ക്ഷീരവികസന വകുപ്പിന് 'ക്ഷീരശ്രീ പോർട്ടൽ'

 




 ക്ഷീരവികസന വകുപ്പിന്റെ ക്ഷീരശ്രീ പോർട്ടലിൽ ഓൺലൈൻ പാൽ സംഭരണ വിപണന സംവിധാനത്തിന്റെ ഉദ്ഘാടനം ബഹു.കേരള മുഖ്യമന്ത്രി

പിണറായി വിജയൻ നിർവ്വഹിച്ചു. ഗ്രാമീണ സമ്പദ്‍വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാർ സുപ്രധാന പങ്കു വഹിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ക്ഷീരശ്രീ പോർട്ടലിന്റെ വീഡിയോ പ്രകാശനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവ്വഹിച്ചു. 

 ക്ഷീരകർഷകരുടെ സാമ്പത്തിക സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ട് പാൽ ഉല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. പാലുല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് സഹകരണ പ്രസ്ഥാനങ്ങൾ ആയ ക്ഷീര സഹകരണസംഘങ്ങൾക്ക് സുപ്രധാനമായ പങ്കുണ്ട്. 3.97 ലക്ഷം കർഷകർ 3608 ക്ഷീരസംഘങ്ങളിൽ അംഗത്വം എടുത്തിട്ടുണ്ട്. നിലവിൽ ഏകദേശം 2 ലക്ഷം കർഷകർ ദൈനംദിനം ഈ ക്ഷീരസംഘങ്ങളിലൂടെ പാൽ അളക്കുന്നു. ക്ഷീരസംഘങ്ങളിലൂടെയുള്ള പാൽ സംഭരണം ഏകദേശം 7 ലക്ഷം മെട്രിക്ക് ടണ്ണാണ്. അതായത് ആകെ ഉത്പാദനത്തിന്റെ 27 ശതമാനത്തോളം പാൽ ക്ഷീരസംഘങ്ങളിലൂടെ സംഭരിച്ച് വിതരണം ചെയ്തു വരുന്നു. 

 ക്ഷീരസംഘങ്ങളെ ശാക്തീകരിക്കുന്നതിനും പ്രവർത്തനങ്ങൾ സുതാര്യവും കാര്യക്ഷമവും ആക്കുന്നതിനും സംസ്ഥാനത്തൊട്ടാകെ ഏകീകൃത സോഫ്റ്റ്‌വെയർ സംവിധാനം നടപ്പിലാക്കുക എന്നതാണ് സർക്കാർ മുന്നോട്ടുവച്ചിട്ടുള്ള ലക്ഷ്യം. ഇതിനായുള്ള ഒരു പ്രധാന ചുവടുവെപ്പാണ് “ക്ഷീരശ്രീ” പോർട്ടൽ. ക്ഷീരവികസന വകുപ്പിന്റെ എല്ലാപ്രവർത്തനങ്ങളും ഓൺലൈൻ ആക്കുന്നതിന്റെ ഭാഗമായി, സുതാര്യത ഉറപ്പുവരുത്തി കാര്യക്ഷമതയോടെ നീതിയുക്തമായ സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ഇ-ഗവേണന്‍സ് തത്വത്തിലധിഷ്ടിതമായി തയാറാക്കിയ ഒരു വെബ് പോർട്ടൽ ആണ് ക്ഷീരശ്രീ. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ക്ഷീരമേഖലക്കായി ഇത്തരം ഒരു പോർട്ടൽ രൂപകല്പന ചെയ്തിരിക്കുന്നത്. ട്രഷറി, റവന്യൂ, പൊതുവിതരണം തുടങ്ങിയ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടു ക്ഷീരവികസന വകുപ്പിന്റെ വിവിധ ധനസഹായങ്ങൾക്ക് അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള ക്ഷീരശ്രിയിലെ മോഡ്യൂൾ നിലവിൽ പ്രവർത്തന സജ്ജമാണ്. ഈ പോർട്ടലിലൂടെ കർഷകന് സംഘത്തില്‍ പാല്‍ നല്‍കുമ്പോള്‍ തന്നെ സംഘത്തിലെ ഇലക്ട്രോണിക് പാല്‍ പരിശോധനാ ഉപകരണങ്ങളില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ തത്സമയം പോർട്ടലിലേക്ക് ലഭ്യമാകുകയും അതുവഴി ശരിയായ വില കർഷകന്റെ അക്കൗണ്ടിലേക്ക് നല്‍കുന്നതിനും സാധിക്കുന്നു. ഈ ഉദ്യമം ക്ഷീരമേഖലയിൽ ഒരു പുതിയ ഉണർവ്വ് പകരും എന്ന് നിസ്സംശയം പറയുവാൻ സാധിക്കും. പരിപൂർണ്ണമായും ഓൺലൈനായി പ്രവർത്തിക്കുന്ന ഈ സംവിധാനത്തിലൂടെ കർഷകർക്ക് വിവിധ ഓഫീസുകൾ കയറി ഇറങ്ങാതെ അപേക്ഷകൾ സമർപ്പിച്ചു ധനസഹായങ്ങൾ ലഭിക്കുന്നതിനു സാധിക്കുന്നു. ക്ഷീരശ്രീയുടെ പ്രവർത്തന മികവിനു അംഗീകാരമായി ദേശീയതലത്തിൽ ഡിജിറ്റൽ ഇന്ത്യ അവാർഡും ലഭിച്ചിട്ടുണ്ട്. കൂടാതെ കേരള സംസ്ഥാന ഇ-ഗവേണൻസ് അവാർഡും ലഭിച്ചിട്ടുണ്ട്. ക്ഷീരവികസന വകുപ്പിനുവേണ്ടി നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ ആണ് ക്ഷീരശ്രീ പോർട്ടൽ തയാറാക്കിയിരിക്കുന്നത്. ക്ഷീരമേഖലയിൽ ഇത്തരത്തിലുള്ള ഒരു സോഫ്റ്റ്‍വെയർ ഇന്ത്യയിൽ തന്നെ ഇദംപ്രദമമാണ്.. 

 ഈ ചടങ്ങിൽ വച്ച് മിൽമയുടെ പുതിയ രണ്ട് ഉല്പന്നങ്ങളുടെ വിപണ ഉദ്ഘാടനവും ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി നിർവ്വഹിച്ചു. മിൽമയുടെ നവീന ഉല്പന്നങ്ങളായ കാഷ്യൂ വിറ്റാ പൗഡർ, ടെന്റർ കോക്കനട്ട് വാട്ടർ എന്നീ ഉല്പന്നങ്ങളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. 

  യോഗത്തിൽ എം. എൽ.എ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷീര വികസന വകുപ്പ് ഡയറക്ടർ ആസിഫ് കെ യൂസഫ് ഐഎഎസ് സ്വാഗത ആശംസിച്ചു.മിൽമ ചെയർമാൻ കെ.എസ്.മണി, ക്ഷീരകർഷക ക്ഷേമനിധി ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ, മിൽമ മേഖലാ യൂണിയൻ ചെയർമാൻമാരായ മണി വിശ്വനാഥ്, എം.റ്റി ജയൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ശാലിനി ഗോപിനാഥ് ചടങ്ങിനു കൃതജ്ഞത രേഖപ്പെടുത്തി.




സി.ഡി. സുനീഷ്

Author

Varsha Giri

No description...

You May Also Like