ഭിന്നശേഷി തൊഴിലന്വേഷകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി 'സവിശേഷ' ജോബ് ഫെയർ.
- Posted on January 21, 2026
- News
- By Goutham prakash
- 48 Views
254 പേർക്ക് മികച്ച കമ്പനികളിൽ ജോലി ലഭിച്ചു
തൊഴിൽ മേളയിൽ പങ്കെടുത്തത് 840 പേർ
സാമൂഹ്യ നീതി വകുപ്പും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി സംഘടിപ്പിച്ച സവിശേഷ ജോബ് ഫെസ്റ്റ്
ഭിന്നശേഷി വിഭാഗത്തിൽപെട്ട തൊഴിലന്വേഷകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 36 പ്രമുഖ കമ്പനികൾ പങ്കെടുത്ത തൊഴിൽ മേളയിൽ 254 പേർ തിരഞ്ഞെടുക്കപ്പെട്ടു. 840 പേരാണ് തൊഴിൽ മേളയിൽ പങ്കെടുത്തത്.
വഴുതക്കാട് ഗവൺമെൻറ് വനിതാ കോളേജിൽ നടന്ന ജോബ് ഫെസ്റ്റ് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസവും സാമൂഹ്യനീതിയും വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു അധ്യക്ഷത വഹിച്ചു. ഭിന്നശേഷി വിഭാഗത്തിൻ്റെ ശാക്തീകരണം ലക്ഷ്യമിട്ട് സാമൂഹ്യ നീതി വകുപ്പ് നടത്തുന്ന ഭിന്നശേഷി പ്രതിഭകളുടെ സർഗോത്സവം - സവിശേഷയുടെ ഭാഗമായാണ് തൊഴിൽമേള സംഘടിപ്പിച്ചത്.
തൊഴിൽ മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി പ്രധാന വേദിയിൽ പ്രത്യേക ഓറിയൻ്റേഷൻ സംഘടിപ്പിച്ചു. അഭിരുചിക്കും കഴിവിനും ഇണങ്ങുന്ന തൊഴിൽ തിരഞ്ഞെടുക്കേണ്ടതിൻ്റെ ആവശ്യകത, ആത്മവിശ്വാസത്തോടെ എങ്ങനെ ജോബ് ഇന്റവ്യൂ അഭിമുഖീകരിക്കാം എന്നീ വിഷയങ്ങളിലായിരുന്നു ഓറിയൻ്റേഷൻ.
സാമൂഹ്യ നീതി വകുപ്പിൻ്റെ വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളാണ് തൊഴിൽ മേളയിൽ പങ്കെടുത്തത്. രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർത്ഥികൾക്കായി സ്പോട്ട് രജിസ്ട്രേഷൻ സംവിധാനവും ഒരുക്കിയിരുന്നു.
പരിപാടിയിൽ നോളെജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല, സാമൂഹ്യ നീതിവകുപ്പ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ്, ഭിന്നശേഷി കമ്മീഷണർ ഡോ. പി. ടി ബാബുരാജ്, ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ. ജയ ഡാളി എം വി, ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ മാനേജിങ്ങ് ഡയറക്ടർ മൊയ്തീൻ കുട്ടി .കെ, വഴുതക്കാട് ഗവ. വനിതാ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ഉമ ജ്യോതി, വിജ്ഞാനകേരളം ഡി എം സി പി. വി. ജിൻരാജ്, നാഷണൽ കരിയർ ഡെവലപ്മെൻറ് സെൻറർ അസിസ്റ്റൻറ് ഡയറക്ടർ ഡോക്ടർ സജി ജോർജ്, ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ ശ്രീ ഗിരീഷ് കീർത്തി എന്നിവർ പങ്കെടുത്തു.
