പുതിയ ക്രിമിനൽ നിയമങ്ങൾ എല്ലാവർക്കും നീതി ഉറപ്പാക്കാനാണെന്ന് കേന്ദ്ര മന്ത്രി അർജുൻ റാം മേഘ്‌വാൾ
- Posted on August 20, 2024
- News
- By Varsha Giri
- 204 Views
ബ്രിട്ടീഷുകാരുടെ കാലത്തുള്ള ക്രിമിനൽ നിയമങ്ങൾ ശിക്ഷ നൽകാൻ മാത്രം ഉദ്ദേശിച്ചുള്ളതാണെന്നും സമയബന്ധിതമായ നീതി നിർവഹണം ലക്ഷ്യമാക്കിയാണ് പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കുന്നതെന്നും കേന്ദ്ര നിയമ-നീതി, പാർലമെൻ്ററി കാര്യ സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ പറഞ്ഞു . കേരള ഹൈക്കോടതിയിൽ നടന്ന കേന്ദ്രസർക്കാർ അഭിഭാഷകരുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ, സാമൂഹിക സേവനം പോലെയുള്ള ശിക്ഷാരീതികൾ അത്തരം ലക്ഷ്യം വെച്ചിട്ടുള്ളതാണ് എന്നും അദ്ദേഹം പറഞ്ഞു .വേഗമേറിയതും ഫലപ്രദവുമായ നീതിന്യായ വ്യവസ്ഥ നല്ല ഭരണത്തിൻ്റെ അനിവാര്യ ഘടകമാണെന്നും പുതിയ ക്രിമിനൽ നിയമങ്ങൾ അത് ഉറപ്പാക്കുമെന്നും അർജുൻ റാം മേഘ്‌വാൾ പറഞ്ഞു,
കൂടിയാലോചനകൾ ഇല്ലാതെയാണ് പുതിയ നിയമനിർമ്മാണം നടത്തിയത് എന്ന വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം പുതിയ നിയമങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങൾ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള എംപിമാർ, എംഎൽഎമാർ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, വിവിധ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാർ, നിയമസർവകലാശാലകൾ, നിയമ വിദഗ്ധർ എന്നിവരോട് ആരാഞ്ഞിരുന്നു എന്നും അറിയിച്ചു . ഈ പ്രക്രിയകൾ 2019 മുതൽ നടന്നു എന്ന് അറിയിച്ച കേന്ദ്ര മന്ത്രി 18 സംസ്ഥാനങ്ങൾ 6 കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ ഉള്ളവരുടെ അഭിപ്രയങ്ങൾ രേഖമൂലം ലഭിച്ചതായും പറഞ്ഞു, അവയെല്ലാം പരിശോധിച്ചാണ് പുതിയ നിയമനിർമ്മാണം നടത്തിയത്. നിരവധി നിയമ കമ്മീഷനുകൾ നേരത്തെ തന്നെ ബ്രിട്ടീഷ് നിർമ്മിതമായ ക്രിമിനൽ നിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നും അദ്ദേഹം എടുത്തു പറഞ്ഞു.
ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെ ഓർമ്മപ്പെടുത്തൽ ആയിരുന്ന പഴയ നിയമങ്ങൾ പൊളിച്ചെഴുതുന്നതിന് പണ്ട് താൽപര്യം എടുത്തിരുന്നില്ല എന്നും പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള ഭരണപരിഷ്കരണങ്ങളാണ് ഇപ്പോൾ ഈ നിയമമാറ്റത്തിനുള്ള ആധാരം എന്നും അദ്ദേഹം സൂചിപ്പിച്ചു.
ചടങ്ങിൽ അഡീ. സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ അഡ്വ. എആർ.എൽ. സുന്ദരേശൻ അധ്യക്ഷ പ്രഭാഷണം നടത്തി. ജസ്റ്റിസുമാരായ എൻ. നഗരേഷ്, എസ്.മനു ,ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ അധ്യക്ഷൻ . യശ്വന്ത് ഷേണായി, ബാർ കൗൺസിൽ സെക്രട്ടറി അഡ്വ. കെ.ആർ.രാജ്കുമാർ ,സീനിയർ സെൻട്രൽ ഗവൺമെൻറ് അഭിഭാഷകൻ ടി. സി. കൃഷ്ണ ,കേന്ദ്രസർക്കാർ സീനിയർ അഭിഭാഷകനായ അഡ്വ. കൃഷ്ണദാസ് പി. നായർ എന്നിവരും സംസാരിച്ചു
പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് ഹൈക്കോടതി ജഡ്ജി ഡോ. കൗസർ ഇടപ്പകത്ത് പ്രബന്ധം അവതരിപ്പിച്ചു. പഴയ ക്രിമിനൽ നിയമവും ചട്ടവും പുതിയ നിയമവും തമ്മിലുള്ള വ്യത്യാസങ്ങളെ എടുത്തു കാണിച്ചായിരുന്നു പ്രബന്ധം. കേന്ദ്ര സർക്കാർ സീനിയർ അഭിഭാഷകരായ അഡ്വ. ബിജു, അഡ്വ. സി.ദിനേശ് എന്നിവരും സെഷനിൽ പങ്കെടുത്ത് സംസാരിച്ചു.
ഇന്ന് കേരള ഹൈകോടതിയിൽ നടന്ന മറ്റൊരു ചടങ്ങിൽ കേന്ദ്ര മന്ത്രി അർജുൻ റാം മേഘവാൾ ഹൈക്കോടതിയിലെ ആർബിട്രേഷൻ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയും ചെയ്തു

