കടുവ ചത്ത സംഭവം ആത്മഹത്യ സംബന്ധിച്ച ആരോപണങ്ങള്‍ അന്വേഷിക്കും- വനം മന്ത്രി

തിരുവനന്തപുരം: വയനാട് അമ്പലവയല്‍ അമ്പൂത്തി ഭാഗത്ത് കഴിഞ്ഞ ഒന്നാം തീയതി കെണിയില്‍പെട്ട് ചത്ത കടുവയെ സംബന്ധിച്ച് വനം വകുപ്പിന് ആദ്യമായി വിവരം നല്‍കി സഹായിച്ച ഹരി എന്ന ഹരികുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അനുശോചനം രേഖപ്പെടുത്തി.
കടുവ ചത്ത സംഭവത്തില്‍ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി മരണപ്പെട്ട ശ്രീ. ഹരികുമാറില്‍ നിന്നും വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. ശ്രീ. ഹരികുമാര്‍ കേസില്‍ പ്രതിയല്ല. വനം വകുപ്പിന് വിവരം നല്‍കിയ ഒരു പൗരന്‍ മാത്രമാണ്. ഹരികുമാര്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ചില ഭാഗത്തു നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഈ ആരോപണം സംബന്ധിച്ച് വനം വിജിലന്‍സ് വിഭാഗം അന്വേഷിക്കുന്നുതാണ്. വിജിലന്‍സ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ശ്രീ. നരേന്ദ്രബാബു ഐ.എഫ്.എസ് അന്വേഷണം നടത്തുന്നതാണ്. വനം വകുപ്പിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നും വീഴ്ച്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഹരികുമാര്‍ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം പോലീസ് അന്വേഷിക്കുന്നതാണ്.
സ്വന്തം ലേഖകൻ