അമൂല്യ പ്രണയ ജീവിതത്തിന് തിരശീല വീണപ്പോൾ ഷഹാനയുടെ പ്രണവ് യാത്രയായി
- Posted on February 18, 2023
- News
- By Goutham Krishna
- 283 Views

തൃശൂർ: പ്രണയത്തിന്റെ ശക്തി കൊണ്ട് വിസ്മയിപ്പിച്ച തൃശൂർ സ്വദേശി പ്രണവ് മരണത്തിന് കീഴടങ്ങി. പ്രണവിന്റെയും ഷഹാനയുടെയും പ്രണയവും വിവാഹവുമെല്ലാം സൈബർ ഇടങ്ങളിൽ വൈറലായിരുന്നു. അപകടത്തിൽ ശരീരം തളർന്ന പ്രണവിനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു ഷഹാന. വെള്ളിയാഴ്ച രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവശനായ പ്രണവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എട്ടു വർഷങ്ങൾക്കു മുൻപ് നടന്ന അപകടത്തിലാണ് പ്രണവ് നെഞ്ചിനു താഴേക്കു തളർന്ന് കിടപ്പിലായത്. കൂട്ടുകാരനുമായി ബൈക്കിൽ പോകവേ ബൈക്ക് സ്കിഡ് ആയി മതിലിൽ ഇടിച്ചതിനെ തുടർന്ന് പുറകിലിരുന്ന പ്രണവ് തെറിച്ചു പോയി അടുത്തുള്ള ഒരു തെങ്ങിലിടിച്ചു നിലത്ത് വീണു. ആശുപത്രിയിൽ എത്തിച്ച പ്രണവ് ദിവസങ്ങളോളം വെന്റിലേറ്ററിൽ കിടന്നു. തുടർന്ന് ഓപ്പറേഷൻ ചെയ്തെങ്കിലും സ്പൈനൽ കോഡ് ഇഞ്ചുറി ആയതിനാൽ ശരീരം നെഞ്ചിന് താഴോട്ട് തളർന്നു പോയിരുന്നു.
തുടർന്ന് കൂട്ടുകാരുടെയും വീട്ടുകാരുടെയും സഹായത്തോടെയാണ് പ്രണവ് ജീവിതത്തിലേക്കു തിരിച്ചു വന്നത്. ഇതിനിടെ സമൂഹമാധ്യമങ്ങളിലൂടെ പ്രണവിന്റെ ജീവിതം കണ്ടറിഞ്ഞ തിരുവനന്തപുരം സ്വദേശിയായ ഷഹാന തേടിയെത്തി. 2020 മാർച്ച് 4ന് കൊടുങ്ങല്ലൂർ ആല ക്ഷേത്രത്തിൽവച്ച് ഇവർ വിവാഹിതരാകുകയുമായിരുന്നു. ഒട്ടേറെ എതിർപ്പുകളെ മറികടന്നായിരുന്നു ഇവരുടെ വിവാഹം. സ്വപ്‌നങ്ങൾ ബാക്കിയാക്കി, ഷഹാനയെ തനിയെ യാക്കി അനന്തതയിലേക്ക് പോയ പ്രണവിന്റെ വിയോഗത്തിൽ സോഷ്യൽ മീഡിയയിലൂടെ അവരെ നെഞ്ചോട് ചേർത്ത മലയാളക്കയൊന്നാകെ വേദന പങ്കിടുകയാണിപ്പോൾ.
പ്രത്യേക ലേഖിക