ഇസ്രയേലിന്റെ ആണവകേന്ദ്രം ലക്ഷ്യമാക്കി ഇറാന്റെ മിസൈലാക്രമണം; തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ പരാജയപ്പെട്ടെന്ന് ഇസ്രയേൽ.
- Posted on March 22, 2026
- News
- By Goutham prakash
- 21 Views
ടെഹ്റാൻ : ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. ഇസ്രയേലിലെ ഡിമോണ നഗരത്തിൽ മിസൈൽ ആക്രമണം റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച വൈകുന്നേരം നടന്ന ആക്രമണം രാജ്യത്തിന്റെ പ്രധാന ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ഉണ്ടായത്.ഇറാൻ നടത്തിയ ആക്രമണത്തിൽ ഏകദേശം 40 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ കുട്ടികളും ഉൾപ്പെടുന്നു. ഷെൽ ചീളുകൾ മൂലമുള്ള പരിക്കുകൾക്ക് പുറമെ, രക്ഷപ്പെടുന്നതിനിടെ ഉണ്ടായ അപകടങ്ങളും ഭീതിജനക സാഹചര്യങ്ങളും ആളുകളെ ബാധിച്ചു.
മിസൈൽ ആക്രമണത്തിൽ ഡിമോണയിലെ ആണവ കേന്ദ്രത്തിന് യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും വികിരണ ചോർച്ചയില്ലെന്നും അന്തരാഷ്ട്ര ആണവോർജ്ജജ ഏജൻസി വ്യക്തമാക്കി. പ്രദേശത്ത് സാധാരണ നിലയിൽ തന്നെ റേഡിയേഷൻ നിലകൾ തുടരുന്നതായും ഏജൻസി അറിയിച്ചു.
ഇറാൻ്റെ മിസൈലുകളെ തടയാൻ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചില്ലെന്ന് ഇസ്രായേൽ സൈന്യം സമ്മതിച്ചു. ലക്ഷ്യസ്ഥാനങ്ങളിൽ മിസൈലുകൾ നേരിട്ട് പതിച്ചു. പരിക്കേറ്റ പലരുടെയും നില ഗുരുതരമെന്നാണ് വിവരം. 'ടു-സ്റ്റേജ് ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ' ആണ് ഇറാൻ പ്രയോഗിച്ചതെന്ന് ഇസ്രായേൽ സൈനിക മേധാവി ജനറൽ ഇയാൽ സാമിർ പറഞ്ഞു. ഇറാന്റെ മിസൈൽ ശേഷി അത്യാധുനികമാണെന്ന് ഈ ആക്രമണത്തിലൂടെ വ്യക്തമായി.
വരും ദിവസങ്ങളിൽ ആക്രമണം ശക്തമാക്കുമെന്നും യുദ്ധം ഉടനെങ്ങും അവസാനിക്കില്ലെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് വ്യക്തമാക്കി. ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആക്രമണങ്ങൾക്ക് മറുപടിയായാണ് വെല്ലുവിളി. പശ്ചിമേഷ്യയിൽ യുദ്ധം കൂടുതൽ രൂക്ഷമാകുന്നത് ആഗോള തലത്തിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അതേസമയം അമേരിക്ക യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമം തുടങ്ങിയതായും വൈറ്റ് ഹൗസിലെ ഉന്നതരെ ഉദ്ധരിച്ച് വാർത്തകൾ പുറത്തുവരുന്നുണ്ട്. തനിക്ക് സമാധാനം വേണമെന്ന് ട്രംപ് പറഞ്ഞതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
