ഐ.ടി വ്യവസായത്തിനുള്ള സ്വര്‍ണഖനിയാണ് കൊച്ചി- ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍
- Posted on February 09, 2025
- News
- By Goutham Krishna
- 101 Views

കൊച്ചി:
ഇന്‍ഫോപാര്‍ക്കിന്‍റെ മൂന്നാം ഘട്ടം കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ ഐടി വ്യവസായത്തിന്‍റെ സ്വര്‍ണഖനിയായി കൊച്ചി മാറുമെന്ന് ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു. കൊച്ചിയില്‍ ക്രെഡായി സ്റ്റേറ്റ് കോണ്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച കമ്പനികള്‍ തേടി വിദ്യാസമ്പന്നര്‍ പോയിരുന്ന കാലം മാറി പ്രതിഭകളെ തേടി കമ്പനികള്‍ എത്തുന്ന സാഹചര്യം നിലവില്‍ വന്നിരിക്കുകയാണെന്ന് സുശാന്ത് കുറുന്തില്‍ ചൂണ്ടിക്കാട്ടി. നൈപുണ്യശേഷിയുള്ള ഐടി സമൂഹം കൊച്ചിയുടെ കൈമുതലാണ്. ഈ അവസരം ഉപയോഗപ്പെടുത്താന്‍ മികച്ച അടിസ്ഥാനസൗകര്യങ്ങളിലൂടെ കൊച്ചിയ്ക്ക് സാധിക്കും.
ആഗോളതലത്തിലുള്ള ഐടി കമ്പനികള്‍ തങ്ങളുടെ പ്രധാന കേന്ദ്രം കൊച്ചിയിലേക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ്. ഇതിനായുള്ള സാമൂഹ്യഅന്തരീക്ഷം ഇവിടെ ഒരുക്കുന്നതിന് ഭരണാധികാരികളും വ്യവസായസമൂഹവും ഐടി ആവാസവ്യവസ്ഥയും ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പത്തുവര്‍ഷത്തിനപ്പുറം എന്തായിരിക്കണം നമ്മുടെ ഐടി മേഖല എന്നതിനെക്കുറിച്ച് വ്യവസായലോകവും സ്ക്രിയമായി ചിന്തിക്കേണ്ട കാലമാണ് വന്നിരിക്കുന്നത്. ശുപാര്‍ശകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടത് അനിവാര്യമാണ്. ഐടി വ്യവസായം ആര്‍ക്കും വേണ്ടി കാത്തിരിക്കില്ല. വന്‍കിട നഗരങ്ങളിലെ വികസനം അതിന്‍റ മൂര്‍ധന്യാവസ്ഥയിലെത്തി നില്‍ക്കുന്നു. ഈ വിടവ് നികത്താന്‍ ചടുലമായ നീക്കങ്ങളോടെ കൊച്ചി സ്വയം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
മെട്രോപോളിറ്റന്‍ കൗണ്‍സില്‍ നിലവില്‍ വരുന്നതോടെ അടിസ്ഥാനസൗകര്യവികസനത്തില്‍ ജിസിഡിഎയ്ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ കൈവരുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍ പിള്ള പറഞ്ഞു. ക്രെഡായി കൊച്ചി മുന്‍ പ്രസിഡന്‍റ് എം വി ആന്‍റണി മോഡറേറ്ററായിരുന്നു.
സി.ഡി. സുനീഷ്