ആദിമജന വിഭാഗങ്ങളുടെ ചെറുത്തുനിൽപ്പിന്റെ പ്രതീകമായി ബിനാലെയിൽ 'എംബസി'

കൊച്ചി : ആദിമജന വിഭാഗങ്ങളുടെ ചെറുത്തുനിൽപ്പിന്റെ പ്രതീകമായി കൊച്ചി മുസിരിസ് ബിനാലെയിൽ 'എംബസി'. പ്രമുഖ ഓസ്‌ട്രേലിയൻ കലാകാരൻ റിച്ചാർഡ് ബെൽ ഒരു തമ്പ് ഒരുക്കിയാണ് 'എംബസി' എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. ഓസ്‌ട്രേലിയയിൽ ആദിമജന വിഭാഗങ്ങൾ അധിനിവേശാനന്തര കാലത്തും നേരിടുന്ന വിവേചനവും ചൂഷണവും പ്രമേയമാക്കി ആവിഷ്‌കരിച്ച പ്രതിഷ്ഠാപനം (ഇൻസ്റ്റലേഷൻ) ആഗോളതലത്തിൽ തന്നെ ആദിമസമൂഹത്തിന്റെ പ്രതിരോധത്തിനായി ആഹ്വാനം ചെയ്യുന്നു.

ഇപ്പോഴും മനസുകളിൽ വേരറ്റുപോകാതെ നിലനിൽക്കുന്ന യജമാനൻ - അടിമ മനോഭാവം ഏറ്റവും വെറുക്കപ്പെടേണ്ട ഒന്നായാണ് കണക്കാക്കുന്നതെന്ന് അദിമവംശജൻ കൂടിയായ 70കാരൻ റിച്ചാർഡ് ബെൽ പറയുന്നു. കടുത്ത അതൃപ്‌തി പ്രകടിപ്പിക്കാൻ സ്വന്തം നാട്ടിൽതന്നെ ആദിമജനസമൂഹം ഒരു എംബസിയുണ്ടാക്കിയാൽ കുറ്റം പറയാനാകുമോ? ഈ 'എംബസി' അന്താരാഷ്ട്ര തലത്തിൽ ആദിമജനസമൂഹത്തിന്റെ ദുരവസ്ഥയുടെ സൂചകമെന്ന നിലയ്ക്ക് ഏറ്റെടുക്കപ്പെട്ടതായും റിച്ചാർഡ് ബെൽ ചൂണ്ടിക്കാട്ടി.

ആദിമജനങ്ങളുടെ ചെറുത്തുനിൽപ്പും ക്ഷേമവും ഉറപ്പാക്കാനും അവർക്കായി ശബ്‌ദിക്കുന്ന പ്രസ്ഥാനങ്ങളുടെ ഐക്യദാർഢ്യത്തിനുമായി അവതരണങ്ങളും വീഡിയോ പ്രദർശനങ്ങളും ചർച്ചകളും നടത്താനുള്ള ഇടമായി 'അബൊറിജിനൽ എംബസി' എന്ന തമ്പ് വിഭാവനം ചെയ്‌തിരിക്കുന്നു. ഫോർട്ടുകൊച്ചി ആസ്‌പിൻവാൾ ഹൗസിൽ ഔട്ട്ഡോറായി ഒരുക്കിയ തമ്പിന്റെ പുറംവശങ്ങളിൽ വിവേചന - ചൂഷണ വിരുദ്ധമായ രൂക്ഷവിമർശനങ്ങളുടെ പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. അതിലൊന്നിൽ പറയുന്നതിങ്ങനെ: ''ആദിമജനമായി ജീവിക്കാൻ അനുവദിക്കാതിരുന്നിട്ട് പിന്നെന്തിനാണ് ജനാധിപത്യം പ്രഘോഷിക്കുന്നത്?"

ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന സമകാലീന കലാകാരനായി ഗണിക്കുന്ന റിച്ചാർഡ് ബെൽ അറിയപ്പെടുന്ന ആക്റ്റിവിസ്റ്റുമാണ്. 'എംബസി' ലോകത്തെ പ്രമുഖ സമകാലീന കലാമേളകളിൽ അവതരിപ്പിച്ചിട്ടുണ്ട്. വർണ്ണവെറിക്കെതിരായും ആദിമജനസമൂഹത്തിന്റെ ഭൂമി പ്രശ്‌നങ്ങളിലെ പ്രതികരണമായും വലിയ കാൻവാസിലുള്ള പെയിന്റിംഗുകളും റിച്ചാർഡ് ബെല്ലിന്റേതായി ബിനാലെയുടെ ആസ്‌പിൻവാൾ ഹൗസ് വേദിയിൽ കാണാം.



Author
Citizen Journalist

Goutham Krishna

No description...

You May Also Like