കാർഷിക സംരംഭകർക്ക് വഴികാട്ടിയാകുവാൻ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഡി പി ആർ ക്ലിനിക്കുകൾ സംഘടിപ്പിക്കും: കൃഷി മന്ത്രി പി പ്രസാദ്

  • Posted on February 16, 2023
  • News
  • By Fazna
  • 133 Views

തിരുവനന്തപുരം: സംരംഭകർക്ക് വഴികാട്ടിയാകുക എന്ന ലക്ഷ്യത്തിൽ കൃഷി വകുപ്പ്  സംഘടിപ്പിക്കുന്ന വൈഗ ഡി.പി.ആർ ക്ലിനിക് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ഉത്ഘാടനം ചെയ്തു. മൂല്യ വർദ്ധിത കാർഷിക ഉത്പന്നങ്ങൾ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഉടൻ  ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ 'കേരൾ ആഗ്രോ' ബ്രാൻഡിൽ എത്തിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. കൃഷി വകുപ്പ് ഫാമുകൾ, ജൈവ ഉത്പാദന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ 100 ഉത്പന്നങ്ങളായിരിക്കും ഓൺലൈൻ വിപണിയിൽ ആദ്യഘട്ടത്തിൽ ലഭ്യമാക്കുക. അടുത്ത ഘട്ടത്തിൽ കർഷകരുടെ ഉൽപ്പന്നങ്ങൾ കൂടി ബ്രാൻഡിൽ ഉൾപ്പെടുത്തി ഓൺലൈനിൽ ലഭ്യമാക്കും. പ്രാവർത്തികമല്ലാത്ത പ്രൊജെക്ടുകൾ തയ്യാറാക്കുന്നതു കാരണം കാർഷിക സംരംഭങ്ങൾ ആരംഭിക്കുന്നതിന് തടസ്സങ്ങൾ ഉണ്ടാകാറുണ്ടെന്നു  മന്ത്രി പറഞ്ഞു. കാർഷികോൽപ്പന്നങ്ങളുടെ മൂല്യ വർദ്ധന മേഖലയിൽ വിശദമായ പദ്ധതി രേഖയുടെ പ്രാധാന്യത്തെകുറിച്ച് ക്ലിനിക് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാർഷിക മേഖലയിലെ സംരംഭകത്വ വികസനത്തിന് മുതൽക്കൂട്ടാകുകയാണ് വൈഗ 2023 ഡി പി ആർ ക്ലിനിക് വഴി ലക്ഷ്യമിടുന്നതെന്നും, തുടർന്നും കൃത്യമായ ഇടവേളകളിൽ ക്ലിനിക്കുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.  

കാർഷിക മൂല്യ വർദ്ധന ശൃംഖലയുടെ വികസനം എന്ന ആശയത്തിൽ കേരള സർക്കാർ കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന ആറാമത് വൈഗയോടനുബന്ധിച്ചാണ് ഡി പി ആർ ക്ലിനിക് തിരുവനന്തപുരം സമേതിയിൽ സംഘടിപ്പിച്ചത്. ക്ലിനിക്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഓരോ സംരംഭകർക്കും അവരവരുടെ സംരംഭങ്ങൾ ആരംഭിക്കുന്നതിനും വിജയകരമാക്കുന്നതിനും ആവശ്യമായ ഒരു വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡി പി ആർ) നൽകുന്നതിനോടൊപ്പം, സർക്കാർ പദ്ധതികളിൽ നിന്നുള്ള ആനുകൂല്യം  നേടാനും അവസരം ലഭിക്കും. വിവിധ സംരംഭകരും, ഈ മേഖലയിലെ ശാസ്ത്രജ്ഞരും സാമ്പത്തിക വിദഗ്ധരും, സാങ്കേതിക വിദഗ്ധരും ക്ലിനിക്കിൽ പങ്കെടുക്കുന്നുണ്ട്. മൂന്ന് ദിവസമായി നടക്കുന്ന ക്ലിനിക്കിന്റെ ആദ്യ ദിവസത്തിൽ 15 സംരംഭകരുടെ ആശയങ്ങളാണ് വിദഗ്ധ സമിതി വിശകലനം ചെയ്തത്. 3 ദിവസത്തെ ക്ലിനിക്കിലൂടെ 50 സംരംഭകരുടെ ആശയങ്ങളെ വിശകലനം ചെയ്ത് അവരുടെ സംരംഭങ്ങൾക്ക് വഴികാട്ടിയാകുന്ന വിശദമായ പദ്ധതി രേഖ (ഡി പി ആർ) തയ്യാറാക്കും.   അവരവരുടെ സംരംഭങ്ങൾക്ക് ഉതകുന്ന ഡി പി ആര്‍ വൈഗയുടെ വേദിയിൽ വച്ച് വിതരണം ചെയ്യും. 

കൃഷി വകുപ്പ് ഡയറക്ടർ കെ എസ് അഞ്ജു ഐ എ എസ് അധ്യക്ഷയായ  യോഗത്തിൽ സമേതി ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. കാർഷിക വില നിർണ്ണയ ബോർഡ് ചെയർമാൻ രാജശേഖരൻ, കാർഷിക സർവ്വകലാശാലയിലെ സാമ്പത്തിക ശാസ്ത്രവിഭാഗം ശാസ്ത്രജ്ഞർ, കേന്ദ്ര കാർഷിക റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധർ, അഗ്രിക്കൾച്ചർ ഫിനാൻസ് കോർപറേഷൻ പ്രതിനിധികൾ,  സംസ്ഥാന തല ബാങ്കേഴ്സ് പ്രതിനിധികൾ, SFAC കേരളയുടെ പ്രതിനിധികൾ, കാർഷിക അടിസ്ഥാന സൗകര്യ നിധിയുടെ പ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, വിവിധ സംരംഭകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. എസ്‌ എഫ് എ സി പ്രൊജക്റ്റ് മാനേജർ ആശാ രാജ് യോഗത്തിനു നന്ദി പറഞ്ഞു.


സ്വന്തം ലേഖകൻ 

Author
Citizen Journalist

Fazna

No description...

You May Also Like