ഫോബ്സ് പ്രോമിസിംഗ് സ്റ്റാര്‍ട്ടപ്പ് പട്ടിക- ആദ്യ നൂറിൽ ഇടംപിടിച്ച് മലയാളി സ്റ്റാര്‍ട്ടപ്പായ ആക്രി ആപ്പ്.

കൊച്ചി: പ്രശസ്ത ആഗോള പ്രസിദ്ധീകരണമായ ഫോബ്സ് മാസികയുടെ പ്രോമിസിംഗ് സ്റ്റാര്‍ട്ടപ്പ് പട്ടികയില്‍ ആദ്യ 100 ല്‍ ഇടം നേടി മലയാളി സ്റ്റാര്‍ട്ടപ്പായ ആക്രി ആപ്പ്. സുസ്ഥിര മാലിന്യ നിര്‍മ്മാര്‍ജ്ജനമാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ യൂണീക് ഐഡി സ്റ്റാര്‍ട്ടപ്പായ ആക്രി ആപ്പ് നടപ്പാക്കുന്നത്.

ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്‍റെ ലീപ്പ് ടു യൂണികോണ്‍ പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആക്രി ആപ്പ് വഴി ഇതു വരെ പതിനായിരം ടണ്‍ മാലിന്യം കൈകാര്യം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് കേരളത്തില്‍ ആക്രി ആപ്പിന്‍റെ സേവനമുളളത്. 87 നഗരസഭകളിലേക്കും രണ്ട് കോര്‍പറേഷനുകളിലേക്കും കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് സ്റ്റാര്‍ട്ടപ്പ് സ്ഥാപകന്‍ സി ചന്ദ്രശേഖര്‍ പറഞ്ഞു.

കേരളത്തിലെ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിനുള്ള സംവിധാനം ഇന്ന് കൊച്ചിയില്‍ മാത്രമേയുള്ളൂ. ഇതിനു പരിഹാരമായി കേരളത്തില്‍ പറ്റിയ സ്ഥലത്ത് രണ്ട് ആധുനിക മെഡിക്കല്‍ മാലിന്യ സംസ്ക്കരണ കേന്ദ്രങ്ങള്‍ ആക്രി ആപ്പ് ആരംഭിക്കുമെന്ന് ചന്ദ്രശേഖര്‍ പറഞ്ഞു. പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള എല്ലാ സഹായങ്ങളും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്.

ശാസ്ത്രീയമായ മാലിന്യനിര്‍മ്മാജ്ജനം കാലങ്ങളായി വിസ്മരിക്കപ്പെട്ടു കിടന്ന മേഖലയാണെന്ന് അദ്ദേഹം പറഞ്ഞു. പാര്‍പ്പിടങ്ങള്‍, ബിസിനസ് സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവരെയൊക്കെ അംഗീകൃത മാലിന്യ നിര്‍മ്മാര്‍ജ്ജകരുമായി ബന്ധപ്പെടുത്തുകയാണ് ആക്രി ആപ്പിലൂടെ ചെയ്യുന്നത്. ഇ-മാലിന്യങ്ങള്‍, കടലാസ്,പ്ലാസ്റ്റിക്, ജൈവമാലിന്യങ്ങള്‍ എന്നിവയെല്ലാം ഇവര്‍ കൈകാര്യം ചെയ്യും. പലപ്പോഴും മറ്റുള്ളവര്‍ കൈകാര്യം ചെയ്യാന്‍ മടിക്കുന്ന ഡയപ്പര്‍ മാലിന്യവും ഇവര്‍ സ്വീകരിക്കുന്നതാണ്. ആപ്പ് വഴി മാലിന്യം ശേഖരിക്കേണ്ട സമയം, അത് എവിടെ പോകുന്നു തുടങ്ങിയ കാര്യങ്ങള്‍ അറിയാനാകും. പാരീസ് ഉടമ്പടിയുടെ പശ്ചാത്തലത്തില്‍ 2030 ആകുമ്പോഴേക്കും നെറ്റ് സീറോ മാനദണ്ഡം നേടിയെടുക്കാനുള്ള പരിശ്രമങ്ങള്‍ക്ക് ഇത് സഹായകരമാകുമെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.

സ്വച്ഛ് ഭാരത് പദ്ധതിയുമായി ചേര്‍ന്നാണ് ആക്രി ആപ്പ് പ്രവര്‍ത്തിക്കുന്നത്. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനപ്പുറം ഈ മേഖലയില്‍ ജോലിയെടുക്കുന്നവരുടെ ക്ഷേമവും ആക്രി ആപ്പ് ലക്ഷ്യം വയ്ക്കുന്നു. താഴെത്തട്ടിലേക്ക് നൂതനസാങ്കേതികവിദ്യ എത്തിക്കുന്നതിലൂടെ സമഗ്രമായ മാറ്റത്തിനാണ് ആക്രി ആപ്പ് തുടക്കമിടുന്നത്.

കെ. 2023 മികച്ച് സ്റ്റാര്‍ട്ടപ്പ് പുരസ്ക്കാരം, യുവ പ്രതിഭ വിവേകാനന്ദ പുരസ്ക്കാരം 2023, ലുലു സസ്റ്റെയിനബിലിറ്റി ഡൈജെക്സ് പുരസ്ക്കാരം, കൈരളി ഇനോടെക് പുരസ്ക്കാരം, കേരള സോഷ്യല്‍ ഇംപാക്ടര്‍ പുരസ്ക്കാരം 2024 എന്നിവയും ആക്രി ആപ്പിനെ തേടിയെത്തിയിട്ടുണ്ട്. ഇതിനു പുറമെ അമേരിക്കന്‍ എംബസിയുടെ നെക്സസ് പരിപാടിയിലും ആക്രി ആപ്പ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  ഇന്ത്യയില്‍ നിന്ന് ഈ പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പത്ത് സ്റ്റാര്‍ട്ടപ്പുകളിലൊന്നാണിവര്‍.

Author
Citizen Journalist

Goutham prakash

No description...

You May Also Like