സി.എം.എഫ്ആർ.ഐ ശാസ്ത്രജ്ഞർക്ക് നാഷണൽ അഗ്രികൾച്ചറൽ സയൻസ് അക്കാദമിയുടെ (നാസ്) അംഗീകാരം
- Posted on December 29, 2024
- News
- By Goutham prakash
- 165 Views
കൊച്ചി:
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) രണ്ട് ശാസ്ത്രജ്ഞർക്ക് നാഷണൽ അക്കാദമി ഓഫ് അഗ്രികൾച്ചറൽ സയൻസസിന്റെ (നാസ്) അംഗീകാരം. ഗവേഷണ രംഗത്തെ മികച്ച സംഭാവനകൾ മുൻനിർത്തി സീനിയർ സയന്റിസ്റ്റ് ഡോ എൽദോ വർഗീസിനെ നാസ് ഫെല്ലോ ആയും സയന്റിസ്റ്റ് ഡോ ടി ജി സുമിത്രയെ നാസ് അസോസിയേറ്റായും തിരഞ്ഞെടുത്തു.
കാർഷിക ശാസ്ത്രരംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഗവേഷകരുടെ ദേശീയ കൂട്ടായ്മയാണ് നാസ്. ശാസ്ത്രരംഗത്തെ സംഭാവനകൾ പരിഗണിച്ച് ഇന്ത്യയിലും വിദേശത്തുമുള്ള കാർഷിക-അനുബന്ധ ശാസ്ത്ര മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങൾക്ക് നൽകുന്ന ആദരമാണ് നാസ് ഫെല്ലോ. 40 വയസ്സിന് താഴെയുള്ള യുവശാസ്ത്രജ്ഞർക്കായി നൽകുന്ന അംഗീകാരമാണ് നാസ് അസോസിയേറ്റ് പദവി.
കാർഷിക-ഫിഷറീസ് സ്റ്റാറ്റിസ്റ്റിക്സ് മേഖലയിൽ നൽകിയ മികച്ച സംഭാവനകളാണ് ഡോ എൽജോ വർഗീസിനെ നാസ് അംഗീകാരത്തിന് അർഹനാക്കിയത്. സ്റ്റാറ്റിസ്റ്റിക്കൽ-ഇക്കോസിസ്റ്റം മോഡിലംഗ്, ഫിഷ് സ്റ്റോക്ക് അസസ്മെൻ്റ്, സമുദ്രമത്സ്യ മേഖലയിലെ ഡേറ്റ വിശകനം തുടങ്ങിയ മേഖലകളിൽ ഊന്നൽ നൽകുന്നതാണ് അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ.
മത്സ്യങ്ങളിലെ രോഗബാധ, ആന്റി മൈക്രബോിയൽ പ്രതിരോധം, മറൈൻ ഫിഷ് മൈക്രോബയോം എന്നിവയിലൂന്നിയുള്ള മറൈൻ മൈക്രോബയോളജി രംഗത്തെ ഗവേഷണങ്ങളാണ് ഡോ സുമിത്രയെ ഈ നേട്ടത്തിന് അർഹയാക്കിയത്. മത്സ്യകൃഷിയിൽ ഉത്തരവാദിത്തത്തോടെയുള്ള ആൻ്റിബയോട്ടിക് ഉപയോഗം, സുസ്ഥിര മത്സ്യ മാലിന്യ സംസ്കരണത്തിനുമുള്ള പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകളുടെ വികസനം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് അവരുടെ പ്രധാന ഗവേഷണ പ്രവർത്തനങ്ങൾ.
സി.ഡി. സുനീഷ്.
