മദ്യവിൽപ്പനയിൽ ഇനി പ്രതികരിക്കേണ്ട.. ബെവ്കോ എംഡിക്ക് സർക്കാർ നിർദ്ദേശം..
- Posted on August 13, 2025
- News
- By Goutham prakash
- 53 Views

സി.ഡി. സുനീഷ്
ഓണ്‍ലൈൻ മദ്യവിൽപ്പനയിൽ ഇനി പ്രതികരിക്കേണ്ടെന്ന് ബെവ്ക്കോ എംഡിക്ക് സർക്കാർ നിർദ്ദേശം. ബെവ്ക്കോയുടെ ശുപാർശയിൽ തല്‍ക്കാലം ചർച്ച പോലും വേണ്ടെന്ന് സര്‍ക്കാരും തീരുമാനിച്ചു. അതേ സമയം ഓണ്‍ലൈൻ മദ്യവിൽപന നീക്കത്തിൽ സര്‍ക്കാരിനെ ഓര്‍ത്തഡോക്സ് സഭ വിമര്‍ശിച്ചു.
വരുമാന വർദ്ധനക്കായുള്ള ബെവ്കോയുടെ ശുപാർശകളോട് സർക്കാരിന് എതിർപ്പില്ല. പക്ഷെ ഇപ്പോള്‍ നടപ്പാക്കി കൈപൊള്ളാനില്ലെന്നാണ് നിലപാട്. ശുപാർശ പുറത്ത് വന്നപ്പോള്‍ തന്നെ എക്സൈസ് മന്ത്രി ഇത് ഇടത് സർക്കാർ നയമല്ലെന്ന് പറഞ്ഞ് തലയൂരി. അതിന് ശേഷവും ശുപാർശയെ കുറിച്ച് ബെവ്കോ എംഡി വിശദീകരിച്ചതിനാലാണ് സർക്കാരിന് അതൃപ്തി. വീടുകള്‍ മദ്യശാലകളായി മാറുമെന്നും, പ്രായപൂർത്തിയാകാത്തവർ ഓണ്‍ ലൈൻ വഴി മദ്യം വാങ്ങുമെന്ന ആക്ഷേപങ്ങളെ ബെവ്കോ എംഡി ഹർഷിത അത്തല്ലൂരി തള്ളി. ഇതോടെ വീണ്ടും എക്സൈസ് മന്ത്രിക്ക് സർക്കാർ ഓണ്‍ലൈൻ കച്ചവടത്തിനില്ലെന്ന് വിശദീകരിക്കേണ്ടിവന്നു.
ഇനി ഓണ്‍ലൈൻ മദ്യവിൽപനയെക്കുറിച്ച് മിണ്ടേണ്ടെന്നാണ് ബെവ്കോ എംഡിക്ക് സര്‍ക്കാര്‍ നിർദ്ദേശം. തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ വിവാദം നീട്ടിക്കൊണ്ടുപോകേണ്ടെന്നാണ് തീരുമാനം. ബാറുടമകളും ഓണ്‍ലൈൻ വിൽപനയെ എതിര്‍ക്കാനുള്ള സാധ്യത സര്‍ക്കാര്‍ മുന്നിൽ കാണുന്നു. ശുപാര്‍ശ എക്സൈസ് വകുപ്പ് തള്ളിയതോടെ വീര്യം കുറഞ്ഞ മദ്യത്തിൻെറ നികുതി ധനവകുപ്പ് നിശ്ചയിക്കുന്നതിൽ മാത്രമാണ് ഇനി ബെവ്കോയുടെ പ്രതീക്ഷ.