ബിനാലെയിൽ മഹാമാരിയുടെ പഞ്ചാംഗവുമായി വാസുദേവൻ അക്കിത്തം

  • Posted on December 29, 2022
  • News
  • By Fazna
  • 119 Views

കൊച്ചി: കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട് ലോകം അടഞ്ഞുകിടക്കേണ്ടി വന്ന 2020 മുതൽ ഒരുവർഷം തുടർച്ചയായി ദിവസേന ഒന്നെന്ന നിലയ്ക്ക് അന്താരാഷ്ട്ര പ്രശസ്‌തനായ മലയാളി ചിത്രകാരൻ വാസുദേവൻ അക്കിത്തം വരഞ്ഞ 365 സൃഷ്ടികൾ ബിനാലെയിൽ മഹാമാരിയുടെ ആഖ്യാനമായ പഞ്ചാംഗമായി കലാസ്നേഹികൾക്ക് കാഴ്‌ചയൊരുക്കുന്നു. കലാചിന്തകൾ വീടിന്റെ നാലു ചുമരുകൾക്കുള്ളിലേക്ക് ഒതുക്കി നിർത്തേണ്ടിവന്ന വേളയിലെ ചിത്രകാരന്റെ പ്രതികരണങ്ങളാണ് 'ആൻ അൽമാനാക് ഓഫ് എ ലോസ്റ്റ് ഇയർ'  പരമ്പരയിലെ ആവിഷ്‌കാരങ്ങളോരോന്നും. ഇവയെല്ലാം ചേർന്ന് പൊതുവായ സന്ദേശം ഉൾക്കൊള്ളുന്ന പ്രതിഷ്ഠാപന(ഇൻസ്റ്റലേഷൻ)മായും മാറുന്നു.

"വീട്ടിലെ ഊണുമേശപ്പുറത്ത് വച്ച്  ചിത്രമെഴുതുമ്പോൾ സാമഗ്രികളും പരിമിതമായിരുന്നു. അതുകൊണ്ട് ചെറിയ ചെറിയ കടലാസുകളിൽ വാട്ടർകളർ കൊണ്ട് പെയിന്റിംഗ് നടത്തി. പുറംലോകവുമായി ബന്ധം നഷ്ടപ്പെട്ടതിന്റെ വ്യത്യസ്‌ത ഭാവതല അനുഭവങ്ങളാണ് അങ്ങനെ ചിത്രങ്ങളായത്. ചിലതിൽ ദുഃഖം, മറ്റുചിലതിൽ ഭ്രമാത്മകത, വേറെ ചിലതിൽ പ്രത്യാശ ..... അങ്ങനെ അങ്ങനെ" - വാസുദേവൻ അക്കിത്തം വിശദീകരിച്ചു.

ചിത്രകലാധ്യാപകൻ കൂടിയായ ഈ 64കാരൻ ബറോഡയിലാണ് താമസം. കോവിഡ് ലോക്ക്ഡൗണിന്റെ ഏതാണ്ടതേ കാലത്താണ്  വാസുദേവന്റെ അച്ഛൻ മഹാകവി അക്കിത്തം മരണമടയുന്നത്. നാട്ടിലെത്താൻ വളരെ ബുദ്ധിമുട്ടായിരുന്നു. എങ്ങനെയോ ഒക്കെ ഒരു കണക്കിന് അച്ഛന്റെ അന്ത്യകർമ്മങ്ങൾക്ക് എത്തിപ്പെട്ടു. അന്ന് ഇത് പ്രമേയമാക്കി ചെറിയൊരു ചിത്രം വരച്ചതും ഫോർട്ടുകൊച്ചി ആസ്‌പിൻവാൾ ഹൗസിലെ പ്രദർശനചിത്രങ്ങളിൽ ഉൾപ്പെടുന്നു.

ഒരു പ്രത്യേക സംഭവം ഉന്നയിക്കാനല്ല 365 ചിത്രങ്ങളിൽ ശ്രമിച്ചതെന്ന് വാസുദേവൻ അക്കിത്തം പറഞ്ഞു. തനിക്ക് ചുറ്റുമുള്ള ലോകത്ത് സംഭവിച്ച കാര്യങ്ങൾ തമ്മിൽ പല തലങ്ങളിലും ബന്ധമുണ്ട്. അവയിൽ ഭാവനകളും വിചാരങ്ങളും പല രാഷ്ട്രീയ വിഷയങ്ങളും ഉൾപ്പെടെ കടന്നുവരുന്നു. തന്റെ വ്യക്തിപരമായ പ്രസ്താവനയാണ് ഈ ചിത്രങ്ങൾ. യുക്തിയിലും ബുദ്ധിയിലും വൈകാരികതയിലുമുള്ള തന്റെ പ്രസ്‌താവന - വാസുദേവൻ അക്കിത്തം പറഞ്ഞു.

'ആൻ അൽമാനാക് ഓഫ് എ ലോസ്റ്റ് ഇയർ' കൂടാതെ  'ഡിസ്റ്റൻസ്' എന്ന മൂന്നു മൂന്ന് ഓയിൽ പെയിന്റിംഗുകളുടെ ആവിഷ്‌കാരവും വാസുദേവൻ അക്കിത്തത്തിന്റേതായി പ്രദർശനത്തിലുണ്ട്. പുറപ്പെടൽ, യാത്ര, തിരിച്ചുവരവ് എന്നിവ ആത്മാംശത്തോടെ അവതരിപ്പിച്ചിരിക്കുന്നു ഇവയിൽ. ബാല്യത്തിൽ രൂപപ്പെടുന്ന മനസിന്റെ ക്രമം പലവിധത്തിലായി മരണം വരെ എങ്ങനെ തുടരുന്നു എന്നതും  വേരുകളിൽ നിന്നു വിട്ടുമാറി മറ്റിടങ്ങളിലേക്ക്  നിലനിൽപ്പിനായി കുടിയേറുന്നതും 'ഡിസ്റ്റൻസ്' ചർച്ച ചെയ്യുന്നു.




Author
Citizen Journalist

Fazna

No description...

You May Also Like