വ്യവസായ യൂണിറ്റുകളുമായി സഹകരണ |ത്തിനൊരുങ്ങി കാലിക്കറ്റ് സര്‍വകലാശാല.

കോഴിക്കോട്: വ്യവസായ സംരഭങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ പാഠ്യപദ്ധതി വികസിപ്പിക്കുന്നതിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ സംഘം കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വ്യവസായ യൂണിറ്റുകള്‍ സന്ദര്‍ശിച്ചു. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. വ്യവസായ സംരഭങ്ങള്‍ക്കാവശ്യമായ തരത്തില്‍ പാഠ്യപദ്ധതി ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുക, പഠനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ പരിശീലനത്തിന് സഹകരണം ഉറപ്പാക്കുക,  തൊഴില്‍ ലഭ്യത ഉറപ്പാക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകള്‍ തുടങ്ങുന്നത് പരിഗണിക്കുക തുടങ്ങിയവയാണ് സഹകരണത്തിന്റെ ലക്ഷ്യം. ചെരുപ്പ് കമ്പനികള്‍,  ഭക്ഷ്യോത്പന്ന നിര്‍മാണ ശാലകള്‍, മരവ്യവസായശാലകള്‍, ഐ.ടി. പാര്‍ക്ക് എന്നിവിടങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 130-ഓളം ചെരുപ്പ് നിര്‍മാണക്കമ്പനികളുണ്ട്. കെമിസ്ട്രി പഠനവകുപ്പുമായാണ് ഇവര്‍ സഹകരിക്കുക. ഭക്ഷ്യോത്പന്ന നിര്‍മാണ കമ്പനികളുമായി ബയോടെക്നോളജി പഠനവകുപ്പും സര്‍ക്കാറിന്റെ ഐ.ടി. പാര്‍ക്കുമായി കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പും കൈ കോര്‍ക്കും. കല്ലായി മേഖലയിലെ മരവ്യവസായത്തിന്റെ ഭാഗമായുണ്ടാകുന്ന അറക്കപ്പൊടി മൂല്യവര്‍ധിത ഉത്പന്നമാക്കുന്നതിനുള്ള ഗവേഷണ സഹായവും പരിഗണനയിലുണ്ട്. അടുത്ത ഘട്ടത്തില്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ അധ്യക്ഷതയില്‍ സംരഭകരുമായി വിശദമായ ചര്‍ച്ച നടത്തും.   സര്‍വകലാശാലയുടെ കണ്‍സള്‍ട്ടന്‍സി ഡയറക്ടര്‍ ഡോ. അബ്രഹാം ജോസഫ്, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, ഡോ. ടി. മുഹമ്മദ് ഷാഹിന്‍, ഡോ. സി. ഗോപിനാഥന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികളായ എം. എ. മഹബൂബ്, കെ. അരുണ്‍ കുമാര്‍ എന്നിവര്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

സ്വന്തം ലേഖകൻ .

Author
Citizen Journalist

Goutham Krishna

No description...

You May Also Like