കേരള സ്ഥിരമായി വൈകുന്നു; പകരം സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തം

കടുത്തുരുത്തി: ന്യൂ ഡെൽഹി തിരുവനന്തപുരം കേരള എകസ്പ്രസ്സ് രണ്ട് മാസമായി  മണിക്കൂറുകൾ വൈകി എത്തുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. ദീർഘദൂര യാത്രക്കരടക്കം ട്രെയിനിൽ യാത്ര ചെയ്യുന്നവരും വൈക്കത്തുനിന്നും വർക്കല ശിവഗിരി തീർത്ഥാടകരടക്കം തിരുവനന്തപുരം ഭാഗത്തേക്ക് യാത്രചെയ്യുന്നവരും മറ്റു യാത്രാമാർഗങ്ങൾ തേടേണ്ട അവസ്ഥയാണ്. എറണാകുളത്ത് നിന്നും വൈകിട്ട് 5 ന് പുറപ്പെടുന്ന കേരള എകസ്പ്രസ്സ് വൈക്കത്തേക്കുള്ള സ്ത്രീകളും വിദ്യാർത്ഥികളും അടങ്ങുന്ന വലിയൊരു വിഭാഗം യാത്രക്കാരുടെ ഏക ആശ്രയമാണ്. നിലവിൽ കേരള എക്സ്പ്രസ്സ് കഴിഞ്ഞാൽ  06:15ന് പുറപ്പെടുന്ന മെമു ആണ് പിന്നീട് വൈക്കം റോഡ് സ്റ്റേഷനിലേക്ക് എറണാകുളത്ത് നിന്നുള്ള ഏക സർവീസ്.

വൈക്കത്ത് നിന്ന് നേരിട്ട് തിരുവനന്തപുരത്തേക്കുള്ള ഏക ട്രെയിൻ ആണ് കേരള എക്സ്പ്രസ്സ്.അതുകൊണ്ട് തന്നെ നിരവധി യാത്രക്കാരാണ് ദിവസവും കേരള എക്സ്പ്രസ്സിനെ ആശ്രയിക്കുന്നത്.നിലവിൽ ദിവസവും അർധരാത്രിക്കുശേഷം എത്തുന്നതിനാൽ വൈക്കത്ത് നിന്നുള്ള യാത്രക്കാർക്ക് തിരുവനന്തപുരത്തേക്ക്  ട്രെയിൻ ഇല്ലാതായിരിക്കുകയാണ്. മെമുവിന് മുന്നേ വേണാട് കടന്നു പോകുന്നതിനാൽ മെമുവിൽ മറ്റ് സ്റ്റേഷനുകളിൽ ഇറങ്ങി പോലും യാത്ര തുടരാൻ സാധിക്കുകയില്ല.

നിരവധി യാത്രക്കാരാണ് ഉയർന്ന തുക നൽകി സൂപ്പർഫാസ്റ്റ് സീസൺ ടിക്കറ്റ് അടക്കം എടുത്തത് ഇവരെല്ലാം ആണ് ഇപ്പോൾ വലയുന്നത്.പരീക്ഷാകാലം ആയതിനാൽ കേരളയുടെ സമയം തെറ്റിയുള്ള വരവ്  വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കേരള എക്സ്പ്രസ്സ് വൈകി എത്തുന്ന ദിവസങ്ങളിൽ താത്ക്കാലികമായി വേണാട് എക്സ്പ്രസ് ട്രെയിനിന് വൈക്കത്ത് സ്റ്റോപ്പ് അനുവദിച്ചാൽ തൃശൂർ മുതൽ വൈക്കം വരെയും വൈക്കം മുതൽ തിരുവനന്തപുരം വരെയും ഉള്ള യാത്രക്കാർക്ക് പ്രയോജനം ചെയ്യുകയും പ്രശ്നത്തിന് താത്കാലിക പരിഹാരം ആവുകയും ചെയ്യും.

കേരള എക്സ്പ്രസ്സ് സമയക്രമം പാലിക്കണമെന്നും വേണാട് എക്സ്പ്രസ് അടക്കം കൂടുതൽ എക്സ്പ്രസ്സ് ട്രെയിനുകൾക്ക് വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് യാത്രക്കാരുടെ കൂട്ടായ്മയായ വൈക്കം റോഡ് യൂസേഴ്സ് ഫോറം റയിൽവേ അധികാരികൾക്ക് പരാതി സമർപ്പിച്ചു.

Author
Citizen Journalist

Goutham Krishna

No description...

You May Also Like