കോവിഡ് വ്യാപനമില്ലാതിരുന്ന സ്ഥലത്തെ മൊബൈൽകട തുറന്നതിനെതിരെ കേസ്: ഉന്നത അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
- Posted on February 25, 2023
- News
- By Goutham Krishna
- 187 Views
തിരുവനന്തപുരം : (പാലോട്): കോവിഡ് കണ്ടയിൻമെന്റ്സോൺ അല്ലാതിരുന്ന സ്ഥലത്തുള്ള മൊബൈൽ ഫോൺ കട തുറന്നതിന്റെ പേരിൽ ഉടമക്കെതിരെ കേസെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ പാലോട് പോലീസിനെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷർ ഉത്തരവിട്ടു. പാലോട് പോലീസ് രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 2079/21 കേസ് ഒരു ഉയർന്ന പോലീസുദ്യോഗസ്ഥനെ കൊണ്ട് പുനരന്വേഷിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. പരാതിക്കാരനായ പെരിങ്ങമല കൊല്ലരുക്കോണം തടത്തരികത്ത് വീട്ടിൽ എ. സുൽഫിക്കർക്കെതിരെ കേസ് എടുക്കാനുള്ള സാഹചര്യം ഡി.വൈ.എസ്.പി. റാങ്കിൽ കുറയാത്ത ഉയർന്ന ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്.2021 സെപ്റ്റംബർ 4 നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2021 ഓഗസ്റ്റ് 31 ന് പെരിങ്ങമല ഗ്രാമപഞ്ചായത്ത് തന്റെ മൊബൈൽ പാലസ് എന്ന കട തുറന്ന് പ്രവർത്തിപ്പിക്കാൻ അനുഭവം നൽകിയിട്ടുള്ളതാണെന്ന് പരാതിക്കാരൻ അറിയിച്ചു. സെപ്റ്റംബർ 4 ന് പെരിങ്ങമല ഗ്രാമപഞ്ചായത്തിലെ 6,11 വാർഡുകൾ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ തന്റെ കട പ്രവർത്തിച്ചിരുന്ന 14-ാം വാർഡ് കണ്ടയിൻമെന്റ് സോൺ ആയിരുന്നില്ലെന്ന് പരാതിയിൽ പറയുന്നു. പാലോട് പോലീസ് ഇൻസ്പെക്ടറായിരുന്ന മനോജ് അധികാര ദുർവിനിയോഗം നടത്തിയതായി കമ്മീഷൻ കണ്ടെത്തി. ഈ സാഹചര്യത്തിലാണ് അന്വേഷണം ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയത്.
പ്രത്യേക ലേഖകൻ