തൊഴിലന്വേഷകർക്ക് സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി പുതിയ പോർട്ടൽ: മന്ത്രി വി. ശിവൻകുട്ടി
- Posted on August 02, 2025
- News
- By Goutham prakash
- 53 Views

സ്വന്തം ലേഖകൻ
കേരളത്തിലെ തൊഴിലന്വേഷകർക്ക് സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി പുതിയ പോർട്ടൽ ( www.privatejobs.employment.kerala.gov.in )ആരംഭിച്ചതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്ററുമായി (NIC) സഹകരിച്ച് തൊഴിൽ വകുപ്പ് വികസിപ്പിച്ച ഈ പോർട്ടൽ, തൊഴിൽ ദാതാക്കളെയും ഉദ്യോഗാർത്ഥികളെയും ഒരുമിപ്പിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പോർട്ടലിന്റെ ഉദ്ഘാടനം മന്ത്രി തിരുവനന്തപുരത്ത് നിർവഹിച്ചു.
പോർട്ടലിന്റെ പ്രധാന സവിശേഷതകൾ:-
* തൊഴിൽ ദാതാക്കളുടെയും അവർ പോസ്റ്റ് ചെയ്യുന്ന ജോലികളുടെയും വിവരങ്ങൾ എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ച് ഉദ്യോഗസ്ഥർ പരിശോധിക്കും. ഇത് പോർട്ടലിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കും.
* തൊഴിൽ ദാതാക്കൾക്ക് ജോബ് ഡ്രൈവുകൾ നടത്താനും കോൾ ലെറ്റർ, അപ്പോയിൻ്റ്മെൻ്റ് ലെറ്റർ എന്നിവ ഓൺലൈനായി അയക്കാനും സാധിക്കും.
* വലിയ തൊഴിൽ മേളകൾ സംഘടിപ്പിക്കാനും ഓൺലൈനായി അപേക്ഷിച്ചവർക്ക് പുറമെ സ്പോട്ട് രജിസ്‌ട്രേഷനിലൂടെ തത്സമയം പങ്കെടുക്കാനും പോർട്ടൽ അവസരം നൽകും.
* 50-നും 65-നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികളുടെ ഡാറ്റാ പോർട്ടലിൽ ഉൾപെടുത്തിയിട്ടുണ്ട് അവർ ആർജിച്ചിട്ടുള്ള തൊഴിൽ നൈപ്പുണ്യവും പ്രവർത്തി പരിചയവും ചേർക്കുന്ന മുറക്ക് അവരെ നവജീവൻ ഡാറ്റാ ബാങ്കിൽ ഉൾപെടുത്തുന്നതാണ്
* ഉദ്യോഗാർത്ഥികൾക്ക് ബയോഡാറ്റയും സ്മാർട്ട് ഐഡി കാർഡും എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാനും തൊഴിൽ ദാതാക്കൾക്ക് നിയമന റിപ്പോർട്ടുകൾ വേഗത്തിൽ ലഭ്യമാക്കാനും സാധിക്കും.
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 10,583 സ്ഥിരം നിയമനങ്ങളും 44,095 താൽക്കാലിക നിയമനങ്ങളും നൽകിയിട്ടുണ്ട്. ഇതിനുപുറമെ, 2015 മുതൽ നടപ്പിലാക്കി വരുന്ന നിയുക്തി തൊഴിൽ മേളകളിലൂടെ ഒരു ലക്ഷത്തിലധികം പേർക്ക് സ്വകാര്യമേഖലയിൽ ജോലി നൽകാൻ കഴിഞ്ഞെന്നും മന്ത്രി കൂട്ടിച്ചേർത്തു. പുതിയ പോർട്ടൽ യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
പ്രസ്തുത ചടങ്ങിൽ എം.എൽ.എ അഡ്വ.ആന്ററണി രാജു അദ്ധ്യക്ഷത വഹിക്കുകയും, എംപ്ലോയ്മെന്റ് ഡയറക്ടർ സുഫിയാൻ അഹമ്മദ് ഐ.എ.എസ് സ്വാഗതം ആശംസിച്ചു. തുടർന്ന് ജി. മാധവദാസ്, തൈകാട് വാർഡ് കൗൺസിലർ, കെ.വി. ജയകുമാർ, NIC സീനിയർ ഡയറക്ടർ,സജിത്കുമാർ റ്റി, എംപ്ലോയ്മെന്റ്റ് ഡെപ്യൂട്ടി ഡയറക്ടർ, അശ്വതി ജി.ഡി., മേഖല എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ ആശംസകൾ നേർന്നു. എംപ്ലോയ്മെന്റ് ജോയിന്റ് ഡയറക്ടർ മോഹനദാസ് പി.കെ നന്ദി പ്രകാശിപ്പിച്ചു.