്ചു  വൈസ് ചെയർമാൻ  പ്രൊഫസർ  രാജൻ ഗുരുക്കൾ , മെമ്പർ  സെക്രട്ടറി  പ്രൊഫസർ രാജൻ വർഗീസ്, മഹാത്മാഗാന്ധി സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ജോജി അലക്‌സ്, അരുണ്‍ കെ. ശശീന്ദ്രന്‍, സെന്‍റര്‍ ഓഫ് എക്‌സലന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഇ കെ രാധാകൃഷ്ണന്‍ എന്നിവർ സന്നിഹിതരായി.



സി.ഡി. സുനീഷ്.


Author
Citizen Journalist

Goutham Krishna

No description...

You May Also Like