*മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീലച്ചുവയുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; ക്രൈം നന്ദകുമാറിനെതിരെ കേസ്*
- Posted on August 31, 2025
- News
- By Goutham prakash
- 77 Views

*സ്വന്തം ലേഖകൻ*
*കൊച്ചി* : മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീലച്ചുവയുള്ള വിഡിയോ പ്രചരിപ്പിച്ചതിന് ക്രൈം നന്ദകുമാറിനെതിരെ കേസെടുത്ത് പോലീസ്. കൊച്ചി സൈബർ പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്. ബിഎൻഎസ് 192, ഐടി നിയമത്തിലെ 67, 67 വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. നിയമവിരുദ്ധമായ പ്രവൃത്തിയിലൂടെ കലാപം ലക്ഷ്യമിട്ട് പ്രകോപനമുണ്ടാക്കുന്നതിന് എതിരെ ചുമത്തുന്ന വകുപ്പാണ് ബിഎൻഎസിലെ 192 വകുപ്പ്.
അശ്ലീല ചുവയും ലൈംഗിക ഉള്ളടക്കത്തോടു കൂടിയതുമായ വിഡിയോ പ്രചരിപ്പിച്ചു എന്നാണ് എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുള്ളത്. വെള്ളിയാഴ്ച യുട്യൂബിലും സമൂഹ മാധ്യമങ്ങളിലും പങ്കുവച്ച വിഡിയോ ആണ് കേസിന് ആധാരം.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരായി ഉയർന്നുവന്ന ആരോപണം അതീവ ഗൗരവം ഉള്ളതാണെന്ന് പറഞ്ഞിരുന്നു. ഗർഭം ധരിച്ച സ്ത്രീയെ കൊന്ന് കളയുമെന്ന് പറയുന്നതൊക്കെ വലിയ ക്രിമിനൽ രീതി ആണ്. എത്രനാൾ രാഹുലിന് പിടിച്ച് നിൽക്കാൻ കഴിയുമെന്ന് അറിയില്ല. ചില കാര്യങ്ങളൊക്കെ ചില ഘട്ടങ്ങളിൽ സംഭവിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്. ബാക്കി കാര്യങ്ങൾ സമൂഹം തീരുമാനിക്കേണ്ടതാണ്. അത്തരം കാര്യങ്ങളിൽ ഇപ്പോൾ അഭിപ്രായം പറയേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പലരും രാഷ്ട്രീയ ജീവിതം നയിച്ചവരാണ്. രാഷ്ട്രീയ പ്രവർത്തനത്തിന് മാന്യതയും ധാർമ്മികതയും ഉണ്ട്. അത് നഷ്ടപ്പെടുന്നെന്ന മനോവ്യഥ കോൺഗ്രസിനകത്ത് ഉണ്ട്. തെറ്റായ നിലയിൽ പ്രമോട്ട് ചെയ്യാൻ ചിലർ ശ്രമിച്ചെന്ന വാദമുണ്ട്. പ്രതിപക്ഷ നേതാവ് പ്രകോപിതനായി എന്തെല്ലാമോ വിളിച്ച് പറയുകയാണ്. മുതിർന്ന നേതാക്കളുടെ വരെ അഭിപ്രായം കേട്ട് പ്രതികരിക്കണമായിരുന്നു. രാഷ്ട്രീയത്തിനും പൊതു പ്രവർത്തനത്തിനും അപമാനം ഉണ്ടാക്കുന്നവരെ സംരക്ഷിക്കുന്ന രീതി ഉണ്ടാകില്ല. രാഹുലിനെതിരായ ആരോപണത്തിൽ നിയമപരമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
വിഷയത്തിൽ മുഖ്യമന്ത്രി പ്രകടിപ്പിച്ച അഭിപ്രായങ്ങളോടുള്ള പ്രതികരണമെന്ന മട്ടിലാണ് ക്രൈം നന്ദകുമാറിന്റെ വീഡിയോ. രാഷ്ട്രീയ എതിരാളികളെ ഒതുക്കാൻ മുഖ്യമന്ത്രി വിവിധ മാർഗങ്ങൾ സ്വീകരിച്ചെന്നാണ് ആരോപണങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയനെയും സരിത നായരെയും ബന്ധപ്പെടുത്തിയാണ് വീഡിയോ പങ്കുവെച്ചത്. അശ്ലീല തലക്കെട്ടോടെ ലൈംഗിക ഉള്ളടക്കമുള്ളതാണ് വീഡിയോ.