കേരളം വയോജന സൗഹൃദമായി മാറണം : മുരളി തുമ്മാരുകുടി.
- Posted on January 11, 2023
- News
- By Goutham Krishna
- 231 Views

തിരുവനന്തപുരം : പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം മലയാളിയുടെ ഏറ്റവും വലിയ സ്വപ്നമായ കാലഘട്ടമാണിത്. ഇക്കാലത്ത് കൂടുതൽ വയോജന സൗഹൃദമാകുക എന്നത് കേരളത്തിന്റെ ഭാവിയിലേക്കുള്ള മികച്ച തെരെഞ്ഞെടുപ്പായിരിക്കുമെന്ന് മുരളി തുമ്മാരുകുടി അഭിപ്രായപ്പെട്ടു. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിഷൻ ടോക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനസംഖ്യ വളർച്ചാ നിരക്ക് കുറയുകയും പാശ്ചാത്യനാടുകളിലേക്കുള്ള കുടിയേറ്റം വർദ്ധിക്കുകയും ചെയ്യുന്നു. ഗൾഫ് നാടുകളിലേക്ക് ഉണ്ടായ കുടിയേറ്റത്തിൽ നിന്ന് വിഭിന്നമായി പശ്ചാത്യ നാടുകളിലേക്ക് നടക്കുന്നത് സ്ഥിരം കുടിയേറ്റമാണ്. ഇത് ഭാവിയിൽ നാടിന്റെ ജി. ഡി. പി യെ തന്നെ ബാധിക്കും. ഇത്തരം കുടിയേറ്റങ്ങളിൽ അധികവും വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടാണ് സംഭവിക്കുന്നത്. എന്നാൽ ഇത്തരത്തിലുണ്ടാകുന്ന കുടിയേറ്റങ്ങളുടെ പ്രധാന കാരണം ആ നാടുകളിലെ സാമൂഹിക സുരക്ഷിതത്വത്തിലേക്ക് എത്താനുള്ള താൽപര്യമാണ്. അതിനാൽ നമ്മുടെ നാട്ടിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റം വരുത്തിയത് കൊണ്ട് മാത്രം ഇത്തരം കുടിയേറ്റങ്ങളെ തടയാനാകില്ല.
ജനസംഖ്യാപരമായ മാറ്റങ്ങളെ നേരിടാൻ കേരളം തയ്യാറെടുക്കേണ്ടതുണ്ട്. നിലവിൽ പതിനായിരത്തിലധികം സ്‌കൂളുകൾ കേരളത്തിലുണ്ട്. ജനസംഖ്യാ വളർച്ചാ നിരക്ക് കുറവായതിനാൽ ഭാവിയിൽ ഇത്രയും സ്‌കൂളുകൾ പ്രവർത്തിക്കാനുള്ള സാഹചര്യമുണ്ടോ എന്ന് ആലോചിക്കണമെന്നും കാലാവസ്ഥാ വ്യതിയാനം പോലുള്ള പ്രതിഭാസങ്ങളെ എങ്ങനെ നേരിടാം എന്നത് ചിന്തിക്കണമെന്നും മുരളി തുമ്മാരുകുടി പറഞ്ഞു.
പ്രത്യേക ലേഖകൻ