അടുത്ത മാസം മുതല്‍ തൃശൂര്‍ സമ്പൂര്‍ണ ഭക്ഷ്യവിതരണ ജില്ലയാകുമെന്ന് മന്ത്രി ജി ആര്‍ അനില്‍
- Posted on February 06, 2023
- News
- By Goutham Krishna
- 234 Views

തൃശൂർ: അനര്‍ഹമായി കൈവശം വച്ച കാര്‍ഡുകള്‍ പിടിച്ചെടുക്കുന്നത് തുടരും വകുപ്പ് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. അടുത്തമാസം മുതല്‍ തൃശൂര്‍ സമ്പൂര്‍ണ ഭക്ഷ്യവിതരണ ജില്ലയായി മാറുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യമന്ത്രി ജി ആര്‍ അനില്‍. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെയും സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെയും തൃശൂര്‍ ജില്ലാ പ്രവര്‍ത്തന അവലോകനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിലെ അതിദരിദ്രരെ കണ്ടെത്താന്‍ നടത്തിയ സര്‍വേയുടെ ഭാഗമായി റേഷന്‍ കാര്‍ഡ് ഇല്ലാത്തവരായി കണ്ടെത്തിയ 550 കുടുംബങ്ങളില്‍ 487 പേര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭ്യമാക്കാന്‍ ഇതിനകം സാധിച്ചു. പട്ടികയില്‍ അര്‍ഹരായ 31 പേര്‍ക്കു കൂടി കാര്‍ഡ് നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അടുത്ത മാസം അതുകൂടി പൂര്‍ത്തിയാകുന്നതോടെ തൃശൂര്‍ സമ്പൂര്‍ണ ഭക്ഷ്യവിതരണ ജില്ലയായി മാറുമെന്നും അദ്ദേഹം അറിയിച്ചു.
ആദിവാസി മേഖലയിലെ എഎവൈ (അന്ത്യോദയ അന്നയോജന) കാര്‍ഡുകളാക്കി തരം മാറ്റുന്നതിനുള്ള അപേക്ഷകള്‍ ഈ മാസം 15നകം പ്രൊമോട്ടര്‍മാര്‍ നേരിട്ട് ശേഖരിച്ച് 28നകം താലൂക്കുകള്‍ വഴി തരംമാറ്റി നല്‍കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. ഓപ്പറേഷന്‍ യെല്ലോ വഴി ജില്ലയില്‍ അനര്‍ഹമായ 3759 മുന്‍ഗണനാ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി. ഇവരില്‍ നിന്ന് പിഴ ഈടാക്കുന്നതിന്റെ ഭാഗമായി 2.2 കോടിയിലേറെ രൂപയ്ക്കുള്ള നോട്ടീസ് നല്‍കിയിട്ടുണ്ട്. അതില്‍ 1.5 കോടി രൂപ ഇതിനകം പിരിച്ചെടുത്തതായും മന്ത്രി പറഞ്ഞു. 13000ത്തിലേറെ പുതിയ റേഷന്‍കാര്‍ഡുകള്‍ ജില്ലയില്‍ വിതരണം ചെയ്തു. തൃശൂര്‍, ചാലക്കുടി താലൂക്കുകളിലെ 12 ഊരുകളിലായി 387 ആദിവാസി കുടുംബങ്ങള്‍ക്ക് സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതി വഴി ഭക്ഷ്യധാന്യ വിതരണം സുഗമമായി നടന്നുവരുന്നുണ്ട്. അനര്‍ഹമായി കൈവശം വെച്ച മുന്‍ഗണനാ കാര്‍ഡുകള്‍ തിരിച്ചെടുക്കുന്നതിനുള്ള ഓപ്പറേഷന്‍ യെല്ലോ തുടരുമെന്നും മന്ത്രി അറിയിച്ചു.
ജില്ലയിലെ എല്ലാ ആദിവാസി കോളനികളിലും സംസ്ഥാന ഭക്ഷ്യകമ്മീഷന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഗോത്രവര്‍ഗ വനിതാ ഭക്ഷ്യഭദ്രതാ കൂട്ടായ്മയായ ഭാസുരയുടെ പ്രവര്‍ത്തനം മന്ത്രി യോഗത്തില്‍ വിലയിരുത്തി. ആദിവാസി ഗോത്ര വിഭാഗങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും പൊതുവിതരണ ശൃംഖല വഴി നടത്തുന്ന ഭക്ഷ്യധാന്യ വിതരണം സുഗമവും പരാതിരഹിതവുമാക്കുന്നതിനുമായി രൂപീകരിച്ച പദ്ധതിയാണ് ഭാസുര. വിവിധ പട്ടികവര്‍ഗ പിന്നോക്ക കോളനികളിലെ പ്രൊമോട്ടര്‍മാരുമായി മന്ത്രി ആശയവിനിമയം നടത്തി. പരാതികള്‍ കേട്ട മന്ത്രി ആവശ്യമായ നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെച്ചു. റേഷന്‍ കടകളില്‍ നിന്ന് വിതരണം ചെയ്യുന്നതില്‍ ഏറെയും പച്ചരിയാണെന്ന പരാതിയില്‍ അടുത്തമാസം മുതല്‍ തുല്യ അനുപാതത്തില്‍ പുഴുക്കലരിയും പച്ചരിയും വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
ജില്ലയിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലാ സപ്ലൈ ഓഫീസര്‍ പിആര്‍ ജയചന്ദ്രന്‍ അവതരിപ്പിച്ചു. ഭാസുര പദ്ധതി കോവിഡ് മഹാമാരി കാലത്ത് ഏറെ പ്രയോജനപ്പെട്ടെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പി ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗങ്ങളായ കെ ദിലീപ് കുമാര്‍, വി രമേശന്‍, പി വസന്തം, എം വിജയലക്ഷ്മി, സബിദ ബീഗം, തൃശൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ സാബു പോള്‍ തട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
സ്വന്തം ലേഖകൻ