പുല്ലാടിന്റെ സ്വന്തം മോനു കൃഷ്ണ കാലിക്കറ്റിനായി വീഴ്ത്തിയത് മൂന്ന് വിക്കറ്റുകൾ
- Posted on August 27, 2025
- News
- By Goutham prakash
- 104 Views

സി.ഡി. സുനീഷ്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) സീസൺ 2-ൽ തകർപ്പൻ പ്രകടനവുമായി പത്തനംതിട്ട പുല്ലാട് സ്വദേശിയായ യുവതാരം മോനു കൃഷ്ണ. ആലപ്പി റിപ്പിൾസുമായി നടന്ന വാശിയേറിയ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനായി നിർണ്ണായകമായ മൂന്ന് വിക്കറ്റുകളാണ് മോനു കൃഷ്ണ നേടിയത്. ഈ പ്രകടനം ടീമിന്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു.
മത്സരത്തിന്റെ തുടക്കത്തിൽത്തന്നെ മോനു തന്റെ പ്രതിഭ തെളിയിച്ചു. ആദ്യ ഓവറിൽത്തന്നെ ആലപ്പി റിപ്പിൾസിന്റെ ഓപ്പണറായ കെ.എ. അരുണിനെ പുറത്താക്കി ഞെട്ടിച്ചു. പിന്നാലെ ക്രീസിലെത്തിയ ആലപ്പി ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീന്റെ വിക്കറ്റും വീഴ്ത്തി മോനു കൃഷ്ണ എതിരാളികളെ സമ്മർദ്ദത്തിലാക്കി. മത്സരത്തിന്റെ 17-ാം ഓവറിൽ ആദിത്യ ബൈജുവിനെയും പുറത്താക്കി മോനു തന്റെ പ്രകടനം പൂർത്തിയാക്കി.മികച്ച പ്രകടനം നടത്തിയ മോനു കൃഷ്ണയാണ് കളിയിലെ താരം. പത്തനംതിട്ട പുല്ലാട് സ്വദേശികളായ മുരളീധരൻ നായർ,ശ്രീജമുരളി ദമ്പതികളുടെ മകനാണ് മോനു കൃഷ്ണ.മുൻപ് സ്വാൻ്റൺസ് ക്രിക്കറ്റ് ക്ലബ്,തൃപ്പൂണിത്തറ ക്രിക്കറ്റ് ക്ലബ് എന്നീ ടീമുകൾക്ക് വേണ്ടി മോനു കൃഷ്ണ കളിച്ചിട്ടുണ്ട്.