നാലുവര്‍ഷ ബിരുദം മൂന്നാം സെമസ്റ്ററിലേക്ക്; മുന്നൊരുക്ക യോഗങ്ങൾക്ക് തുടക്കമാകും.

സംസ്ഥാനത്തെ കലാലയങ്ങളിൽ ആരംഭിച്ച നാലുവര്‍ഷ ബിരുദ പരിപാടി ആദ്യ രണ്ടു സെമസ്റ്ററുകള്‍ പൂര്‍ത്തിയാക്കി രണ്ടാംവർഷത്തിലേക്ക് കടക്കുന്നതിനു മുന്നോടിയായി വിപുലമായ യോഗങ്ങൾ വിളിച്ചുചേർക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സർവ്വകലാശാലകളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന ആസൂത്രണയോഗം ഏപ്രിൽ 22ന് രാവിലെ പത്തുമണിക്ക് കേരള സർവ്വകലാശാല സെനറ്റ് ചേമ്പറിൽ ചേരും.


വിദ്യാര്‍ത്ഥികൾക്ക് കോളേജുകളും സര്‍വ്വകലാശാലകളും മാറാനും മേജര്‍ വിഷയത്തിൽ മാറ്റം വരുത്താനും അവസരങ്ങളോടെയാണ് നാലുവര്‍ഷ ബിരുദപരിപാടിയുടെ മൂന്നാം സെമസ്റ്ററിന് തുടക്കമാവുക. ഇതിന്റെയും, മിടുക്കരായ വിദ്യാർത്ഥികൾക്ക് കുറഞ്ഞ കാലയളവിൽ ബിരുദപഠനം പൂർത്തിയാക്കാൻ അവസരം നൽകുന്ന എൻ മൈനസ് വൺ സംവിധാനത്തിന്റെയും വിശദമായ മുന്നൊരുക്കമാണ്  

സർവ്വകലാശാല പ്രതിനിധികളുടെ യോഗത്തിന്റെ മുഖ്യ ലക്‌ഷ്യം. അടുത്ത വർഷത്തെ ഏകീകൃത അക്കാദമിക് കലണ്ടര്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗം ആസൂത്രണം ചെയ്യും. ലഹരിവിരുദ്ധ ക്യാമ്പയിൻ, വിജ്ഞാനകേരളം പദ്ധതി എന്നിവ കൂടി യോഗത്തിന്റെ അജണ്ടയാവും. സർവ്വകലാശാല വൈസ് ചാൻസലർമാർ, രജിസ്ട്രാർമാർ, സിണ്ടിക്കേറ്റ് അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. 


തുടർന്ന് ഏപ്രിൽ 29ന് സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ്‌, സ്വാശ്രയ കോളേജ് പ്രിൻസിപ്പൽമാരുടെ യോഗവും തിരുവനന്തപുരത്ത് ചേരും. അദ്ധ്യാപക-വിദ്യാർത്ഥി സംഘടനകളുടെ യോഗവും പിറകെ വിളിച്ചുചേർക്കും. 


അടുത്ത വിദ്യാഭ്യാസ വർഷത്തിലെ കലാലയ പ്രവർത്തനങ്ങൾക്കുള്ള മുന്നൊരുക്കമായാണ് ഈ യോഗങ്ങൾ വിളിച്ചുചേർക്കുന്നതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ലഹരിവിരുദ്ധ ക്യാമ്പയിൻ, വിദ്യാർത്ഥികൾക്ക് തൊഴിലും നൈപുണിയും ഉറപ്പു വരുത്തുന്ന വിജ്ഞാനകേരളം പദ്ധതി എന്നിവ വിപുലീകരിക്കുന്നതിനുള്ള രൂപരേഖ ഈ യോഗങ്ങളിൽ തയ്യാറാക്കും - മന്ത്രി പറഞ്ഞു.

Author
Citizen Journalist

Goutham prakash

No description...

You May Also Like