റേഷന്‍ മേഖലയിലെ പരിഷ്കരണം സമഗ്രമായ ചര്‍ച്ചകള്‍ക്കു ശേഷം – മന്ത്രി ജി. ആര്‍. അനില്‍.

2013 ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കിയതിന് ശേഷമുള്ള റേഷന്‍ വ്യാപാരികളുടെ സാമ്പത്തികവും നിയമപരവും ഭരണപരവുമായ പ്രശ്നങ്ങള്‍ പഠനവിധേയമാക്കണമെന്ന് വിവിധ യോഗങ്ങളില്‍ റേഷന്‍ വ്യാപാരി സംഘടന നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത മേഖലയില്‍ നിലനില്‍ക്കുന്ന പ്രയാസങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനായി റേഷനിംഗ് കണ്‍ട്രോളര്‍ കണ്‍വീനറായും വകുപ്പിലെ വിജിലന്‍സ് ഓഫീസര്‍, ലോ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളായും  ഒരു സമിതി രൂപീകരിച്ചിരുന്നു. റേഷന്‍ വ്യാപാര മേഖല കാലോചിതമായി പരിഷ്കരിക്കുന്നതിനുള്ള വിവിധ നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ അടങ്ങിയിട്ടുണ്ട്. പ്രസ്തുത റിപ്പോര്‍ട്ടിന്‍മേല്‍ ആധികാരികമായ ചര്‍ച്ചകളൊന്നും തന്നെ ഇതുവരെ നടന്നിട്ടില്ലെന്നും ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. സംസ്ഥാനത്തെ പൊതുവിതരണ രംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന റേഷന്‍ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവരുമായി സമഗ്രമായ ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമെ ഈ മേഖലയില്‍ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുകയുള്ളു. അത്തരമൊരു ചര്‍ച്ച നടക്കാത്ത സാഹചര്യത്തില്‍, ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഈ മേഖലയില്‍ ആശങ്ക സൃഷ്ടിക്കുവാന്‍ മാത്രമെ ഉപകരിക്കുകയുള്ളുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. നിലവിലെ നിയമസഭാ സമ്മേളനത്തിന് ശേഷം ഈ മേഖലയിലെ സംഘടനകളുമായി  പ്രസ്തുത റിപ്പോര്‍ട്ടിന്‍മേല്‍ വിശദമായ ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.

Author
Citizen Journalist

Goutham Krishna

No description...

You May Also Like