ബസുകളിലെ പരസ്യം നീക്കാനുള്ള ഉത്തരവ്; പ്രതിസന്ധികളില്‍ നട്ടം തിരിയുന്ന കെഎസ്‌ആര്‍ടിസിക്ക് ഇരുട്ടടി
- Posted on October 15, 2022
- News
- By Goutham prakash
- 212 Views
പുതിയ സാഹചര്യത്തില്‍ പരസ്യങ്ങള്‍ പിന്‍വലിച്ചാല്‍ പരസ്യ ഇനത്തില്‍ മുന്‍കൂറായി വാങ്ങിയ പണവും തിരിച്ചു കൊടുക്കേണ്ടിവരും.
ബസുകളിലെ പരസ്യം നീക്കണമെന്ന ഹൈക്കോടതി നിര്‍ദേശം കെഎസ്‌ആര്‍ടിസിക്ക് തിരിച്ചടിയാകും. പ്രതിമാസം ഒന്നരക്കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് മാനേജ്മെന്റ് കണക്ക്.വിധിപകര്‍പ്പ് ലഭിച്ച ശേഷം നിയമ നടപടിയിലേക്ക് കടക്കാനാണ് ആലോചന. വടക്കഞ്ചേരി ബസപകടക്കേസ് പരിഗണിക്കവെയാണ് സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ - പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്ന് കോടതി നിരീക്ഷിച്ചത്. അപകടത്തിന് പിന്നാലെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.
കെഎസ്‌ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്. പരസ്യം നീക്കണമെന്ന നിര്‍ദേശം നടപ്പിലായാല്‍ സാമ്ബത്തിക പ്രതിസന്ധികളില്‍ നട്ടം തിരിയുന്ന കെഎസ്‌ആര്‍ടിസി ക്ക് ഇരുട്ടടിയാകും. ടിക്കറ്റിതര വരുമാനത്തിന്റെ നല്ലൊരു ഭാഗം ലഭിക്കുന്നത് ബസ്സുകളില്‍ പതിക്കുന്ന പരസ്യത്തില്‍ നിന്നാണ്. ഇതിന് വേണ്ടി എസ്റ്റേറ്റ് എന്ന പേരില്‍ ഒരു വിഭാഗം തന്നെ കോര്‍പറേഷനിലുണ്ട്. ഒരു ബസിന് 10,500 രൂപ എന്ന നിരക്കിലാണ് പരസ്യത്തിനായി പണം ഈടാക്കുന്നത്. അങ്ങനെ മാസം ഒന്നരക്കോടി രൂപ വരെ ലഭിക്കുന്നുണ്ട്.
പുതിയ സാഹചര്യത്തില്‍ പരസ്യങ്ങള്‍ പിന്‍വലിച്ചാല്‍ പരസ്യ ഇനത്തില്‍ മുന്‍കൂറായി വാങ്ങിയ പണവും തിരിച്ചു കൊടുക്കേണ്ടിവരും. അങ്ങനെ ഏജന്‍സികള്‍ വഴിയും അല്ലാതെയും ആറു മാസം വരെയുള്ള മുന്‍കൂര്‍ കൈപ്പറ്റിയിട്ടുണ്ട്. ഇങ്ങനെ വാങ്ങി ചെലവഴിച്ചു കഴിഞ്ഞ തുക തിരിച്ചു നല്‍കുന്നതും കെഎസ്‌ആര്‍ടിസിക്ക് ബാധ്യതയാകും. കളര്‍ കോഡില്‍ സാവകാശം വേണമെന്ന ടൂറിസ്റ്റ് ബസുടമകളുടെ ആവശ്യവും കോടതി തള്ളിയിരുന്നു.
