കൂൺ കൃഷി ആദായകരമാണ് കൂൺ ഭക്ഷണം ആരോഗ്യകരവും: കൃഷി മന്ത്രി പി. പ്രസാദ്.

തിരുവനന്തപുരം: കൂൺ കൃഷി മേഖല വളരെയധികം ആദായകരമാണെന്നതോടൊപ്പം പ്രോട്ടീൻ കലവറയായ കൂൺ ഭക്ഷണക്രമത്തിന്റെ ഭാഗമാകുന്നത് ജീവിത ശൈലി രോഗങ്ങളോടൊപ്പം കാൻസർ പോലുള്ള മാരക രോഗങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ നമ്മെ സഹായിക്കുമെന്നും കൃഷി മന്ത്രി പി. പ്രസാദ്. കൂൺ ഗ്രാമം പദ്ധതിയിൽ ജില്ലയിലെ ആദ്യത്തെ സംരംഭം വട്ടിയൂർക്കാവ് മണികണ്ഠേശ്വരത്ത് എം.എൽ.എ. അഡ്വ. വി.കെ. പ്രശാന്തിന്റെ അദ്ധ്യക്ഷതയിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാർഷിക മേഖലയിൽ പ്രത്യേകിച്ച് സ്ത്രീകൾക്കും യുവാക്കൾക്കും ഉൾപ്പെടെ മികച്ച വരുമാന മാർഗമായി സ്വീകരിക്കാവുന്ന മേഖലയായി കണ്ടുകൊണ്ടാണ് കൂണിന്റെ ലഭ്യത സംസ്ഥാനത്തുടനീളം ഉറപ്പാക്കുന്നതിനും കൂണിന്റെ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനുമായി കൂൺ ഗ്രാമം എന്ന ബൃഹത് പദ്ധതി കൃഷി വകുപ്പ് നടപ്പിലാക്കുന്നതെന്നു മന്ത്രി പറഞ്ഞു. കൃഷി വകുപ്പും സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ 30 കോടിയിലധികം രൂപ ധനസഹായം നൽകിക്കൊണ്ട് സംസ്ഥാനത്തുടനീളം 100 കൂൺ ഗ്രാമങ്ങൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്നും, വട്ടിയൂർക്കാവ് എം.എൽ.എ. അഡ്വ. വി.കെ. പ്രശാന്തിന്റെ നിരന്തര ആവശ്യപ്രകാരമാണ് നെടുമങ്ങാട് കാർഷിക ബ്ലോക്കിന് പദ്ധതി അനുവദിച്ചതെന്നും മന്ത്രി അറിയിച്ചു. 100 ചെറുകിട കൂൺ ഉത്പാദന യൂണിറ്റുകൾക്ക് പുറമേ 2 വൻകിട കൂൺ ഉൽപ്പാദന യൂണിറ്റും, 1 കൂൺ വിത്തുത്പാദന യൂണിറ്റ്, 3 കൂൺ സംസ്കരണ യൂണിറ്റ്, 2 പാക്ക് ഹൗസ്, 10 കമ്പോസ്റ്റിംഗ് യൂണിറ്റ് എന്നിവ ചേർന്നതാണ് ഒരു സമഗ്ര കൂൺ ഗ്രാമം. അരുന്ധതി എന്ന യുവ വനിതാ കർഷകയാണ് ഫാം വേഗൻ മഷ്‌റൂം എന്ന പേരിൽ സർക്കാർ സഹായത്തോടെ കൂൺ ഉല്പാദന യൂണിറ്റിന് മണികണ്ഠേശ്വരത്ത് തുടക്കം കുറിച്ചത്. ഉല്പാദന യൂണിറ്റിന്റെ ലോഗോ പ്രകാശനവും തദവസരത്തിൽ മന്ത്രിയും എം.എൽ.എ. യും ചേർന്ന് നിർവ്വഹിച്ചു. നിലവിൽ കൂൺ ഉൽപ്പാദനത്തോടൊപ്പം കൂൺ വിത്തുൽപ്പാദന യൂണിറ്റും മൂല്യ വർദ്ധിത ഉല്പന്നങ്ങളുടെ ഉൽപ്പാദനവും സ്ഥലത്ത്  ആരംഭിച്ചിട്ടുണ്ട്. കൃഷി വകുപ്പ് കർഷകരുടെ വരുമാന വർദ്ധനവിനും യുവ കർഷകരെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനും നടപ്പിലാക്കുന്ന പദ്ധതികളെ എം.എൽ.എ. അധ്യക്ഷ പ്രസംഗത്തിൽ പ്രത്യേകം അഭിനന്ദിച്ചു. കാൻസറിനെ പ്രതിരോധിക്കുന്ന കൂൺ ഇനങ്ങളെ കുറിച്ച് പഠിക്കുന്നതിനും അതിന്റെ കൃഷി വ്യാപിപ്പിക്കുന്നതിനുമായി റീജിയണൽ കാൻസർ സെന്ററിലെ ഡോക്ടർമാരും കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരും കൂൺ കൃഷി മേഖലയിലെ കർഷകരും അടങ്ങുന്ന ഒരു സംഘം ഈ വർഷം തന്നെ ഹിമാചൽ പ്രദേശ് സോളനിലെ ഡയറക്ടറേറ്റ് ഓഫ് മഷ്‌റൂം റിസർച്ചിൽ ഒരു പരിശീലന പരിപാടിക്കായി സജ്ജമാകുന്നുണ്ടെന്ന വിവരവും മന്ത്രി തദവസരത്തിൽ അറിയിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ലത. ആർ. സ്വാഗതവും, സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ ഡയറക്ടർ ശ്രീ. തോമസ് സാമുവൽ പദ്ധതി വിശദീകരണവും വട്ടിയൂർക്കാവ് കൃഷി ഓഫീസർ ഡോ. തുഷാര റ്റി ചന്ദ്രൻ ചടങ്ങിന് നന്ദി പ്രകാശനവും നടത്തി. വട്ടിയൂർക്കാവ് സി.പി.ഐ. മണ്ഡലം സെക്രട്ടറി  വട്ടിയൂർക്കാവ് ശ്രീകുമാർ, വട്ടിയൂർക്കാവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.കെ. ദിനേശ് കുമാർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ശ്രീമതി ദീപ വി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ  കെ. ചാരുമിത്രൻ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.



സി.ഡി. സുനീഷ്


Author
Citizen Journalist

Goutham prakash

No description...

You May Also Like